യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം ലഭിക്കും: ശിവൻകുട്ടി

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം സാധ്യമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ നടത്തി വരികയാണെന്നും രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആ സ്‌കോറിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

അംഗീകൃത ശാസ്ത്രീയ രീതികളിലൂടെയായിരിക്കും പ്ലസ് വൺ പ്രവേശനം. ബോണസ് പോയിന്റുകൾ കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മുൻ വർഷങ്ങളിൽ 18 പോയിന്റ് വരെ ബോണസായി നൽകിയിരുന്നെങ്കിൽ ഇത്തവണ അത് 10 ആയി നിജപ്പെടുത്തി.

നീന്തലിന്റെ ബോണസ് പോയിന്റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവ സംസ്ഥാനമാണ് കേരളം. അതിനുമുമ്പ് മെറിറ്റ് അടിസ്ഥാനത്തിൽ വളരെ കുറച്ച് സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിന് ശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും പരിഗണിക്കുന്നത്. തുല്യ സ്കോർ വരുന്നവരെ പരിഗണിക്കുമ്പോഴാണ് മറ്റ് ഘടകങ്ങൾ പരിഗണിക്കാൻ നിർബന്ധിതരാകുന്നത്. പി.എസ്.സി പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും.

പരമാവധി കുട്ടികൾക്ക് ഇഷ്ടമുള്ള സ്‌കൂളുകളിൽ താല്‍പര്യമുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്‍റെ വിജയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബു ഐഎഎസിന് നിർദേശം നൽകി. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ ഇന്ന് മന്ത്രിയെ നേരിൽ കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിനികളെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. പ്ലസ് വണ്ണിന് പ്രവേശനം നേടിയ വിദ്യാർത്ഥിക്ക് ശിരോവസ്ത്രം അനുവദിക്കാനാവില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായാണ് പരാതി. സ്കൂള്‍ യൂണിഫോം കോഡില്‍ ശിരോവസ്ത്രമില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം.

കുട്ടിയ്ക്ക് തട്ടമിടാനും പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കിൽ കുട്ടിയെ സ്കൂളില്‍ ചേര്‍ത്താല്‍ മതി എന്ന് പ്രിൻസിപ്പൽ പറഞ്ഞതായി വിദ്യാർത്ഥിയുടെ രക്ഷിതാവ് ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News