വിശുദ്ധ പശു!: ഗാന്ധിധാമിൽ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു; നിസ്സഹായതയോടെ ഭരണകൂടം

ഗാന്ധിധാം (ഗുജറാത്ത്): ഗുജറാത്തിലുടനീളം കന്നുകാലികള്‍ ചത്തൊടുങ്ങുന്നത് ഭരണകൂടത്തിന് തലവേദനയായിരിക്കുകയാണ്. ചത്തു കിടക്കുന്ന, പാതി തിന്ന പശുവിന്റെ ജഡത്തിൽ തെരുവ് നായകള്‍ കടിച്ചു വലിക്കുന്ന കാഴ്ചകളാണെവിടെയും.

പ്രാദേശിക ഭരണകൂടമാണ് മൃതദേഹം ഇവിടെ തള്ളിയതെന്നു പറയുന്നു. ചർമ്മരോഗം (എൽഎസ്‌ഡി) ബാധിച്ച് ചത്തൊടുങ്ങുന്ന മൃഗങ്ങളും ഇവിടെ തെരുവുകളിൽ നിറഞ്ഞിരിക്കുന്നു.

പശുക്കളെയും എരുമകളെയും ബാധിക്കുന്ന ഒരു വൈറൽ രോഗമാണ് കാപ്രിപോക്സ് വൈറസ് മൂലമുണ്ടാകുന്ന എൽഎസ്ഡി. രാജസ്ഥാനിലെ ഒമ്പത് ജില്ലകളിലും ഗുജറാത്തിലെ കുറഞ്ഞത് 14 ജില്ലകളിലുമായി 3,000-ലധികം കന്നുകാലികൾക്ക് ഈ രോഗം ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാൽ, മൃഗങ്ങളെ ചികിത്സിക്കാൻ പ്രവർത്തിക്കുന്ന പ്രദേശവാസികൾ പറയുന്നത് എണ്ണം ഇതിലും കൂടുതലാകുമെന്നാണ്.
ഗാന്ധിധാമിലെ ഒരു ക്യാമ്പിൽ ഒരു വൈകുന്നേരം മാത്രം 18 മൃഗങ്ങള്‍ ചത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടത്തെ തെരുവുകളിൽ രോഗബാധയുള്ളതും ചികിത്സിക്കാത്തതുമായ കന്നുകാലികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് രോഗം പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

മരണസംഖ്യയുമായി പൊരുത്തപ്പെടാൻ കഴിയാതെ, പ്രാദേശിക ഗോ രക്ഷകർ (അല്ലെങ്കിൽ പശു ‘സംരക്ഷകർ’) കൂട്ട ശവക്കുഴികൾ കുഴിച്ച് അവിടെ രോഗം ബാധിച്ച കന്നുകാലികളെ ദിവസവും വലിച്ചെറിയുന്നു.

എൻജിഒകൾ, ഗൗരക്ഷകർ, മതസംഘടനകൾ, വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവാ സാധന എന്നിവയുടെ നേതാക്കളുടെയും പിന്തുണയോടെ, കന്നുകാലികൾക്കുള്ള മരുന്നുകളും ഭക്ഷണവും ശേഖരിക്കാനും സന്നദ്ധപ്രവർത്തകർ മുന്നോട്ടുവന്നിട്ടുണ്ട്.

എന്നാൽ, പാല്‍ ചുരത്തുന്നത് നിർത്തിയതിനെത്തുടര്‍ന്ന് തെരുവിൽ ഉപേക്ഷിക്കപ്പെട്ട അലഞ്ഞുതിരിയുന്ന കന്നുകാലികളിലാണ് കൂടുതലായും രോഗം പടരുന്നതെന്ന് പ്രാദേശിക വൃത്തങ്ങൾ ആരോപിക്കുന്നു.

സംസ്ഥാനത്ത് ഗോവധ നിരോധനം നിലവിൽ വന്നതോടെ കഴിഞ്ഞ ഏതാനും വർഷങ്ങളായി മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും അതോടൊപ്പം തന്നെ തെരുവുനായകളുടെ ശല്യം വര്‍ദ്ധിച്ചു വരുന്നതായും ആരോപണമുണ്ട്.

Print Friendly, PDF & Email

Leave a Comment

More News