കേരളത്തില്‍ ശിശു സം‌രക്ഷണം മോശം രീതിയില്‍; ഉത്തരേന്ത്യക്കാർ കുട്ടികളെ നന്നായി സ്നേഹിക്കുന്നു; മേയറുടെ വിവാദപരമായ പരാമർശം

കോഴിക്കോട്: കേരളത്തിൽ ശിശു സംരക്ഷണം മോശമാണെന്നും ഉത്തരേന്ത്യക്കാർ കുട്ടികളെ കൂടുതൽ സ്നേഹിക്കുന്നുവെന്നുമുള്ള കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ പരാമർശം വിവാദത്തിൽ. സംഘപരിവാർ പരിപാടിയിൽ പങ്കെടുക്കവെയാണ് സിപിഎം മേയറുടെ പരാമർശം. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു വിവാദ പ്രതികരണം. എന്നാൽ, തന്റെ വാക്കുകൾ ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചതാണെന്ന് മേയർ പ്രതികരിച്ചു.

‘കേരളീയർ മക്കളെ സ്നേഹിക്കുന്നതിൽ സ്വാർത്ഥരാണ്. പ്രസവത്തിൽ കുട്ടികൾ മരിക്കുന്നില്ല എന്നത് മാത്രമല്ല, ചെറുപ്പം മുതലേ അവർ സ്നേഹിക്കപ്പെടണം എന്നതും പ്രധാനമാണ്. കുട്ടിക്കാലത്ത് കുട്ടികൾക്ക് എന്ത് ഭക്ഷണം നൽകുന്നു എന്നതാണ് പ്രധാനം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടെങ്കിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ലെന്നും ബീനാ ഫിലിപ്പ് പറഞ്ഞു.

ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായെത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് ബീന ഫിലിപ്പ് പ്രതികരിച്ചു. ‘മതം എന്ന രീതിയില്‍ കണ്ടിരുന്നില്ല, മനസില്‍ വര്‍ഗീയതയുടെ കണികയില്ല. വിവാദങ്ങള്‍ കാണുമ്പോള്‍ ദുഃഖമുണ്ട്. ഒരു സ്ത്രീകളുടെ കൂട്ടായ്മ മേയര്‍ എന്ന നിലയില്‍ അമ്മമാരോട് സംസാരിക്കണം എന്നാണ് പറഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുത്തത്.

വര്‍ഗീയതയിലേക്ക് പോകരുത് എന്നല്ലാതെ മറ്റൊന്നിലേക്കും പോകരുതെന്ന കര്‍ശന നിര്‍ദേശമൊന്നും പാര്‍ട്ടി തന്നിട്ടില്ല. അമ്മമാരുടെ ഒരു കൂട്ടായ്മ ആയാണ് പരിപാടിയെ കണ്ടത്. തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണ്. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷകസംഘടന എന്ന് തോന്നിയിരുന്നില്ല.

ഉത്തരേന്ത്യയിൽ ആളുകൾ ഏതൊരു കുട്ടിയെയും സ്നേഹത്തോടെയാണ് കാണുന്നത്. എന്നാൽ, കേരളത്തിൽ അങ്ങനെയല്ല. കുട്ടികളോട് നമ്മൾ പൊതുവെ അൽപം കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. കുട്ടികളെ സ്വാർത്ഥത പഠിപ്പിക്കുന്നു. ഉത്തരേന്ത്യയിലുണ്ടായിരുന്ന ചില ബന്ധുക്കളാണ് ഇക്കാര്യം എന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാൽ, അവരെ ഭക്തിയുള്ളവരായി വളർത്തണം എന്ന് പറഞ്ഞില്ല. ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കാൻ പാർട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയില്ലെന്ന് മേയർ പ്രതികരിച്ചു.

Print Friendly, PDF & Email

Leave a Comment

More News