സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും എലിപ്പനി പടരാന്‍ സാധ്യതയെന്ന് ആരോഗ്യ മന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പിൽ താമസിക്കുന്നവരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും നിർബന്ധമായും ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നും മന്ത്രി നിർദേശിച്ചു.

മഴക്കെടുതിയിൽ ഒറ്റപ്പെട്ട കോളനികളിൽ പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വിഭാഗം എന്നിവയുടെ സഹായത്തോടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കും. ജില്ലയിൽ നിലവിൽ നാൽപ്പത്തിമൂന്ന് ക്യാമ്പുകളുണ്ട്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കും.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ക്യാമ്പ് ഓഫീസർമാരെ ചുമതലപ്പെടുത്തി. ക്യാമ്പുകളിൽ പനി ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. നിലവിൽ 43 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവർത്തിക്കുന്നത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാമ്പുകൾ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡാമുകളിലെ ജലനിരപ്പ് പരമാവധി കുറച്ച് നിര്‍ത്തണമെന്ന് അവലോകന യോഗത്തില്‍ പങ്കെടുത്ത ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ഒറ്റപ്പെട്ട ആദിവാസി കോളനികളില്‍ ഭക്ഷണം എത്തിക്കണം. ക്യാമ്പുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നും മുന്‍കരുതലുകള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സാഹചര്യത്തേയും നേരിടാന്‍ തക്കവണ്ണം എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണെന്ന് ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിലവില്‍ ആശങ്കാജനകമായ സാഹചര്യം ഇല്ല. കടയ്ക്കാട്, മുടിയൂര്‍ക്കോണം എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. റവന്യു വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നന്നായി എല്ലാകാര്യത്തിലും ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പെട്ടെന്ന് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അരുവാപ്പുലത്ത് അങ്കണവാടി കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം വേണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ആവശ്യപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണെന്നും ക്യാമ്പുകളിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News