സൽമാൻ റുഷ്ദിക്ക് ശസ്ത്രക്രിയ; ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്; അക്രമി കസ്റ്റഡിയിൽ

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ചൗതൗക്വായില്‍ ഒരു പ്രഭാഷണത്തിനിടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. കഴുത്തിൽ കുത്തേറ്റ റുഷ്ദിയെ ഹെലികോപ്റ്ററിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

അദ്ദേഹം വെന്റിലേറ്ററിലാണെന്നും, ഒരു കണ്ണ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും, സംസാരിക്കാന്‍ കഴിയുന്നില്ലെന്നും റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കരളിന് കേടുപാടുകളും സംഭവിച്ചു, വാർത്ത നല്ലതല്ലെന്ന് ആന്‍ഡ്രൂ വൈലി പറഞ്ഞു.

“ദ സാത്താനിക് വേഴ്‌സ്” എഴുതിയതിന് ശേഷം വർഷങ്ങളോളം ഇസ്ലാമിസ്റ്റ് വധഭീഷണി നേരിട്ട റുഷ്ദിയെ പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ഒരു പരിപാടിയിൽ 24 കാരനായ ന്യൂജേഴ്‌സി നിവാസിയാണ് കുത്തിയത്.

ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മതർ (24) ആണ് റുഷ്ദിയെ കുത്തിയതെന്ന് തിരിച്ചറിഞ്ഞതായി ന്യൂയോർക്ക് സ്റ്റേറ്റ് പോലീസിലെ മേജർ യൂജിൻ സ്റ്റാനിസ്‌സെവ്‌സ്‌കി വെള്ളിയാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ പറഞ്ഞു.

തെക്കുപടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ചൗതൗക്വ തടാകത്തിലെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സമൂഹമായ ചൗതൗക്വാ ഇൻസ്റ്റിറ്റ്യൂഷനിലെ സ്റ്റേജിൽ നിൽക്കുമ്പോഴാണ് റുഷ്ദിക്ക് (75) കഴുത്തിന് കുത്തേറ്റത്.

ഉടൻ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയും റുഷ്ദിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Leave a Comment

More News