പ്രധാന മന്ത്രിക്കസേരയില്‍ കണ്ണും നട്ട് നിതീഷ് കുമാര്‍; ലക്ഷ്യം ബിജെപിയെയും മോദിയേയും തകര്‍ക്കല്‍

ന്യൂഡൽഹി: 2014ൽ മോദി ജയിച്ചു, 2024ൽ എന്ത് സംഭവിക്കുമെന്ന് മോദി ആശങ്കപ്പെടണമെന്ന് എട്ടാം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് നിതീഷ് കുമാർ പറഞ്ഞു. ബി.ജെ.പി.യോട് മാത്രമല്ല പ്രതിപക്ഷ പാർട്ടികളോടും ബിഹാർ മുഖ്യമന്ത്രിയല്ല പ്രധാനമന്ത്രി സ്ഥാനമാണ് താൻ ലക്ഷ്യമിടുന്നതെന്ന് നിതീഷ് കുമാർ പറഞ്ഞു. 2014ൽ മോദി പ്രധാനമന്ത്രിപദം നേടിയെടുത്തപ്പോൾ നിതീഷിന് കാഴ്ചക്കാരന്റെ റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി സ്ഥാനത്തിന് ഇനി അവസരമില്ലെന്ന എന്ന ബോധ്യം വന്നതാണ് ഇപ്പോഴത്തെ കളം മറ്റി ചവിട്ടല്‍ എന്നത് വ്യക്തമാണ്.

ജെഡിയുവിനെയും തന്നെയും ബിജെപി വിഴുങ്ങുമെന്ന് ഭയന്ന് മഹാരാഷ്ട്രയിൽ ഉദ്ധവിന് സംഭവിച്ചത് പോലെ ബിഹാറിൽ സംഭവിക്കരുതെന്ന് നിതീഷിന് നിർബന്ധമുണ്ടായിരുന്നു. സ്വന്തം എം.എൽ.എ.മാരെയും എം.പി.മാരെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞതാണ് പെട്ടെന്നുള്ള മുന്നണിമാറ്റത്തിൽ നിതീഷിന്റെ വിജയം. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പൂർണ പിന്തുണ വേഗത്തില്‍ നേടിയെടുക്കാനും നിതീഷിന് കഴിഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം അവർക്ക് ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ ഒരു നേതാവില്ല എന്നതാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, എൻസിപി നേതാവ് ശരത് പവാർ, ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാൾ, ടിആർഎസ് നേതാവ് കെ ചന്ദ്രശേഖര റാവു എന്നിവരെല്ലാം ബിജെപി വിരുദ്ധ ചേരിയിലാണ്. പക്ഷേ അവർക്കെല്ലാം ദേശീയതലത്തില്‍ ഏക നേതാവായി മാറണം എന്ന ആഗ്രഹവുമുണ്ട്. അതിനൊപ്പം എൻഡിഎയില്‍ നിന്ന് നിതീഷ് കുമാർ കൂടി വരുന്നതോടെ പ്രതിപക്ഷത്ത് ഐക്യമാണോ വിഘടനമാണോ സംഭവിക്കുക എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

പ്രധാനമന്ത്രി പദത്തിലേക്ക് നിതീഷ് കുമാറിന്‍റെ പേര് ഇതിന് മുമ്പും ഉയര്‍ന്ന് വന്നതാണ്. ബിഹാറില്‍ സത്‌ഭരണം കാഴ്‌ചവെച്ച ഭരണാധികാരി എന്ന നിലയില്‍ ‘ഒരു നിതീഷ്‌ കുമാര്‍ ബ്രാന്‍ഡിന്’ ജനതാദൾ പാർട്ടികൾ ശ്രമിക്കുമെന്നുറപ്പാണ്. ജെഡിഎസ് നേതാവ് ദേവഗൗഡ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, മകൻ തേജസ്വി യാദവ്, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ ഇതിനകം തന്നെ നിതീഷിന് അഭിനന്ദനവും പിന്തുണയും വാഗ്‌ദാനം ചെയ്‌തു കഴിഞ്ഞു.

അതിനൊപ്പം ജമ്മുകശ്‌മീരില്‍ നിന്നുള്ള പിഡിപി നേതാവ് മെഹബൂബ മുഫ്‌തി, ടിആർസ് നേതാവ് ചന്ദ്രശേഖർ റാവുവിന്‍റെ മകളും എംപിയുമായ കവിത, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ എന്നിവരും നിതീഷിന് അഭിനന്ദനവും പിന്തുണയും ഉറപ്പുനല്‍കിയിട്ടുണ്ട്. എല്ലാവരും പറഞ്ഞതിലെ ഒരേ വാചകം ‘മതേതര ഇന്ത്യയ്ക്കായി പ്രതിപക്ഷ ഐക്യത്തിനായി എൻഡിഎ വിട്ടുവന്ന നിതീഷ് കുമാറിന് അഭിവാദനം’ എന്നതാണ്.

