ശ്രീറാമിനെ തിരിച്ചെടുത്തത് നിയമവിധേയമായി; ജനവികാരം കണക്കിലെടുത്താണ് നീക്കിയതെന്ന് കോടിയേരി

തിരുവനന്തപുരം: ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളിക്കളയുന്ന മനോഭാവം എൽഡിഎഫ് സർക്കാരിനില്ലെന്നും ലേഖനത്തിൽ കോടിയേരി പറഞ്ഞു. പാർട്ടി ദിനപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

“പത്രപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്‌ടറാക്കി. എന്നാൽ, അതിൽ പൗര സമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്‌ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരില്ലെന്നാണ്,” കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ സമരം നടത്തുന്ന കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് കോടിയേരി ലേഖനത്തിൽ ഉന്നയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും മറ്റുമെതിരെ കരിങ്കൊടി കാട്ടുന്നത് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാർഗമാണോ എന്ന് വ്യക്തമാക്കണം. അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധിയടക്കമുള്ളവരെ ഇഡിയെ ദുരുപയോഗിച്ച് പീഡിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസിന്‍റെ കരിങ്കൊടി എന്തുകൊണ്ട് ഉയരുന്നില്ലെന്നും കോടിയേരി ലേഖനത്തിൽ ചോദിക്കുന്നു.

രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കില്ല. അതേസമയം, ജനാധിപത്യപരമായ വിയോജിപ്പുകളെ എൽഡിഎഫ് തള്ളിക്കളയില്ലെന്നും കോടിയേരി പറഞ്ഞു. എതിർപ്പിനെ തുടർന്നാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടിയേരി ഇക്കാര്യം വിശദീകരിച്ചത്.

 

 

Print Friendly, PDF & Email

Leave a Comment

More News