ന്യൂ മെക്സിക്കോയിൽ മുസ്ലീം പുരുഷന്മാർ കൊല്ലപ്പെട്ടത് അവരുടെ വിശ്വാസത്തിന്റെ പേരിൽ: പോലീസ്

ന്യൂമെക്സിക്കോ: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ യുഎസിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയില്‍ മൂന്ന് മുസ്ലീം പുരുഷന്മാരുടെ കൊലപാതകങ്ങൾ അവരുടെ വിശ്വാസവും വംശവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ലോക്കൽ പോലീസ്.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ആൽബുകെർക്കിയിൽ ഒരു മുസ്ലിം പള്ളിയിലെ രണ്ട് അംഗങ്ങൾ വെടിയേറ്റ് മരിച്ചു. നവംബറിൽ നടന്ന ഒരു അഫ്ഗാൻ കുടിയേറ്റക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് അവരുടെ മരണത്തിന് ശക്തമായ സാധ്യതയെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മൂന്ന് കേസുകളിലും ഇരകളെ മുന്നറിയിപ്പില്ലാതെ പതിയിരുന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് സിറ്റി പോലീസ് വെളിപ്പെടുത്തി.

“എല്ലാ ഇരകളിലും ശക്തമായ ഒരു സാമ്യതയുണ്ട് – അവരുടെ വംശവും മതവും,” ഒരു പത്രസമ്മേളനത്തിൽ അൽബുക്കർക് പോലീസ് ഡെപ്യൂട്ടി കമാൻഡർ കൈൽ ഹാർട്‌സോക്ക് പറഞ്ഞു.

“ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഇത്രയും ഭയം ഞങ്ങൾ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല,” ഇസ്ലാമിക് സെന്റർ ഓഫ് ന്യൂ മെക്സിക്കോയുടെ വക്താവ് താഹിർ ഗൗബ പറഞ്ഞു.

വിദ്വേഷകരമായ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായ വ്യക്തിയെയോ വ്യക്തികളെയോ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിലേക്കും നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് യുഎസ് ആസ്ഥാനമായുള്ള മുസ്ലീം സിവിൽ റൈറ്റ്സ് ഗ്രൂപ്പായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (സിഎഐആർ) 5,000 ഡോളർ പാരിതോഷികം വാഗ്ദാനം പ്രഖ്യാപിച്ചിട്ടുണ്ട്.

“വംശീയാക്രമണമാണെന്ന് കണ്ടെത്തിയാല്‍ സംസ്ഥാന, ഫെഡറൽ അധികാരികൾ ഉചിതമായ വിദ്വേഷ കുറ്റകൃത്യങ്ങൾ ചുമത്തണം,” സിഎഐആർ നാഷണൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഹാദ് അവദ് പ്രസ്താവനയിൽ പറഞ്ഞു.

പാക്കിസ്താന്‍ വംശജനും എസ്പാനോല നഗരത്തിന്റെ പ്ലാനിംഗ് ഡയറക്ടറുമായ മുഹമ്മദ് അഫ്‌സൽ ഹുസൈൻ എന്ന 27 കാരനാണ് ഏറ്റവും പുതിയ ഇരയെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ആൽബക്കർക്കിലെ അഫ്ഗാൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 41 കാരനായ അഫ്താബ് ഹുസൈനെ ജൂലൈ 26 ന് നഗരത്തിലെ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റിന് സമീപം വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

2021 നവംബർ 7 ന് 62 കാരനായ മുഹമ്മദ് അഹമ്മദിയെ ഹലാൽ സൂപ്പർ മാർക്കറ്റ് ആന്റ് കഫേയുടെ പാർക്കിംഗ് ഏരിയയില്‍ വെടിവച്ചു കൊന്നതിന്റെ തുടര്‍ച്ചയാണ് ഏറ്റവും പുതിയ കൊലപാതകങ്ങളെന്ന് പോലീസ് ഡെപ്യൂട്ടി കമാൻഡർ കൈൽ ഹാർട്‌സോക്ക് കൂട്ടിച്ചേർത്തു.

Print Friendly, PDF & Email

Leave a Comment

More News