കേരളത്തിൽ ഹർഘർ തിരംഗ പദ്ധതി സംസ്ഥാന സർക്കാർ പരാജയപ്പെടുത്തി: പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 90 ശതമാനം സ്‌കൂളുകളിലും കുടുംബശ്രീ നിർമ്മിച്ച പതാകകൾ വിതരണം ചെയ്തില്ല. ദേശീയ പതാകയോട് സർക്കാർ അനാദരവ് കാട്ടി. ദേശീയതയ്ക്കും രാഷ്ട്രത്തിന്റെ ഐക്യത്തിനും എതിരായ വലിയ വെല്ലുവിളിയാണ് സർക്കാരിന്റെ നടപടിയെന്നും കൃഷ്ണദാസ് പറഞ്ഞു.

മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണം. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമുളള കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം അട്ടിമറിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ ആഘോഷപൂര്‍വ്വം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളം മാറി നില്‍ക്കുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. രാജ്യ സ്നേഹികളുടെ ആഗ്രഹത്തെ രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസ്ഥാനസര്‍ക്കാര്‍ തമസ്‌ക്കരിച്ചിരിക്കുകയാണ്. വിഘടനവാദത്തിന്റെ വെടിയൊച്ചയാണ് ഇതിലൂടെ മുഴങ്ങുന്നത്, രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ നമുക്ക് ബാധകമല്ലെന്ന് വിളിച്ചു പറയുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവം അട്ടിമറിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ പരാതി നൽകുമെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനത്ത് ഹർഘർ തിരംഗ പദ്ധതി അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, രാജ്യദ്രോഹ പ്രവൃത്തി ചെയ്ത ജലീൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നും, ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News