ഭാര്യയെ മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് വിവാഹമോചനത്തില്‍ കലാശിക്കും: ഹൈക്കോടതി

എറണാകുളം: മറ്റ് സ്ത്രീകളെ താരതമ്യം ചെയ്യുന്നതും പരിഹസിക്കുന്നതും ഒരു ഭാര്യയ്ക്കും സഹിക്കാനാവാത്ത മാനസിക ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. ഭാര്യ തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്റെ അധിക്ഷേപവും ക്രൂരമാണ്. ഇതെല്ലാം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

ക്രൂരത ശാരീരികമായി മാത്രമല്ല മാനസികമായും ഉണ്ടാകാം. ക്രൂരത കാലത്തിനനുസരിച്ച് മാറുന്നതിനാൽ അതിന് സമഗ്രമായ ഒരു നിർവചനം നൽകാൻ പ്രയാസമാണ്. മോശം ഭാഷ ഉപയോഗിച്ചുള്ള വാക്കേറ്റവും മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിയ്‌ക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ തന്‍റെ സങ്കൽപ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നിരാശനാണെന്നും ഭർത്താവ് നിരന്തരം അധിക്ഷേപിക്കാറുണ്ട്.

പുരുഷ സുഹൃത്തുക്കളിൽ നിന്ന് എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ഭർത്താവ് അസൂയപ്പെടുമെന്ന് ഭാര്യയുടെ മൊഴിയിൽ പറയുന്നു. ഇതെല്ലാം മാനസിക ക്രൂരതയാണെന്നും വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്നും കോടതി വിലയിരുത്തി. വിവാഹബന്ധം കഴിയുന്നിടത്തോളം നിലനിർത്തുക എന്നതാണ് സമൂഹത്തിന്റെ താൽപര്യം. എന്നാൽ ദുരിതകരമായ സാഹചര്യങ്ങളുടെ അനന്തമായ തുടർച്ചക്കെതിരെ നിയമത്തിന് കണ്ണടയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

 

Print Friendly, PDF & Email

Leave a Comment