‘ആളുകളെ ദുരന്തത്തിലേക്ക് വിടാതെ ജീവൻ രക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി

കോട്ടയം: ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളിവിടാതെ ജീവൻ രക്ഷിക്കുകയാണ് സർക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൂട്ടിക്കലില്‍ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒഴുക്കില്‍ പെട്ട് മരിച്ച റിയാസിന്റെ വീടും പ്രദേശത്തെ ഏന്തയാർ ജെജെ മർഫി സ്‌കൂൾ, കെഎംജെ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു.

അഞ്ചാം തീയതി വരെ മഴയുണ്ടാകുമെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ആളെ വിട്ടുകൊടുക്കാതെ ജീവൻ രക്ഷിക്കുക എന്നതാണ് അടിയന്തരമായി ചെയ്യുന്നത്. ഇതിൻ്റെ ഭാഗമായി പുഴ ഒഴുകുന്ന വഴികൾ, മലമ്പ്രദേശങ്ങൾ തുടങ്ങി ജനജീവിതത്തിന് സുരക്ഷിതത്വം ഇല്ല എന്ന് തോന്നിക്കുന്ന എല്ലായിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണം എന്നാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

അഞ്ചുലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്. മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോൾ ആളുകൾ കാഴ്ചക്കാരാകരുത്. പുഴകളിലും ആറുകളിലും ഇറങ്ങുകയോ കാഴ്ച കാണാൻ നിൽക്കുകയോ ചെയ്യരുത്. അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മലയോര മേഖലയിലൂടെയുള്ള രാത്രി യാത്രയും വനത്തിലൂടെയുള്ള യാത്രയും ഒഴിവാക്കണമെന്നും ഫ്ലഡ് ടൂറിസം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജില്ലാ കലക്ടർ പി.കെ.ജയശ്രീ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News