10,000 സൈനികർ; മുക്കിലും മൂലയിലും സിസിടിവി; സ്വാതന്ത്ര്യ ദിനത്തിന് ഡൽഹിയില്‍ കനത്ത സുരക്ഷ

ന്യൂഡൽഹി: 75-ാമത് സ്വാതന്ത്ര്യദിന പരിപാടിയിൽ ഡല്‍ഹിയില്‍ ഇത്തവണ കൂടുതൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കുന്നത്. 10,000-ത്തിലധികം ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ ചെങ്കോട്ടയ്ക്ക് ചുറ്റും വിന്യസിക്കും. സ്വാതന്ത്ര്യദിനത്തിൽ കോട്ടയുടെ കൊത്തളത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15ന് ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരത്തിലധികം പോലീസുകാരെ വിന്യസിക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഡൽഹി പൊലീസ് അറിയിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, 10,000 പോലീസുകാരെ വിവിധ റോളുകളിൽ ചെങ്കോട്ടയിലേക്കും വേദിയിലേക്കും നയിക്കുന്ന റോഡുകളിൽ വിന്യസിക്കുമെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ദേപേന്ദ്ര പഥക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവർക്കൊപ്പം നിരവധി സുരക്ഷാ ഏജൻസികളെയും വിന്യസിക്കും. ഇവരെ ഏകോപിപ്പിച്ചാണ് ചെങ്കോട്ടയുടെ സുരക്ഷാ വലയം ഒരുക്കുന്നത്. കൂടാതെ, ചെങ്കോട്ടയ്ക്ക് ചുറ്റും 1000-ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്, അതിലൂടെ അവിടേക്ക് വരുന്നവരെയും പോകുന്നവരെയും നിരീക്ഷിക്കും. സിറ്റി പോലീസിന്റെ നോർത്ത്, സെൻട്രൽ, ന്യൂഡൽഹി ജില്ലാ യൂണിറ്റുകളാണ് ക്യാമറകൾ സ്ഥാപിക്കുക. ചെങ്കോട്ടയിലേക്കുള്ള വിവിഐപി റൂട്ടിൽ നിരീക്ഷണം നടത്താനും ഈ ക്യാമറകൾ സഹായിക്കും.

അതേ സമയം, ഡ്രോണിനെ നിരീക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. അതിനാൽ സംശയാസ്പദമായ ഏതെങ്കിലും ഡ്രോണുകൾ കണ്ടെത്തിയാല്‍ അത് നിർത്തുക മാത്രമല്ല ഉടനെ നശിപ്പിക്കുകയും ചെയ്യും. ചെങ്കോട്ടയുടെ സുരക്ഷാ വലയത്തിൽ പ്രത്യേക തരം അലാറം ക്യാമറകൾ സ്ഥാപിക്കുന്നുണ്ട്. സംശയിക്കപ്പെടുന്ന ആളുടെ ചലനം അടയാളപ്പെടുത്തുക മാത്രമല്ല, അലാറം നൽകി സുരക്ഷാ സേനയെ അറിയിക്കുകയും ചെയ്യും.

എല്ലാ വർഷത്തേയും പോലെ ഇത്തവണയും ചെങ്കോട്ടയുടെ പരിസര പ്രദേശങ്ങൾ പറക്ക നിരോധിത മേഖലയായി പ്രഖ്യാപിക്കും. പട്ടം പറത്തൽ, ബലൂണുകൾ, ഡ്രോണുകൾ എന്നിവ ഇവിടെ നിരോധിക്കും. കൂടാതെ, 400-ലധികം ആളുകളെ പോലീസ് വിന്യസിക്കും, അവർ അവിടെ പറക്കുന്ന പട്ടം താഴെയിറക്കാൻ പ്രവർത്തിക്കും.

ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ പരിശോധിച്ച് വരികയാണെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ അറിയിച്ചു. വാടകക്കാരെയും വീട്ടുജോലിക്കാരെയും പരിശോധിക്കുന്നതിനുള്ള ഒരു ഡ്രൈവ് നടത്തുന്നുണ്ട്. ഡൽഹി പോലീസ് വിവിധ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ ഇൻകമിംഗ് വിവരങ്ങളും പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. റസിഡൻസ് വെൽഫെയർ അസോസിയേഷനുകൾ, മാർക്കറ്റ് വെൽഫെയർ അസോസിയേഷനുകൾ എന്നിവയിലൂടെയും ബോധവൽക്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News