ഒഹായോയിലെ വെടിവെയ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു; കൊലയാളിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍

ഒഹായോ: ഒഹായോയിലെ ഡെയ്ടണില്‍ നാല് പേരെ മാരകമായി വെടിവെച്ചുകൊന്ന സംഭവത്തിലെ കുറ്റവാളിയെന്നു സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.

മോണ്ട്‌ഗോമറി കൗണ്ടിയിലെ ബട്ട്‌ലർ ടൗൺഷിപ്പായ ഡെയ്‌ടണിൽ നിന്ന് ഒമ്പത് മൈൽ വടക്കുള്ള ഒരു ചെറുപട്ടണത്തിൽ വെള്ളിയാഴ്ചയാണ് വെടിവെപ്പ് നടന്നത്.

ഇരകളായ നാലുപേരെയും വെടിയേറ്റ മുറിവുകളോടെ കണ്ടെത്തിയെന്നും, ഇരകളെല്ലാം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചെന്നും ബട്‌ലർ ടൗൺഷിപ്പ് പോലീസ് മേധാവി ജോൺ പോർട്ടർ പറഞ്ഞു.

പോർട്ടർ പറയുന്നതനുസരിച്ച്, സംഭവസ്ഥലത്ത് നിന്ന് 640 മൈൽ അകലെ കൻസസിലെ ലോറൻസിൽ നിന്നാണ് ശനിയാഴ്ച രാത്രി സ്റ്റീഫൻ മാർലോ എന്നയാളെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തത്.

2019 ജൂലൈയിൽ ഡെയ്ടണ്‍ പ്രാന്തപ്രദേശമായ വാൻഡാലിയയിൽ നടന്ന കവർച്ചയ്ക്കും ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കും അറസ്റ്റിലായ മാര്‍ലോ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രൊബേഷനില്‍ പുറത്തു വന്നതെന്ന് കോടതി രേഖകള്‍ കാണിക്കുന്നു.

ഇപ്പോള്‍ നടന്ന സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളോ വിവരങ്ങളോ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

82 കാരിയായ ക്ലൈഡ് നോക്‌സ്, 78 കാരിയായ ഇവാ നോക്‌സ്, 41 കാരിയായ സാറാ ആൻഡേഴ്‌സൺ, 15 കാരിയായ കെയ്‌ല ആൻഡേഴ്‌സൺ എന്നിവരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. എന്താണ് വെടിവയ്പ്പിലേക്ക് നയിച്ച കാരണമെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

ഈ ഭയാനകമായ ദുരന്തത്തിന് എന്തെങ്കിലും പ്രേരണയുണ്ടോ അല്ലെങ്കിൽ മാനസികരോഗത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്ന് നിർണ്ണയിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു എന്ന് പോലീസ് മേധാവി ജോൺ പോർട്ടർ പറഞ്ഞു. സമീപകാലത്ത് ഈ പ്രദേശത്ത് നടന്ന ആദ്യത്തെ “അക്രമാസക്തമായ കുറ്റകൃത്യം” എന്നാണ് വെടിവെയ്പിനെ വിശേഷിപ്പിച്ചത്.

ന്യൂ മെക്‌സിക്കോയിലെ ഏറ്റവും വലിയ നഗരമായ അൽബുക്കർക്കിയിൽ മറ്റൊരു വെടിവയ്‌പ്പിൽ നാല് മുസ്‌ലിം പുരുഷന്മാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണിത്. ഇരകളുടെ വിശ്വാസവും വംശവുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ലോക്കൽ പോലീസ് വെടിവെപ്പിനെ വിശേഷിപ്പിച്ചത്.

“2020-ലും 2021-ലും തോക്കുകൾ വാങ്ങുന്നത് റെക്കോർഡ് തലത്തിലേക്ക് ഉയർന്നതോടെയാണ് അമേരിക്കയില്‍ തോക്ക് അക്രമം വർദ്ധിച്ചത്. തോക്കിനിരയായവരുടെ കണക്ക് 1995 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഓരോ വർഷവും 45,000-ത്തിലധികം മരണങ്ങൾ സംഭവിക്കുന്നു,” ഒരു സ്വതന്ത്ര വിവര ശേഖരണ സ്ഥാപനമായ ‘ഗൺ വയലൻസ് ആർക്കൈവ്’ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News