ഇന്ത്യാ ഡേ പരേഡിന് വൻ തയ്യാറെടുപ്പുമായി ഫ്ലോറൽ പാർക്ക് മെർച്ചൻറ്സ് അസ്സോസ്സിയേഷൻ

ന്യൂയോർക്ക്: കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നു വരുന്ന ഫ്ലോറൽ പാർക്ക് ബെല്ലെറോസ് ഭാഗത്തെ ഇന്ത്യാ ഡേ പരേഡിന് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വമ്പിച്ച ഒരുക്കങ്ങളുമായി ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് മെർച്ചന്റ്സ് അസ്സോസിയേഷൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം കൂടിയ അസ്സോസിയേഷൻ ഭാരവാഹികളുടെയും ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുടെയും സംയുക്ത യോഗത്തിൽ പരേഡിന് വേണ്ട തയ്യാറെടുപ്പുകളെപ്പറ്റി ചർച്ച നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറെ എഴുപത്തഞ്ചാമതു വർഷമായതിനാൽ മുൻ വർഷങ്ങളതിനേക്കാൾ വിപുലമായ രീതിയിലാണ് ആഘോഷ ക്രമീകരണങ്ങൾ നടത്തുന്നത്. ബെല്ലെറോസിലുള്ള സെൻറ് ഗ്രീഗോറിയോസ് പള്ളിയുടെ അങ്കണത്തിൽ 14 -ന് ഞായറാഴ്ച ഉച്ചക്ക് 2 മുതൽ വൈകിട്ട് 6 വരെ സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ഗ്രിഗോറിയൻ ഹാൾ ഓഡിറ്റോറിയത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷങ്ങൾ നടത്താനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.

മിനി പരേഡ്, പതാക ഉയർത്തൽ, ദേശീയ ഗാനാലാപനം, പ്രമുഖ വ്യക്തികളെ ആദരിക്കൽ, ഡി.ജെ കലാപരിപാടികൾ, പരമ്പരാഗത നൃത്ത-നൃത്യങ്ങൾ, ദേശഭക്തി ഗാനങ്ങൾ തുടങ്ങി നിരവധി അനവധി പരിപാടികളോടുകൂടിയുള്ള ആഘോഷങ്ങളാണ് അരങ്ങേറുന്നത്. വിവിധ സംസ്ഥാനക്കാരായ എല്ലാ ഇന്ത്യക്കാരെയും ഉൾപ്പെടുത്തി കലാപരിപാടികൾ ക്രമീകരിച്ചിട്ടുണ്ടെന്നു സംഘാടകരിൽ പ്രമുഖനും സാമൂഹിക പ്രവർത്തകനും മെർച്ചൻറ്സ് അസ്സോസ്സിയേഷൻ വൈസ് പ്രസിഡൻറുമായ കോശി തോമസ് അറിയിച്ചു.

2022 -ലെ മിസ്സ് ഇന്ത്യാ ന്യൂയോർക്ക് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ മീരാ മാത്യു, മിസ്സസ് ബ്യൂട്ടിഫുൾ സ്മൈൽ ഇന്ത്യ വേൾഡ്‌വൈഡ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ട ശില്പ അജിത് എന്നിവരാണ് പരേഡിലെ പ്രമുഖ സെലിബ്രിറ്റികൾ.

ബല്ലെറോസിലെ സന്തൂർ റെസ്റ്റാറന്റിൽ കൂടിയ പരേഡ് ക്രമീകരണ യോഗത്തിൽ മർച്ചന്റ് അസ്സോസ്സിയേഷൻ ചെയർമാൻ സുബാഷ് കപാഡിയ, പ്രസിഡൻറ് ഹേമന്ത് ഷാ, വൈസ് പ്രസിഡൻറ് കോശി തോമസ്, സെക്രട്ടറി മേരി ഫിലിപ്പ്, ഡോ. രമേശ് ടാക്കർ, അശോക് ജെയിൻ, ഭരത് ഗോരാടിയ, ബ്രഹാഷിദ ഗുപ്ത, കളത്തിൽ വർഗീസ്‌, വി.എം. ചാക്കോ, ജെയ്‌സൺ ജോസഫ്, ജോർജ് കൊട്ടാരം, മാത്യുക്കുട്ടി ഈശോ, ആശാ മാമ്പള്ളി, മാത്യു തോമസ്, വർഗീസ് എബ്രഹാം, ഡെൻസിൽ ജോർജ് തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. 14-നു ഞായറാഴ്ച്ച നടക്കുന്ന പരിപാടിയിൽ രാജ്യസ്നേഹികളായ എല്ലാ ഇൻഡ്യാക്കാരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. വിവിധ ഫുഡ് സ്റ്റാളുകളും മറ്റും യോഗ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: കോശി തോമസ് (347-867-1200), ഹേമന്ത് ഷാ (516 -263 -9624).

Print Friendly, PDF & Email

Leave a Comment

More News