ഇന്‍സ്റ്റഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍

ഹവായ് :  ഇന്‍സ്റ്റാഗ്രാമില്‍ 20 ദശലക്ഷത്തോളം അനുയായികളുള്ള പ്രശസ്ത ഇന്‍സ്റ്റാഗ്രാം മോഡല്‍ കോര്‍ട്ട്‌നി ക്ലെന്നിയെ കാമുകന്‍ കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റു ചെയ്തു. മയാമി സ്റ്റേറ്റ് അറ്റോര്‍ണി കാതറിന്‍ ഫെര്‍ണാണ്ടസ് വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 10ന് ഹാവായില്‍ വെച്ചാണ് കോര്‍ട്ട്‌നി ക്ലെന്നിയെ അറസ്റ്റു ചെയ്തത്. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിനു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഈസ്റ്റ് ഹവായ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റി.

ഏപ്രില്‍ മൂന്നിനു ഫ്‌ലോറിഡയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പുലര്‍ച്ചെ നാലരക്കും അഞ്ചിനും ഇടയിലാണ് കാമുകനായ ക്രിസ്റ്റ്യന്‍ ടോബി ഒബംസെലി കുത്തേറ്റു മരിച്ച്. പൊലീസെത്തി ടോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2020ല്‍ തുടങ്ങിയ ഇവരുടെ ബന്ധം പലപ്പോഴും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. ഇവര്‍ തമ്മില്‍ പലപ്പോഴും കുടുംബകലഹങ്ങള്‍ ഉണ്ടായിരുന്നതായും അറസ്റ്റ് വാറന്റില്‍ പറയുന്നു.

സംഭവ ദിവസം ക്രിസ്റ്റ്യന്‍ ടോബി തന്റെ കഴുത്തിനു കുത്തിപിടിച്ചു ചുമരില്‍ ചേര്‍ത്തു നിര്‍ത്തിയതായും അവിടെ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു അടുക്കളയിലേക്ക് ഓടി, അവിടെ കണ്ട കത്തിയെടുത്ത് ടോബിക്കു നേരെ എറിയുകയുമായിരുന്നുവെന്നാണ് കോര്‍ട്ട്‌നി പൊലീസിന് മൊഴി നല്‍കിയത്.

എന്നാല്‍, ടോബിയുടെ മാറില്‍ ഉണ്ടായ മൂന്നര ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് മയാമി കൗണ്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഏപ്രിലില്‍ നടന്ന സംഭവത്തില്‍ അറസ്റ്റു വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇതൊരു സങ്കീര്‍ണമായ കേസാണെന്നും ഇവര്‍ക്കെതിരെയുള്ള ചാര്‍ജ് കോടതിയില്‍ നിലനില്‍ക്കുമോ എന്നു പരിശോധിക്കേണ്ടതുണ്ടായിരുന്നു വെന്നാണ് മയാമി പൊലീസ് ചീഫ് മാന്വവേല്‍ മൊറാലസ് പറഞ്ഞത്.

ക്രിസ്റ്റ്യന്‍ ടോബി സൗമ്യനും ഉയര്‍ന്ന കുടുംബ മൂല്യങ്ങള്‍ സൂക്ഷിക്കുകയും ചെയ്തിരുന്നുവെന്ന് ടോബിയുടെ മരണം ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment