യുഎസില്‍ സാമൂഹിക അകലവും ക്വാറന്റീനും അവസാനിപ്പിച്ചതായി സിഡിസി

വാഷിംഗ്ടണ്‍: കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നിലവില്‍ വന്ന സാമൂഹിക അകലം പാലിക്കലും ക്വാറന്റീനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു.

പുതിയ ഗൈഡ്ലൈന്‍ പ്രസിദ്ധീകരിച്ചതില്‍ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതും അവസാനിപ്പിക്കുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു.

പുതിയ ഗൈഡ്ലൈന്‍ അനുസരിച്ച് കോവിഡിനെ തുടര്‍ന്ന് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസ തടസ്സം നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ വീട്ടില്‍ എത്തിയാല്‍ 10 ദിവസത്തെ വിശ്രമമെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കോവിഡ് രോഗലക്ഷണങ്ങള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ഐസലേഷനില്‍ കഴിയണമെന്നും തുടര്‍ന്ന് ഡോക്ടറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിഡിസിയുടെ പുതിയ നിര്‍ദേശം ജനങ്ങളിലുണ്ടായിരുന്ന കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ ദുരീകരിക്കാന്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment