ഇന്ത്യന്‍ പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പേഴ്സ് (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍

അമിതാബ് ബച്ചന്‍ കോണ്‍ഗ്രസ്സിന്‍റെ എം.പി.യായിരുന്ന കാലം വി.പി. സിംഗ് കോണ്‍ഗ്രസ്സുമായി അകന്നിരുന്ന സമയവുമായിരുന്ന ആ കാലത്ത് അമിതാബ് ബച്ചനെ വി.പി. സിംഗ് കളിയാക്കി അഭിസംബോധന ചെയ്തത് പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ എന്നായിരുന്നു. 84 ലെ ലോകസഭയില്‍ കോട്ടയത്തു നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്സ് അംഗമായ സ്കറിയ തോമസിനെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയിലെ തന്നെ ഒരു സമുന്നത നേതാവ് അഭിസംബോധന ചെയ്തത് പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ എന്നായിരുന്നു. 87-ലെ കേരളാ കോണ്‍ഗ്രസ്സ് പിളര്‍പ്പിനു മുന്‍പുണ്ടായിരുന്ന സംഭവ വികാസങ്ങളെ തുടര്‍ന്നായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അത് ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി. ഈ പാര്‍ലമെന്‍റ് അംഗങ്ങളൊന്നും തന്നെ പാര്‍ലമെന്‍റില്‍ വാതുറന്നിരുന്നില്ലായെന്നതായിരുന്നു അതിനു കാരണം. അതുകൊണ്ടാണ് അന്ന് അവരെയൊക്കെ പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ എന്ന് കളിയാക്കി വിളിച്ചിരുന്നത്. പാര്‍ലമെന്‍റ് എന്ന വാക്കില്‍ ഏ എന്നക്ഷരം സൈലന്‍റായി ഉച്ചരിക്കുന്നതുകൊണ്ട് ദ്വയാര്‍ത്ഥത്തില്‍ പാര്‍ലമെന്‍റിലെ സൈലന്‍റ് മെമ്പര്‍ ഏതാണെന്നും കളിയാക്കി ചോദിച്ചിരുന്നു.

ഒരു നാളില്‍ പാര്‍ലമെന്‍റില്‍ ഒരു വാക്ക് പോലും സംസാരിക്കാതെ ഇരുന്ന അംഗങ്ങളെ സൈലന്‍റ് മെമ്പര്‍ എന്ന് വിളിച്ച് കളിയാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ മുതല്‍ ഒട്ടുമിക്ക അംഗങ്ങളെയും അങ്ങനെ വിളിക്കേണ്ടിവരും അതും പ്രതിപക്ഷാംഗങ്ങളെ. കാരണം അവര്‍ക്കിനിയും ഭരണനേതൃത്വത്തെ നോക്കി പാര്‍ലമെന്‍റില്‍ പറയാന്‍ പാടില്ലാത്ത അനേകം വാക്കുകള്‍ ഉണ്ടെന്നതാണ്. ഈ അടുത്ത സമയത്ത് പാര്‍ലമെന്‍റിലെ അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മുന്‍പുണ്ടായിരുന്ന വാക്കുകള്‍ക്കൊപ്പം ഏകദേശം അറുപതോളം വാക്കുകള്‍ കൂടി ചേര്‍ത്താണ് അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്.

അഹങ്കാരം, അരാജകവാദി, അപമാനം, അസത്യം, ലജ്ജിച്ചു, ദുരുപയോഗം, മന്ദബുദ്ധി, നിസ്സാഹായന്‍, ബധിര സര്‍ക്കാര്‍, ഒറ്റിക്കൊടുത്തു, രക്തച്ചൊരിച്ചില്‍, രക്തരൂഷിതം, ബോബ് കട്ട്, കോവിഡ് പരത്തുന്നയാള്‍, പാദസേവ, കളങ്കം, പാദസേവകന്‍, ചതിച്ചു, അടിമ, ബാലിശം, അഴിമതിക്കാരന്‍, ഭീരു, ക്രിമിനല്‍, മുതലക്കണ്ണീര്‍, കയ്യൂക്ക് രാഷ്ട്രീം, ദല്ലാള്‍ കലാപം കൊട്ടിഘോഷിക്കുക, സ്വേച്ഛാധിപത്യപരമായ ചാരവൃത്തി ഏകാധിപതി ജയ് ചന്ദ് ഇരട്ട മുഖം കഴുത നാടകം കണ്ണില്‍ പൊടിയിടുക, വിഡ്ഢിത്തം, അസംബന്ധം, രാജദ്രോഹി ഓന്തിനെപ്പോലെ സ്വഭാവം മാറുന്നയാള്‍, ഗുണ്ടകള്‍ ഗുണ്ടായിസം, കാപട്യം അങ്ങനെ ആ പട്ടിക നീളുന്നു.

ഇതില്‍ ഒട്ടുമിക്ക പദങ്ങളും ഭരണപക്ഷത്തിനെ വിമര്‍ശിക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ ഉപയോഗിക്കുന്നതാണെന്നതാണ് ഏറെ പ്രത്യേകത. ഭരണപക്ഷത്തിന്‍റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കുമ്പോഴും അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്ന വേളയില്‍ അവരുടെ സംസാരശൈലിയില്‍ വിമര്‍ശന പദങ്ങളില്‍ ഉള്‍പ്പെടുന്ന വാക്കുകളാണ്. വിമര്‍ശിച്ച് പ്രസംഗിക്കുമ്പോഴാണ് പലപ്പോഴും അതി ശക്തമായ വാക്കുകള്‍ ഉപയോഗിക്കുക. എതിരാളിയെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുമ്പോഴാണ് അയാള്‍ക്ക് അല്ലെങ്കില്‍ ആ സമൂഹത്തിന് അരോജകമായി തോന്നുന്നത്.

ആയിരം തൃശൂലങ്ങള്‍ക്ക് തുല്യമാണ് ഒരു വിമര്‍ശന പ്രസംഗം. അതിരൂക്ഷമായ വാക്കുകള്‍കൊണ്ട് എതിരാകളിലെ നിഷ്പ്രഭമാക്കുന്നതാണ് അതിശക്തമായ ഒരു വിമര്‍ശന പ്രസംഗമെന്നതാണ് സത്യം. നാലു ദിക്കില്‍ നിന്നും വരുന്ന അസ്ത്രത്തോളമുണ്ട് അതിന് ശക്തിയെന്നതാണ് സത്യം. ക്രിയാത്മക വിമര്‍ശനത്തില്‍ പോലും പലപ്പോഴും ഈ വാക്കുകളില്‍ പലതും കടന്നു കൂടും. അപ്പോള്‍ അതിശക്തമായ വിമര്‍ശനത്തില്‍ ഈ വാക്കുകളില്‍ ഒട്ടുമിക്കതും കടന്നുവരാം. അതിന് തടയിടുകയാണ് ഈ നിരോധനത്തിന്‍റെ ലക്ഷ്യം. ചുരുക്കത്തില്‍ ക്രിയാത്മകവും ശക്തമവുമായ വിമര്‍ശനങ്ങളൊന്നും പാര്‍ലമെന്‍റ് എന്ന ഇന്ത്യയുടെ നിയമ നിര്‍മ്മാണസഭയില്‍ പാടില്ലായെന്ന ഒരു അലിഖിത നിയമം വരുന്നുയെന്നതാണ് ഒരു സൂചന.

ഒരോ രാജ്യത്തും അവരുടെ നിയമ നിര്‍മ്മാണസഭയില്‍ ഓരോ ചട്ടങ്ങളും വ്യവസ്ഥിതികളുമാണ് അംഗങ്ങള്‍ക്കുള്ളത്. സ്വേച്ഛാധിപത്യ രാജ്യങ്ങളിലെ അംഗങ്ങള്‍ക്ക് സംസാരിക്കണമെങ്കില്‍ സംസാരിക്കുന്ന വാക്കുകള്‍പോലും എഴുതി മുന്‍കൂട്ടി അദ്ധ്യക്ഷന് നല്‍കിയിരിക്കണം. അല്ലാത്തപക്ഷം ആ അംഗത്തിന് സംസാരിക്കാന്‍ അനുവാദം ഉണ്ടായിരിക്കില്ല. ഉത്തര കൊറിയ പോലെയുള്ള അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടിട്ടുള്ള സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ അംഗങ്ങള്‍ സംസാരിക്കണമെങ്കില്‍ അത് പ്രസിഡന്‍റ് എഴുതി കൊടുക്കുന്നതു മാത്രമെ പാടുള്ളു. കമ്മ്യൂണിസ്റ്റ് ചൈന പോലും ഏകദേശം അതിനൊപ്പമാണ്. ഇവിടെയൊക്കെ സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള അവകാശമുണ്ട് ഒപ്പം എതിര്‍ഭാഗത്തിനും എന്നാല്‍ ആ വിമര്‍ശനത്തില്‍ നിയമ നിര്‍മ്മാണ സഭയില്‍ ഉപയോഗിക്കുന്നവയും ഉപയോഗിക്കാത്തതുമായ പദങ്ങള്‍ വാക്കുകള്‍ പ്രസിദ്ധപ്പെടുത്തി അംഗങ്ങള്‍ക്ക് നല്‍കാറുണ്ട്. സഭയുടെ അംഗങ്ങളുടെ നിലവാരമുയര്‍ത്തിക്കൊണ്ട് നിയമ നിര്‍മ്മാണ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനാണ് ഇപ്രകാരം ഒരു സംവിധാനം ഈ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജനാധിപത്യ സംവിധാനത്തില്‍ ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിനധീനരല്ല ഒപ്പം നിയമ നിര്‍മ്മാണ സഭാംഗങ്ങള്‍ക്ക് സഭയില്‍ തങ്ങളുടെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താനുള്ള അവകാശവുമുണ്ട്. അതില്‍ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടായിരിക്കണമെന്നു മാത്രം. ഇന്ത്യയുടെ നിയമനിര്‍മ്മാണ സഭയായ ഇന്ത്യന്‍ പാര്‍ലമെന്‍റ് അതിന്‍റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് എന്നും എക്കാലവും മഹാരഥډാരായ വ്യക്തികള്‍ അംഗങ്ങളായിരുന്നിട്ടുള്ള സഭയാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ്. അവര്‍ നടത്തിയിട്ടുള്ള പ്രസംഗങ്ങളില്‍ നിന്ന് അവരുടെ മൂല്യാധിഷ്ഠിതമായ വാക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ട്. ഒപ്പം പ്രക്ഷുബ്ദമായ സംഭവങ്ങളും ഇന്ത്യന്‍ പാര്‍ലമെന്‍റ് സാക്ഷ്യമേകിയിട്ടുണ്ട്.

എന്നാല്‍ അവരുടെ അതിശക്തമായ വിമര്‍ശന ശരങ്ങള്‍ പാര്‍ലമെന്‍റിനെ പ്രകമ്പനം കൊള്ളിക്കുക മാത്രമല്ല എതിരാളികളെ പ്രതിഷേധത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുമുണ്ട്. എന്നാല്‍ അന്നും ഇന്ന് അണ്‍പാര്‍ലമെന്‍ററിയായി മാറിയ വാക്കുകള്‍ ഉണ്ടായിരുന്നു. അന്ന് പാര്‍ലമെന്‍റിയായ വാക്കുകള്‍ അണ്‍പാര്‍ലമെന്‍ററിയായി ഭരണ പ്രതിപക്ഷക്കാര്‍ക്ക് തോന്നാതിരുന്നത് എന്തുകൊണ്ടായിരുന്നു. മറ്റൊരു ചോദ്യം ഇങ്ങനെയൊരു തോന്നല്‍ ഇപ്പോള്‍ ഉണ്ടാകാന്‍ പ്രേരിപ്പിച്ച ഘടകമെന്താണ്. ഇങ്ങനെയൊരു ചിന്താഗതിക്ക് കാരണമായ വിഷയം എന്നാണ്. അതിനൊരുത്തരം ഇല്ലായെന്നതാണ് ഉത്തരം പറയേണ്ടുന്നവരുടെ മൗനത്തിന് കാരണം.

പ്രതിപക്ഷ നിരയുടെ വിമര്‍ശനങ്ങള്‍ക്ക് തടയിടുകയെന്നതാണോ അതില്‍ കൂടി ഉദ്ദേശിക്കുന്നത്. ഇതില്‍ ഒട്ടുമിക്ക വാക്കുകളും ഭരണകൂടത്തെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കുന്നവയാണ്. ഉദാഹരണത്തിന് അഴിമതി, ധൂര്‍ത്ത് തുടങ്ങിയവ. അങ്ങനെയൊരു ഉദ്ദേശമുണ്ടോ. പ്രതിഷേധിക്കാനും പ്രതികരിക്കാനും അതിന്‍റെ അതിര്‍വരമ്പുകളില്‍ നിന്നുകൊണ്ട് ജനപ്രതിനിധി സഭയില്‍ അംഗങ്ങള്‍ക്കുണ്ട്. ഒപ്പം ഭരണനേതൃത്വം തെറ്റായ ദിശയിലേക്ക് പോകുമ്പോള്‍ അത് തിരുത്താനുള്ള അവകാശവുമുണ്ട്.

അമേരിക്കന്‍ പാര്‍ലമെന്‍റായ കോണ്‍ഗ്രസ്സില്‍ പോലും തങ്ങളുടെ പ്രതിഷേധം അംഗങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ട്രംബ് പ്രസിഡ്റായിരുന്നപ്പോള്‍ അദ്ദേഹം സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തിയപ്പോള്‍ അന്ന് സ്പീക്കര്‍ അതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ കോപ്പി പ്രസംഗത്തിനുശേഷം കീറിക്കളയുകയുണ്ടായി. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ തങ്ങളെ ആരും വിമര്‍ശിക്കരുതെന്ന ചിന്താഗതി ഭരണ നേതൃത്വത്തില്‍ ഉയരുന്നിടത്ത് അത് സംശയത്തിന്‍റെ തുടക്കത്തിലെത്തിച്ചേരുന്നു. അടിയന്തരാവസ്ഥയെന്ന ദുരവസ്ഥ ഉണ്ടാകുന്നതിനു മുന്‍പ് വിമര്‍ശനങ്ങളെ വായടപ്പിക്കുകയായിരുന്നു. ഇടിയും മഴയും വരുന്നതിനു മുന്‍പ് കാര്‍മേഘമുരുണ്ടു കൂടുംപോലെ.

പാര്‍ലമെന്‍റില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചാല്‍ സ്പീക്കര്‍ക്ക് റൂളിംഗ് കൊടുക്കാം. ഒപ്പം രേഖകളില്‍ നിന്ന് അത് മാറ്റപ്പെടുകയും ചെയ്യും. തുടര്‍ന്നാല്‍ അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി വരെ സ്പീക്കര്‍ക്ക് എടുക്കാം. അപ്പോള്‍ സ്വാഭാവികമായും വിമര്‍ശനമില്ലാത്ത പാര്‍ലമെന്‍റായിരിക്കും ഇനിയുള്ള ഇന്ത്യയുടെ പാര്‍ലമെന്‍റ്. ഭരണപക്ഷം എന്ത് ചെയ്താലും അവരുടെ ചെയ്തികള്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അംഗങ്ങള്‍ക്ക് അതിന്‍റെ വീറോടെ പറയാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ചുരുക്കത്തില്‍ ഏറെപ്പേരും സൈലന്‍റ് മെമ്പര്‍മാരായി തന്നെയിരിക്കേണ്ടി വരുമെന്നതു തന്നെ.

Print Friendly, PDF & Email

Leave a Comment

More News