ഉറപ്പിച്ചാണ് നിതീഷിന്‍റെ വരവ്: 2013ല്‍ 17 വര്‍ഷത്തെ ബിജെപി ബന്ധം നിതീഷ്‌കുമാര്‍ അവസാനിപ്പിച്ചത് നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയതിനെ തുടര്‍ന്നാണ്. ഭരണപരമായ നേട്ടങ്ങള്‍ക്ക് നരേന്ദ്രമോദിക്കും നിതീഷ്‌കുമാറിനെപ്പോലെ ഒരു ബ്രാന്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍ ഗുജറാത്ത് കാലപം നരേന്ദ്ര മോദിയുടെ പ്രതിച്ഛായുടെ മേലുള്ള കളങ്കമായിരുന്നു. ഈ വിലയിരുത്തല്‍ മുന്‍നിര്‍ത്തി മതേതര കാര്‍ഡ് ഇറക്കിയുള്ള തന്ത്രപരമായ നീക്കമായിരുന്നു നീതീഷ്‌ കുമാര്‍ അന്ന് നടത്തിയത്. എന്നാല്‍ അതില്‍ നിതീഷ്‌കുമാര്‍ പരാജയപ്പെട്ടു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചു. ആ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് ജെഡിയുവിന് ലഭിച്ചത്. ഇനിയും എന്‍ഡിഎയില്‍ തുടര്‍ന്നാല്‍ പ്രധാനമന്ത്രി പദം എന്ന മോഹം നിതീഷ്‌ കുമാറിന് സാധിക്കില്ല. ആ ബോധ്യം കൂടി മുൻനിർത്തിയാണ് നിതീഷ് പ്രതിപക്ഷത്തിനൊപ്പം ചേരാൻ തീരുമാനിച്ചത്.

ദേശീയ തലത്തില്‍ കോൺഗ്രസിന്‍റെ ശക്തി ക്ഷയിച്ചതും ജനതാദൾ പാർട്ടികളുടെ ഐകകണ്ഠ്യേനെയുള്ള പിന്തുണയും നിതീഷ് കുമാറിന് അനുകൂല ഘടകങ്ങളാണ്. 40 ലോക്‌സഭ സീറ്റുകളുള്ള ബിഹാര്‍ ദേശീയ രാഷ്‌ട്രീയത്തില്‍ നിർണായകമാണ്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള ഒബിസി വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിതീഷ്‌കുമാറിനെ സഹായിക്കുന്ന കാര്യമാണ്.

താമരപ്പേടിയില്‍ ഒന്നിക്കുമോ പ്രതിപക്ഷം: ഒഡിഷയൊഴികെയുള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപിയുടെ വളർച്ച പ്രാദേശിക പാർട്ടികളെ അസ്വസ്ഥരാക്കുന്നുണ്ട്. ആന്ധ്രപ്രദേശില്‍ തല്‍ക്കാലം ജഗൻമോഹന് ഭീഷണിയില്ല. കോൺഗ്രസിന്‍റെ ദേശീയ നേതാക്കളെ മുഴുവൻ എൻഫോഴ്‌സ്‌മെന്‍റ് വളഞ്ഞിട്ട് പിടിക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ബിജെപിയുടേയും കേന്ദ്രസർക്കാരിന്‍റെയും ഇടപെടലുകൾ സിപിഎമ്മിനും ഡിഎംകെയ്ക്കും ദിവസവും തലവേദനയാണ്.

അതിനാല്‍ പ്രാദേശിക പാര്‍ട്ടികളേയും പ്രതിപക്ഷത്തെ ഇടതുപാര്‍ട്ടികളേയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. മമത ബാനർജി, കെസിആർ, ശരദ് പവാർ എന്നിവരുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. നിതീഷ് കുമാറിന്റെ വരവ് ബിഹാറിന് പുറത്ത് പ്രതിപക്ഷ മഹാസഖ്യം എന്ന ആശയത്തെ സമ്പന്നമാക്കുമോ എന്നാണ് രാഷ്ട്രീയ വിദഗ്ധർ ഉറ്റുനോക്കുന്നത്.

പ്രതിപക്ഷ ഐക്യം സംബന്ധിച്ച് കോൺഗ്രസിന്റെ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള അറസ്റ്റ്, റെയ്ഡുകൾ, അന്വേഷണങ്ങൾ എന്നിവയ്‌ക്കെതിരെ പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും തെരുവിലിറങ്ങിയിരിക്കുകയാണ്. എന്നാൽ രാഹുലിനൊപ്പം പ്രതിപക്ഷ പാർട്ടികളുടെ ഐക്യം പോലുള്ള നയപരമായ കാര്യങ്ങളിൽ സോണിയാഗാന്ധിയും മനസ് തുറക്കുന്നില്ല. കോൺഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ല. ബിഹാറിലെ മഹാഗദ്ബന്ധൻ വിജയിച്ചാൽ അത് ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ആക്കം കൂട്ടുമെന്ന് മാത്രമാണ് ഇപ്പോൾ പറയാൻ കഴിയുന്നത്.

Print Friendly, PDF & Email

Related posts

Leave a Comment