എട്ട് വർഷത്തെ അദ്ധ്യാപന പരിചയം ആവശ്യമുള്ളിടത്ത് പ്രിയ വർഗീസിന് ഇരുപത് ദിവസത്തെ അദ്ധ്യാപന പരിചയം മാത്രം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയില്‍ നിയമിച്ചത് വെറും 20 ദിവസത്തെ അദ്ധ്യാപന പരിചയം വെച്ച്. വിദ്യാഭ്യാസ യോഗ്യതയ്‌ക്കൊപ്പം നിശ്ചിത പ്രവൃത്തി പരിചയം ആവശ്യമുള്ള തസ്തികകളിൽ യോഗ്യതാ പരീക്ഷ പാസായ ശേഷമുള്ള പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കാവൂ എന്ന കേരള ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2014ലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ വിധി ശരി വെച്ചിട്ടുമുണ്ട്.

പ്രിയ വർഗീസ് 2019-ലാണ് കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് രണ്ട് വർഷത്തേക്ക് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ നിയമിതയായി (7-8-2019 മുതൽ 15-6-2021 വരെ). 2021 ജൂൺ 16-ന് തൃശ്ശൂരിലെ കേരള വർമ്മ കോളേജിൽ വീണ്ടും പ്രവേശനം ലഭിച്ചു. 7-7-2021 മുതൽ സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ തുടരുന്നു.

കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ തസ്തികയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ തസ്തികയും അനദ്ധ്യാപക തസ്തികകളാണ്. യുജിസി ചട്ടപ്രകാരം അസോസിയേറ്റ് പ്രൊഫസറെ നേരിട്ട് നിയമിക്കുന്നതിന് ഗവേഷണ ബിരുദവും എട്ട് വർഷത്തെ അദ്ധ്യാപന പരിചയവും ആവശ്യമാണ്.

2019 ല്‍ പി എച്ച് ഡി ബിരുദം നേടിയശേഷം പ്രിയ വര്‍ഗീസിന് ഇരുപത് ദിവസത്തെ അധ്യാപന പരിചയം മാത്രമാണുള്ളത്. 2021 നവംബര്‍ 12 വരെ അപേക്ഷ സ്വീകരിച്ച്, തൊട്ടടുത്ത ദിവസം വിസിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അപേക്ഷകളുടെ പ്രാഥമിക പരിശോധന നടത്തി. നവംബര്‍ 18-ന് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുകയായിരുന്നു.

പത്ത് പേര്‍ അപേക്ഷകരായുണ്ടായിരുന്നു. അതില്‍ നാലുപേരുടെ ഗവേഷണ ലേഖനങ്ങള്‍ യുജിസി അംഗീകൃത ഗവേഷണ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ പരിശോധന സമിതി പ്രസ്തുത അപേക്ഷകള്‍ നിരാകരിച്ചതായും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.

പ്രിയ വര്‍ഗീസ് ഉള്‍പ്പെടെ ഇന്റര്‍വ്യൂവിന് ക്ഷണിക്കാന്‍ തയ്യാറാക്കിയ ചുരുക്കപട്ടികയിലെ ആറു പേരില്‍ നാലുപേര്‍ ഗവേഷണ ബിരുദം നേടിയ ശേഷം 8 മുതല്‍ 13 വര്‍ഷം വരെ അംഗീകൃത അദ്ധ്യാപന പരിചയമുള്ളവരും നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ-അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസി ദ്ധീരിച്ചിട്ടുള്ളവരുമാണ്.

പ്രിയ വര്‍ഗീസ് അപേക്ഷയോടൊപ്പം സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ 2012 മാര്‍ച്ച് മുതല്‍ 2021 വരെ ഒന്‍പത് വര്‍ഷം കേരളവര്‍മ്മ കോളേജിലെ അധ്യാപികയാണെന്ന് രേഖപെടുത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നുവര്‍ഷം ഗവേഷണത്തിന് ചെലവഴിച്ചതും, രണ്ടുവര്‍ഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനിലായിരുന്നതും മറച്ചുവെച്ചാണ് അപേക്ഷ സമര്‍പ്പിച്ചത്.

ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ 1999-ല്‍ പിഎച്ച്ഡി ബിരുദം നേടിയ ജോസഫ് സ്‌കറിയ (എസ്ബി കോളേജ്, ചങ്ങനാശ്ശേരി), 2011-ല്‍ ഗവേഷണ ബിരുദം നേടിയ സി.ഗണേഷ് (മലയാളം യൂണിവേഴ്‌സിറ്റി), 2009-ല്‍ ബിരുദം നേടിയ ഡി. രജികുമാര്‍ (എം ഇ എസ് കോളേജ്), 2011-ല്‍ ഗവേഷണ ബിരുദം നേടിയ മുഹമ്മദ് റാഫി (മലയാളം സര്‍വ്വകലാശാല) എന്നീ അധ്യാപകരെ പിന്തള്ളിയാണ് 2019-ല്‍ ഗവേഷണ ബിരുദം നേടിയ, ഇരുപതു ദിവസത്തെ അധ്യാപനപരിചയം മാത്രമുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കിയത്.

പി.എച്ച്.ഡി ബിരുദം നേടിയ ശേഷമുള്ള അധ്യാപന പരിചയം മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂവെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികയില്‍ നിന്നും പ്രിയ വര്‍ഗീസിന്റെ പേര് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതി വിധിയുടെ പകര്‍പ്പ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവര്‍ ഗവര്‍ണര്‍ക്ക് നിവേദനമായി സമര്‍പ്പിച്ചിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News