തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ഇടുക്കി പൂപ്പാറ സ്വദേശിയായ യുവാവ് മരിച്ചു

ഇടുക്കി: പൊറോട്ട കഴിക്കുന്നതിനിടെ അന്നനാളത്തില്‍ കുടുങ്ങി യുവാവ് മരിച്ചു. പൂപ്പാറ ചൂണ്ടൽ സ്വദേശി ബാലാജിയാണ് മരിച്ചത്. കട്ടപ്പനയിലെ ഒരു ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങി ലോറിയിലിരുന്ന് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ പൊറോട്ട കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്.

വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള വളം ഇറക്കിയ ശേഷം ലോഡ്ജിലേയ്ക്ക് മടങ്ങുന്നതിന് മുമ്പ് ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി. തുടര്‍ന്ന് ലോറിയില്‍ ഇരുന്ന് ഭക്ഷണം കഴിച്ചു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയതോടെ ശ്വാസ തടസം അനുഭവപ്പെടുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍കോളജിലേയ്ക്ക് മാറ്റി. കട്ടപ്പനയിലേയും പരിസര പ്രദേശങ്ങളിലേയും തോട്ടങ്ങളിലേയ്ക്ക് വളം എത്തിയ്ക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി.

അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയിലെ കട്ടപ്പനയിൽ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവും ചത്ത പാറ്റയും കണ്ടെത്തിയതിനെട തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടൽ അടപ്പിച്ചു. കട്ടപ്പന മാർക്കറ്റിനുള്ളിൽ പ്രവർത്തിക്കുന്ന സിറ്റി ഹോട്ടലാണ് അടപ്പിച്ചത്. ഞായറാഴ്ച മേട്ടുക്കുഴി സ്വാദേശിയായ ലിസി പൊറോട്ടയ്ക്കൊപ്പം വാങ്ങിയ സാമ്പാറിലാണ് പുഴുവിനെയും ചത്ത പാറ്റയെയും കണ്ടെത്തിയത്. ഇവർ ഭക്ഷ്യ സുരക്ഷ വകുപ്പിന് ഇ മെയിൽ വഴി പരാതി നൽകി. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ അടുക്കളയിലുൾപ്പെടെ വൃത്തി ഹീനമായ സാഹചര്യമാണ് കണ്ടെത്തിയത്. ഭക്ഷണം സൂക്ഷിക്കുന്നതടക്കം വൃത്തിഹീനമായിരുന്നു. ഇതേ തുടർന്നാണ് ഹോട്ടൽ അടച്ചുപൂട്ടിച്ചത്.

Print Friendly, PDF & Email

Leave a Comment

More News