റഷ്യ ഒമ്പത് വര്‍ഷത്തെ തടവിന് ശിക്ഷിച്ച യു എസ് ബാസ്‌കറ്റ് ബോള്‍ താരത്തെ ഉടന്‍ വിട്ടയക്കണമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: ലഹരിമരുന്ന് കൈവശം വെച്ചതിനു റഷ്യയില്‍ പിടിക്കപ്പെട്ട അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ബ്രിട്‌നി ഗ്രയ്‌നറെ റഷ്യന്‍ കോടതി ഒമ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഒരു മില്യണ്‍ റൂബിളും പിഴയായി (16,200 ഡോളര്‍) അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ബാസ്‌ക്കറ്റ് ബോള്‍ സൂപ്പര്‍ സ്റ്റാറും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമാണ് 31കാരിയായ ബ്രിട്‌നി ഗ്രയ്‌നര്‍. ഇവരുടെ മാപ്പപേക്ഷ പോലും പരിഗണിക്കാതെയാണ് കോടതി ശിക്ഷിച്ചത്.

ലഹരി മരുന്ന് കൈവശം വെച്ചതിന് ബ്രിട്‌നി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരിയിലാണ് ഇവരുടെ ലഗേജില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടിയത്. റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നതിനാണ് ബ്രിട്‌നി റഷ്യയിലെത്തിയത്.

അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ വിധിക്കെതിരെ ശക്തിയായി പ്രതിഷേധിക്കുകയും ബ്രിട്‌നിയെ ഉടനെ ജയിലില്‍ മോചിതയാക്കണമെന്നു പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു. റഷ്യയുടെ നടപടി അംഗീകരിക്കാനാവില്ല. ബ്രിട്‌നിയെ അവരുടെ കുടുംബാംഗങ്ങളോടൊപ്പം ഒത്തുചേരുന്നതിന് ഉടനെ വിട്ടയ്ക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബൈഡന്റെ പ്രസ്താവനയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രിട്‌നിയെയും മറ്റൊരു അമേരിക്കന്‍ തടവുകാരനുമായ പോള്‍ വെലനേയും വിട്ടയയ്ക്കുന്നതിന് അമേരിക്കയില്‍ കുറ്റാരോപിതനായി കഴിയുന്ന ആയുധ ഇടനിലക്കാരന്‍ വിക്ടര്‍ ബ്രൗട്ടിനെ വിട്ടയക്കാന്‍ ബൈഡന്‍ ഭരണകൂടം തയാറാണെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News