പെട്ടിമുടി ദുരന്തത്തിന് ഇന്ന് രണ്ടാം വര്‍ഷം; നാലു പേര്‍ ഇപ്പോഴും കാണാമറയത്ത്; അതിജീവിച്ചവരുടെ കണ്ണുകളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിസ്സഹായാവസ്ഥ

ഇടുക്കി: 2020 ഓഗസ്റ്റ് 6 രാത്രി 10.30ന് പെട്ടിമുടിയില്‍ നടന്ന ഉരുള്‍ പൊട്ടല്‍ കേരളത്തെയാകെ നടുക്കി. മലമുകളിൽ നിന്ന് ആരംഭിച്ച ഉരുള്‍ പൊട്ടലില്‍ പെട്ടിമുടിയെ വിഴുങ്ങി. മണ്ണിലും ചെളിയിലും പാറക്കല്ലുകള്‍ക്കിടയിലും പെട്ട് എഴുപതോളം ജീവനുകളാണ് അന്ന് ചതഞ്ഞരഞ്ഞത്.

വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ രാത്രി നടന്ന സംഭവം പിറ്റേന്ന് രാവിലെ വരെ പുറംലോകം അറിഞ്ഞിരുന്നില്ല. മറ്റൊരിടത്ത് താമസിച്ചിരുന്ന കണ്ണൻ ദേവൻ സ്ഥാപനത്തിലെ ജീവനക്കാരന്‍ രാവിലെയാണ് സംഭവം അറിഞ്ഞത്. കിലോമീറ്ററുകൾ നടന്ന് രാജമലയിലെത്തി കമ്പനി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

കമ്പനി അധികൃതർ അഗ്നിശമനസേനയെയും പൊലീസിനെയും ബന്ധപ്പെട്ടു. കനത്ത മഴയിൽ പെരിയവര പാലം തകർന്നതോടെ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ പാടുപെടേണ്ടി വന്നു. ഇതിനിടെ രാജമല ഡിവിഷനിലെ തോട്ടം തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഗുരുതരമായി പരിക്കേറ്റ 12 പേരെ രക്ഷപ്പെടുത്തി. ഉടൻ തന്നെ രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനമായിരുന്നു അത്. ദുരന്തനിവാരണ സേനകളും സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും കൈകോർത്തു പ്രവര്‍ത്തിച്ചു. കനത്ത മഴയെ അവഗണിച്ച് 19 ദിവസം നീണ്ട തിരച്ചിൽ. ദുരന്തസ്ഥലത്ത് നിന്ന് 14 കിലോമീറ്റർ അകലെ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തത്.

ഗര്‍ഭിണികൾ, മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കിടക്കുന്ന കുഞ്ഞുങ്ങള്‍, ഇരുന്ന ഇരുപ്പില്‍ മണ്ണില്‍ പുതഞ്ഞു പോയ മനുഷ്യന്‍ എന്നിങ്ങനെ 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കിട്ടിയത്.

നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. അവര്‍ മരിച്ചതായി പിന്നീട് പ്രഖ്യാപിച്ചെങ്കിലും അവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ഫിക്കറ്റ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം കുടുംബത്തിന് കിട്ടിയിട്ടില്ല.

ദുരന്തത്തില്‍ പരിക്കേറ്റവരുടെയും രക്ഷപ്പെട്ടവരെയുടെയും ദുരിതബാധിതരുടെയും ചികിത്സകളും പുനരധിവാസവുമായിരുന്നു സര്‍ക്കാരിന്‍റെയും കണ്ണന്‍ദേവന്‍ കമ്പനിയുടെയും മുമ്പിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

കണ്ണന്ദേവൻ കമ്പനി മരിച്ച 18 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് കുറ്റിയാർവാലിയിൽ സർക്കാർ നൽകിയ ഭൂമിയിൽ ഒരു കോടി രൂപ ചെലവിൽ കണ്ണന്‍ ദേവന്‍ കമ്പനി വീട് നിർമിച്ചു നൽകി. ദുരന്തത്തിൽ മരിച്ചവരെ സംഭവസ്ഥലത്ത് തന്നെ പോസ്റ്റ്‌മോർട്ടം നടത്തി സമീപത്ത് സംസ്‌കരിച്ചു. രണ്ട് വർഷത്തിലേറെയായി പെട്ടിമുടിയെ ഓർക്കുമ്പോൾ, ദുരന്തത്തെ അതിജീവിച്ചവരുടെ കണ്ണുകളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നിസ്സഹായാവസ്ഥയാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News