ഫ്ലോറൽ പാർക്ക് ഇന്ത്യൻ മര്‍ച്ചന്റ്സ് അസ്സോസിയേഷൻ ഇന്ത്യയുടെ 75- മത് സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി നടത്തി

ന്യൂയോർക്ക്: ഫ്ലോറൽ പാർക്ക് – ബെല്ലെറോസ് മർച്ചന്റ്‌സ് അസ്സോസ്സിയേഷന്റെ (F-BIMA) ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനം വളരെ വിപുലമായി ആഘോഷിച്ചു. ബല്ലെറോസിലുള്ള സെന്റ് ഗ്രിഗോറിയൻ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മെർച്ചന്റ്സ് അസ്സോസിയേഷൻ ഫ്ലോറൽ പാർക്ക് ഭാഗത്തു ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പരേഡുകൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ കോവിടിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇക്കൊല്ലം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്.

ഓഗസ്റ്റ് 14 ഞായറാഴ്ച ഉച്ച്ക്കു 2-ന് ബല്ലെറോസിലുള്ള ഗ്രിഗോറിയൻസ് ഹാളിനു വെളിയിൽ നടത്തിയ മിനി പരേഡിൽ മലയാളികൾ ഉൾപ്പെടെ നൂറു കണക്കിന് ഇന്ത്യക്കാരും പ്രാദേശിക ജനങ്ങളും പങ്കെടുത്തു. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റിലെ (NYPD) ഓഫീസർമാരുടെ മാർച്ച് പാസ്റ്റോടുകൂടി ഹാളിനുള്ളിൽ എല്ലാവരും പ്രവേശിച്ചതിന് ശേഷം മെർച്ചന്റ്സ് അസോസിയേഷൻ ചുമതലക്കാരുടെയും ഇന്ത്യൻ കോൺസുലെറ്റ് പ്രതിനിധിയുടേയും നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങു നടന്നു. കോൺഗ്രസ്സ് വുമൺ ഗ്രെയ്‌സ് മെങ്, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർമാർ, അസ്സംബ്ലി അംഗങ്ങൾ, ഹെംസ്റ്റഡ് ടൌൺ സൂപ്പർവൈസർ, ഹെംസ്റ്റഡ് ജഡ്‌ജ്‌, തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിലെ പ്രമുഖരായ പല വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ മിലിറ്ററി സേവനം നടത്തിയ നേഴ്സ്മാരെ അസ്സംബ്‌ളിമാൻ ഡേവിഡ് വിപ്രിൻ പ്രശംസാപത്രം നൽകി ആദരിച്ചു. വിവിധ കലാപരിപാടികൾ ചടങ്ങിന് കൊഴുപ്പേകി. മർച്ചന്റ്സ് അസ്സോസിയേഷൻ ചെയർമാൻ സുബാഷ് കപാഡിയ, പ്രസിഡൻറ് ഹേമന്ത് ഷാ, വൈസ് പ്രസിഡന്റ് കോശി തോമസ്, സെക്രട്ടറി മേരി ഫിലിപ്പ്, ഡെമോക്രാറ്റിക്‌ പാർട്ടി വൈസ് ചെയർമാൻ കളത്തിൽ വർഗീസ് ഡെൻസിൽ ജോർജ്, വി. എം. ചാക്കോ, ജേസൺ ജോസഫ്, ദിലീപ് ചൗഹാൻ, മാത്യു തോമസ്, ആശാ മാമ്പള്ളി, ഉജ്ജ്വല ഷാ തുടങ്ങിയവർ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

2022 -ലെ മിസ്സ് ഇന്ത്യ ന്യൂയോർക്ക് ആയി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ മീര മാത്യു, 2022 -ലെ മിസ്സിസ് ബ്യൂട്ടിഫുൾ സ്‌മൈൽ ഇന്ത്യ വേൾഡ്-വൈഡ് മിസ്സസ് ശില്പ അജിത്, സ്പോർട്സ് താരവും സിനിമാ നടിയും ടി.വി. സ്റ്റാറുമായ പ്രാച്ചി ടെഹ്‌ലാൻ എന്നിവർ ഗ്രാൻഡ് മാർഷൽമാരായി പരേഡിന് നേതൃത്വം നൽകിയത് ചടങ്ങിന് പകിട്ടേകി. കേരള കൾച്ചറൽ അസ്സോസ്സിയേഷൻ ചെണ്ട ടീമിൻറെ ചെണ്ടമേളം സ്വാതന്ത്ര്യ ദിനാഘോഷം താളമേളങ്ങളുടെ ആഘോഷമാക്കി മാറ്റി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലിയുടെ ആവേശം പങ്കു വച്ച് എല്ലാ ഇന്ത്യാക്കാരും ചേർന്ന് സ്വാതന്ത്ര്യ ദിനാഘോഷം കൊഴുപ്പിച്ചപ്പോൾ പ്രാദേശികരായ മറ്റു പല രാജ്യക്കാരും ആ സന്തോഷത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളും, സ്ഥാപനങ്ങളും ബിസിനസ്സ്കാരും ആഘോഷങ്ങളിൽ സ്പോൺസർമാരായി പിന്തുണച്ചു.

Print Friendly, PDF & Email

Leave a Comment