കാര്‍ത്തികേയ 2 റെക്കോര്‍ഡ് കളക്ഷനിലേക്ക്; ആറാം ദിവസം 33.5 കോടിയും കടന്നു

നിഖിൽ സിദ്ധാർത്ഥും അനുപമ പരമേശ്വരനും ഒന്നിക്കുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘കാർത്തികേയ 2’. ഓഗസ്റ്റ് 13ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കാർത്തികേയ 2’ തെലുങ്ക് സിനിമാലോകത്ത് സൂപ്പർഹിറ്റായി മാറിയിരിക്കുകയാണ്.

ആറാം ദിവസം 33.50 കോടിയാണ് ചിത്രം നേടിയത്. ‘കാർത്തികേയ 2’ന്റെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങളായ ‘ലാൽ സിംഗ് ഛദ്ദ’, ‘രക്ഷാബന്ധ’ എന്നിവയെയാണ് കാർത്തികേയ 2 കടത്തി വെട്ടിയത്.

ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് കഴിഞ്ഞ ആഴ്ചയിലെ ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ശനി – 7 ലക്ഷം, ഞായർ – 28 ലക്ഷം, തിങ്കൾ – 1.10 കോടി, ചൊവ്വാഴ്ച – 1.28 കോടി, ബുധൻ – 1.38 കോടി, വ്യാഴം – 1.64 കോടി. മൊത്തം 5.75 കോടി. 5.75 കോടിയാണ് കാർത്തികേയ 2 ഹിന്ദി പതിപ്പിന്റെ അവസാന ആഴ്‌ച ബോക്‌സ് ഓഫീസ് കളക്ഷൻ.

ആദ്യം 53 ഹിന്ദി ഷോകൾ മാത്രമുണ്ടായിരുന്ന ചിത്രത്തിന് ഇപ്പോൾ 1575 ഷോകൾ ഉണ്ട്. 15 കോടി മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വമ്പൻ വിജയത്തെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

കശ്‌മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക്‌ അഗ്‌നിഹോത്രിയും ‘കാര്‍ത്തികേയ 2’വിനെ പുകഴ്‌ത്തി രംഗത്തെത്തിയിരുന്നു. സിനിമയുടെ വിജയത്തില്‍, പ്രത്യേകിച്ച് ഹിന്ദി പതിപ്പിന്‍റെ വിജയത്തില്‍ ‘കാര്‍ത്തികേയ 2’ ടീം അംഗങ്ങള്‍ക്ക് അദ്ദേഹം ട്വിറ്ററിലൂടെ ആശംസ അറിയിച്ചു. സിനിമയുടെ ഹിന്ദി ട്രെയ്‌ലര്‍ പുറത്തുവിട്ടതും വിവേക്‌ അഗ്‌നിഹോത്രി ആയിരുന്നു.

ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങി. കൃഷ്‌ണ ട്രാന്‍സ്‌ എന്ന ഗാനം ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ചാണ് പുറത്തിറങ്ങിയത്. ചൈതന്യ പ്രസാദിന്‍റെ വരികള്‍ക്ക് കാല ഭൈരവയുടെ സംഗീതത്തില്‍ കാല ഭൈരവ, ഹൈമത്ത് മുഹമ്മദ്, സായ്‌ ചരണ്‍, ലോകേശ്വര്‍, ആദിത്യ അയെങ്കര്‍, രോഹിത്, പ്രുദ്‌വി ചന്ദ്ര, അഖില്‍ ചന്ദ്ര, സഹിതി ചഗന്‍തി, ശ്രീ ശൗമ്യ, സ്‌നിഗ്‌ധ ശര്‍മ, ഗോമതി അയ്യര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ഗാനാലാപനം.

2014ല്‍ റിലീസായ ‘കാര്‍ത്തികേയ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘കാര്‍ത്തികേയ 2’. ആദ്യ ഭാഗത്തിന്‍റെ സംവിധായകന്‍ ചന്തു മൊണ്ടേടിയാണ് ‘കാര്‍ത്തികേയ 2’ന്‍റെയും സംവിധാനം നിര്‍വഹിച്ചത്. സീ 5 സിനിമയുടെ ഒടിടി റൈറ്റ്‌സ്‌ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇനിയും സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടില്ല.

മലയാളികളുടെ പ്രിയങ്കരിയായ അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിൽ ദേവസേന എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിച്ചിട്ടുള്ളത്. ബോളിവുഡ് നടൻ അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, ഹർഷ ചെമുഡു എന്നിവരും വേഷമിട്ടിട്ടുണ്ട്. അഭിഷേക് അഗർവാൾ ആർട്‌സ്, പീപ്പിൾ മീഡിയ ഫാക്ടറി എന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം.

‘പ്രേമം’ എന്ന സിനിമയിലൂടെ നിവിൻ പോളിയ്‌ക്കൊപ്പം മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അനുപമ പിന്നീട് തെലുങ്കിൽ സജീവമായി. ബട്ടർഫ്ലൈ ആണ് അനുപമ പരമേശ്വരന്റെ വരാനിരിക്കുന്ന മറ്റൊരു തെലുങ്ക് ചിത്രം. ഘന്ത സതീഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി പുറത്തിറങ്ങും. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment