സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഭീകരവാദത്തിനെതിരെ സമാധാന പ്രതിജ്ഞ: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: രാജ്യത്തുടനീളം ശക്തിപ്രാപിച്ച് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നതും ജനസമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ഭീകരവാദത്തിനെതിരെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ സമാധാന പ്രതിജ്ഞയും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രാദേശികമായ സാഹചര്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് വിവിധ സ്ഥലങ്ങളില്‍ സമാധാന പ്രതിജ്ഞാ പരിപാടികള്‍ നടത്തുന്നത്.

സിബിസിഐ ലെയ്റ്റി കൗണ്‍സിലിന്റെ കീഴിലുള്ള 14 റീജിയണല്‍ കൗണ്‍സിലുകള്‍, വിവിധ രൂപതകള്‍, കത്തോലിക്കാസംഘടനകള്‍ എന്നിവരോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളും ദേശസ്‌നേഹികളും സമാധാനപ്രതിജ്ഞയില്‍ പങ്കുചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കേണ്ടത് ഭരണഘടനാപരമായി ഭാരതപൗരന്റെ കടമയും ഉത്തരവാദിത്വവുമാണെന്നിരിക്കെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ രാജ്യത്തു വളരാന്‍ അനുവദിക്കാനാവില്ലെന്നും ദേശസ്‌നേഹവും സമാധാനവും ഈ മണ്ണില്‍ നിലനിര്‍ത്തുവാന്‍ രാജ്യസ്‌നേഹികളും സമാധാനകാംക്ഷികളുമായിട്ടുള്ളവര്‍ ഈ സമാധാന പ്രതിജ്ഞയില്‍ അണിചേരാനായി മുന്നോട്ടുവരണമെന്നും ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News