‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല: എസ്.ഐ.ഒ

വ്യത്യസ്ത മത വിശ്വാസങ്ങളെയും സങ്കൽപങ്ങളെയും മാനിക്കാതെ ‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ വിദ്യാർത്ഥികൾക്ക് മേൽ ഭരണകൂടത്തിൻ്റെ അധികാരം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരം ആശയങ്ങളെ വിമർശിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്‌ലാമോഫോബിയയെ തിരിച്ചറിയണമെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ യൂണിഫോം അടക്കമുള്ള വിഷയങ്ങളിൽ ഭരണകൂട ഇടപെടൽ പ്രതിഷേധാർഹമാണ്. സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണം. പൊതു വിദ്യാദ്യാസ രംഗത്ത് നടപ്പിൽ വരുത്തുന്ന ഏത് ഭേദഗതിയും സമൂഹത്തിലെ വൈവിധ്യങ്ങളെയും വ്യതിരിക്തതകളെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കണം.

സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്തകളെയും ഭരണഘടന വ്യക്തികൾക്ക് നൽകുന്ന വിശ്വാസ- തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെയും നിരാകരിച്ച് കൊണ്ട് ഭരണകൂടം കൈയാളുന്ന ചിലരുടെ മാത്രം നിക്ഷിപ്ത താൽപര്യങ്ങളും ആശയങ്ങളും സ്വേച്ഛാധിപത്യപരമായി പൊതു വിദ്യാർത്ഥി സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിനെ ജനസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്.

വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും മതകീയ ജീവിതം നയിക്കാൻ അവകാശം വേണമെന്നും പറയുമ്പോൾ അതിനെ വംശീയമായി നേരിടുന്നത് ഇസ്‌ലാമോഫോബിയയാണ്. ‘ആറാം നൂറ്റാണ്ട്’, ‘അപരിഷ്കൃതർ’ തുടങ്ങിയ വംശീയ അധിക്ഷേപങ്ങളെയും ചെറുത്ത് തോൽപിക്കേണ്ടതുണ്ടെന്നും എസ്.ഐ.ഒ അഭിപ്രായപ്പെട്ടു.

നിലവിൽ ഭരണഘടന വിശ്വാസികൾക്ക് ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാവുന്ന, കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളിൽ അടക്കം ഇത്തരം ആശയങ്ങൾ ഉൾപ്പെടുത്തുന്ന നടപടി സർക്കാർ നിർത്തിവെക്കണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News