തലസ്ഥാനത്ത് വയോധിക ക്രൂരമായി കൊല്ലപ്പെട്ടു: ഇതര സംസ്ഥാന തൊഴിലാളിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

തിരുവനന്തപുരം: കേശവദാസപുരത്ത് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട വയോധികയുടെ വീടിന് സമീപം താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളി ആദം അലി (21)ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് മനോരമ (60) എന്ന വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മനോരമയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെ രാത്രി 11.15ഓടെയാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തത്. മനോരമയെ കാണാനില്ലെന്നറിഞ്ഞതോടെ മനോരമയുടെ വീടിനു സമീപം നിർമാണ ജോലിക്കായി താമസിച്ചിരുന്ന ബംഗാൾ സ്വദേശി ആദം അലിയെന്ന തൊഴിലാളിയേയും കാണാതായി. ഇതോടെ ആദം അലിക്കെതിരെ സംശയം ഉയർന്നിരുന്നു. ആദം അലിക്കൊപ്പം താമസിച്ചിരുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു.

കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന മനോരമയെയാണ് (60) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാലുകൾ കൂട്ടിക്കെട്ടിയ നിലയിൽ സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്. കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിൽ തള്ളിയതാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

മനോരമയെ കാണാനില്ലെന്ന പരാതിയിൽ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയൽപക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിൽക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ നിന്നു മൃതദേഹം കിട്ടിയത്.

മൃതദേഹത്തിന്റെ കഴുത്തിൽ തുണികൊണ്ട് മുറുക്കിയതുപോലുള്ള പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു. മോഷണശ്രമമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, വീട്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പിന്നീട് പൊലീസ് കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment