ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്; വ്യാജ പ്രചാരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് സിപി‌എം

തിരുവനന്തപുരം: പാലക്കാട് പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി സംഘമാണെന്ന് സിപിഎം ആരോപിച്ചു. കൊലപാതകത്തിന് ശേഷം വ്യാജപ്രചാരണം അഴിച്ചുവിടുന്നത് അങ്ങേയറ്റം ക്രൂരമാണ്. ക്രിമിനൽ പ്രവർത്തനം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നും സിപിഎം സെക്രട്ടേറിയറ്റ് ആരോപിച്ചു.

ഉന്നതവിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് ഷാജഹാൻ ബോർഡ് വെച്ചപ്പോൾ അത് മാറ്റി ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് അതേ സ്ഥലത്ത് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷാജഹാൻ വധക്കേസിലെ പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും സിപി‌എം പറയുന്നു.

കേരളത്തില്‍ മാത്രം ആറ്‌ വര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെയാണ്‌ ആര്‍എസ്‌എസ്‌ ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്‌. ഓരോ കൊലപാതകത്തിന് ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ്‌ ഇക്കൂട്ടർ. സംസ്ഥാനത്ത്‌ പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത്‌ കലാപമുണ്ടാക്കലാണ്‌ ആര്‍എസ്‌എസ്‌ ലക്ഷ്യം.

എല്ലാ വ്യാജ പ്രചാരണങ്ങളും ജനങ്ങൾ തിരിച്ചറിയണമെന്നും അവ തള്ളിക്കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. അതേസമയം, ഷാജഹാന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം ബിജെപി തള്ളി. കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നും സിപിഎമ്മിലെ പ്രാദേശിക വിഭാഗീയത മറച്ചുവയ്ക്കാനാണ് പാര്‍ട്ടിയെ മറയാക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി സി കൃഷ്‌ണകുമാർ ആരോപിച്ചു

Print Friendly, PDF & Email

Leave a Comment

More News