ആഫ്രിക്കൻ പന്നിപ്പനി പടരുന്നു; കണ്ണൂർ ജില്ലയിലെ രണ്ട് ഫാമുകളിലായി 273 പന്നികളെ നശിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലെ ചെങ്ങോം മേഖലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ ഉന്മൂലനം ചെയ്യാന്‍ നിർദേശം. രോഗം പടരാതിരിക്കാൻ എപിസെന്റർ ഫാമിലും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലും ആകെ 273 പന്നികളെ നശിപ്പിക്കാനും കുഴിച്ചുമൂടാനും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. ഇതിനുള്ള നടപടികൾ ചൊവ്വാഴ്ച രാവിലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കും.

തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്.ജെ. ലേഖ ചെയര്‍പേഴ്സനായും ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഒ.എം. അജിത നോഡല്‍ ഓഫീസറായും റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് സംഘങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കും. എല്ലാ വകുപ്പുകളും ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ജില്ലാ കലക്റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി.

ആഗസ്റ്റ് ഒന്ന് മുതല്‍ 30 ദിവസത്തേക്ക് പന്നി, പന്നി മാംസം, പന്നി മാംസം കൊണ്ടുള്ള ഉത്പന്നങ്ങള്‍, പന്നി വളം എന്നിവ കേരളത്തിലേക്കോ കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സംസ്ഥാനത്തെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചതായും ഉത്തരവിലുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍പോലീസും ആര്‍ടിഒയും നിരീക്ഷണം ഏര്‍പ്പെടുത്തും.

കൂടാതെ, പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പന്നി ഫാമുകൾ നിരീക്ഷിക്കും. ഈ പ്രദേശങ്ങളിൽ നിന്ന് പന്നിയിറച്ചി വിതരണം ചെയ്യുന്നതും പന്നികളെ ജില്ലയുടെ മറ്റ് മേഖലകളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് മോണിറ്ററിംഗ് സോണിലേക്ക് കൊണ്ടുവരുന്നതും തടയണമെന്ന് കലക്ടർ ഉത്തരവിൽ നിർദേശിച്ചു.

Print Friendly, PDF & Email

Leave a Comment

More News