ഫൊക്കാന ന്യൂയോര്‍ക്ക് റീജണല്‍ കണ്‍‌വന്‍ഷനും ഓണാഘോഷവും പ്രൗഢഗംഭീരമായി

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോര്‍ക്ക് റീജണല്‍ കണ്‍‌വന്‍ഷനും ഈ വര്‍ഷത്തെ ഓണാഘോഷവും ഓഗസ്റ്റ് 21-ന് റോക്ക്‌ലാന്റ് കൗണ്ടി ക്ലാര്‍ക്ക്സ്ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സാധക സംഗീത സ്‌കൂളിന്റെ ഡയറക്ടര്‍ പ്രൊഫ. സാധക അലക്‌സാണ്ടറുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

ഫൊക്കാനാ അസോസിയേറ്റ് ട്രഷറര്‍ അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. മുഖ്യാതിഥിയായിരുന്ന ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ ഓണ സന്ദേശം നല്‍കുകയും, നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ ഫ്‌ളോറിഡയിലെ മയാമിയില്‍ വെച്ച് നടത്തുന്ന നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു. റീജണല്‍ വൈസ് പ്രസിഡന്റ് റജി വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു.

യോഗത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം, മുന്‍ പ്രസിഡന്റ് സുധാ കര്‍ത്ത, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ ഷൈജു എബ്രഹാം, ജോര്‍ജി തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോഡിനേറ്റര്‍ സരൂപ അനുവിന്റെ നൃത്ത രൂപത്തില്‍ അവതരിപ്പിച്ച ഗണപതി സ്തുതിയും, സാത്വിക്ക് അക്കാദമിയുടെ ഡയറക്ടറായ ദേവിക നായരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഓപ്പണിങ് ഡാന്‍സും പ്രേക്ഷകരുടെ കണ്ണഞ്ചിപ്പിച്ചു . റോക്ക് ലാന്‍ഡ് സ്‌കൂള്‍ ഓഫ് വയലിന്‍ ടീമംഗങ്ങള്‍ അവതരിപ്പിച്ച സംഗീത പരിപാടി വളരെ മനോഹരമായിരുന്നു.

ഫൊക്കാന അസോസിയേറ്റ് സെക്രട്ടറി ബാലാ കെയാര്‍കെയുടെ നേതൃത്വത്തില്‍ താലപ്പൊലി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ചു. അനന്യ ശര്‍മ, നന്ദിനി തോപ്പില്‍, ബ്രയാന്‍ ജേക്കബ് എന്നിവര്‍ മനോഹരമായ നൃത്തങ്ങള്‍ അവതരിപ്പിച്ചു. കലാഭവന്‍ മധുകര്‍ ലാല്‍, ബാബു നരിക്കുളം, തോമസ് ജോര്‍ജ്, ജെയിംസ് ജോയ് എന്നിവര്‍ കര്‍ണാനന്ദകരമായ ഗാനങ്ങള്‍ ആലപിച്ചു.

ഷാജി സാമുവല്‍, ബിനു പോള്‍ എന്നിവര്‍ ഓണസദ്യക്ക് നേതൃത്വം നല്‍കി. മാവേലിയായി വേഷമിട്ടത് ഫൊക്കാന ട്രഷറര്‍ എബ്രഹാം കളത്തില്‍ ആയിരുന്നു. ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുജ ജോസ് പരിപാടിയുടെ എംസി ആയി പ്രവര്‍ത്തിച്ചു. മൈക്കിള്‍ കുര്യന്‍ ആയിരുന്നു പ്രോഗ്രാമിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയത് കോണ്‍കേര്‍സ് എം ജി എം ആയിരുന്നു.

മാധ്യമപ്രവര്‍ത്തകനും ഇ മലയാളി ഓണ്‍ലൈന്‍ മീഡിയയുടെ ഡയറക്ടറുമായ ജോര്‍ജ് ജോസഫിന്റെ സാന്നിധ്യം ശ്രദ്ധേയമായി. നാഷണല്‍ കമ്മറ്റി അംഗം ക്രിസ് തോപ്പിലിന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News