അട്ടപ്പാടി മധു വധക്കേസ്: പ്രതികള്‍ സാക്ഷികളുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ പുറത്ത്

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികൾ സാക്ഷികളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ പുറത്ത്. സാക്ഷികളെ കാണാനോ വിളിക്കാനോ പാടില്ലെന്ന ഉപാധിയോടെയാണ് 2018ൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ 11 പ്രതികൾ 13 സാക്ഷികളെ പലതവണ വിളിച്ചു. കുറ്റാരോപിതരായ മരയ്ക്കാർ, ഷംസുദീൻ, നജീബ്, സജീവ് തുടങ്ങിയവരാണ് സാക്ഷികളുമായി കൂടുതൽ ബന്ധപ്പെട്ടവര്‍. പ്രതികളുമായി അടുപ്പമുണ്ടായിരുന്ന എട്ട് പേർ ഇതുവരെ കൂറുമാറി. പ്രതികൾ സാക്ഷികളെ വിളിച്ചതിന്റെ ഫോൺ രേഖകൾ കോടതിയിൽ സമർപ്പിച്ചു.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ജാമ്യം റദ്ദാക്കാവുന്ന കുറ്റമാണ്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഈ മാസം 16ന് കോടതി പരിഗണിക്കും. പ്രതികളെ സ്വാധീനിക്കുന്നതിനും കേസ് അട്ടിമറിക്കുന്നതിനുമായി പ്രതികള്‍ ശ്രമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതിനിടെ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികളുടെ സുഹൃത്ത് ഷിഫാനെ പോലീസ് അറസ്റ്റ് ചെയ്തു. അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ കണക്കില്‍ പെടാത്ത 36 ലക്ഷം രൂപയും പിടിച്ചെടുത്തു. മധു കേസില്‍ സാക്ഷികളെ സ്വാധീനിക്കാനായി കൊണ്ടുവന്ന പണമാണോ ഇതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

Print Friendly, PDF & Email

Leave a Comment

More News