‘ഭക്തി മഞ്ജുഷ’ – ഭക്തിയുടെ സുഗന്ധ കുസുമങ്ങൾ നിറച്ച ഒരു പൂക്കൂട (പുസ്തകാവലോകനം): തൊടുപുഴ കെ ശങ്കർ, മുംബൈ

ആമുഖം:
എഴുത്തിന്റെ ലോകത്തിൽ ബഹുമാന്യനായ ശ്രീമാൻ ഡോക്ടർ. സി എൻ എൻ നായർ നമുക്ക് പുതുമുഖനല്ലല്ലോ!മലയാളത്തിലും ഇംഗ്ലീഷിലും തുല്യ സാന്ദ്രതയോടെ വിവിധ കൃതികൾ സാഹിത്യലോകത്തിനു സംഭാവന ചെയ്ത വ്യക്തിയെന്ന നിലയിൽ അദ്ദേഹം മുംബൈക്കകത്തും പുറത്തും സുപരിചിതനാണ്. മുംബൈയിൽ മട്ടുംഗയിലും ഇതര ഭാഗങ്ങളിലുമുള്ള സമാജങ്ങളിലും സമയാ സമയങ്ങളിൽ നടന്നുവരുന്ന സാഹിത്യ സമ്മേളനങ്ങളിൽ വാഗ്മികളായ പ്രാസംഗികരിൽ ഒരാളെന്ന നിലയിൽ ശ്രീമാൻ നായർ സർ എല്ലായ്‌പ്പോഴും ഒരു നിറസാന്നിദ്ധ്യമാണ്.

വി എസ് എൻ എൽ എന്ന ബൃഹത് സ്ഥാപനത്തിൽ പല ഉത്തരവാദിത്വ പൂർണ്ണമായ തസ്തികകളിലും പ്രവർത്തിച്ചു ജനറൽ മാനേജർ എന്ന ഉന്നത പദവിയിൽ നിന്നും വിരമിച്ച ശേഷം ഇപ്പോൾ സ്വച്ഛമായ കുടുംബ ജീവിതവും അതോടൊപ്പം സാഹിത്യ സേവനവും സമഭാവനയോടെ നടത്തി വരുന്നു. സംസ്കൃതം പ്രതേക വിഷയമാക്കി ഇംഗ്ലീഷ്ൽ ബിരുദവും പിന്നീട് ഇംഗ്ലീഷ് ഭാഷയിൽ എം എ യും തുടർന്നു ഡോക്ടറേറ്റും മുംബൈ സർവ്വകലാ ശാലയിൽ നിന്നും കരസ്ഥമാക്കി.
ഔദ്യോഗികമായി അദ്ദേഹം അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഫ്രാൻസ് , സൗത്ത് ആഫ്രിക്ക, സിങ്കപ്പൂർ, ഇറ്റലി, യു എ ഇ എന്നീ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

ഒരു തികഞ്ഞ ഭക്തനും ഭക്തി കാര്യങ്ങളിൽ അതീവതല്പരനും ജ്ഞാനിയുമായ ശ്രീമാൻ നായർ സർ ഈ അടുത്ത കാലത്തു പ്രസിദ്ധീകരിച്ച (234 പേജ്) ഒരു വിശിഷ്‌ഠ ഗ്രന്ഥമാണ് ഭക്തി മഞ്ജുഷ! ഭക്തന്മാർ അവശ്യം സൂക്ഷിക്കേണ്ട ഒരു സമ്പൂർണ്ണ ഗ്രന്ഥമെന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം! വളരെ ഉദാര മനസ്ഥിതിയോടെ അദ്ദേഹം ഒരു കോപ്പി എനിക്ക് സമ്മാനിച്ചു. വാസ്തവത്തിൽ ധാരാളം ഭക്തി കാര്യങ്ങൾ നിറഞ്ഞ ഒരു പുസ്തകമായി എനിക്ക് അനുഭവപ്പെട്ടു.

വിവിധ വിഷയങ്ങളെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹം ഇതുവരെ വിരചിച്ചിട്ടുള്ള മൊത്തം കൃതികൾ ഭക്തി മഞ്ജുഷ യുൾപ്പടെ 16 . ഇതിനും പുറമെ, ധാരാളം ലേഖനങ്ങളും പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉള്ളടക്കം:
‘ഭക്തി മഞ്ജുഷ’യിലെ താളുകൾ മറിക്കുമ്പോൾ, അതിലെ ഉള്ളടക്കത്തെ 8 ഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. അവ ഇപ്രകാരമാണ്:

1) പ്രാർത്ഥനാ ശ്ലോകങ്ങൾ
2) കീർത്തനങ്ങൾ, സ്തുതികൾ
3) അദ്ധ്യാത്മ രാമായണം, സ്തുതികൾ
4) ശിവസ്തുതികൾ
5) ദേവീസ്തുതികൾ
6) നാരായണീയം
7) ശ്രീമദ് ഭഗവദ് ഗീത
8) ശ്രീമഹാഭാഗവതം – സ്തുതികൾ

ഓരോ വിഷയത്തിലും, വിവിധ ദേവന്മാരെയും ദേവിമാരെയും പറ്റിയുള്ള ഭക്തി സാന്ദ്രമായ മനോഹരമായ ശ്ലോകങ്ങൾ, സ്തുതികൾ, പ്രാർത്ഥനകൾ, കീർത്തനങ്ങൾ എല്ലാം വളരെ അടുക്കും ചിട്ടയോടും കൂടി ഉൾക്കൊള്ളിച്ചിരിക്കുന്നു. അതിനും പുറമെ, ഭാഗവതത്തിലെയും, പ്രത്യേകം തിരഞ്ഞെടുത്ത ശ്ലോകങ്ങളും, സ്തുതികളും ധാരാളം ഉൾക്കൊള്ളിച്ചിരിക്കുന്നു. നാം ഓർമ്മ വച്ചതു മുതൽ ജീവിതത്തിലെ ഓരോ ഘട്ടത്തിലും കേട്ടുവളർന്ന ഹൃദയ ഹാരിയായ ഭക്തിഗാനങ്ങളും, പ്രശസ്ത പുരാണ ചലച്ചിത്ര ഭക്തി ഗാനങ്ങളും അയ്യപ്പഗാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ സ്തുതികൾ ഈ സമാഹാരത്തിനു ഒരു അലങ്കാരമായി ശോഭിക്കുന്നു.
പുറമെ, പ്രത്യേകം തിരഞ്ഞെടുത്ത ശിവസ്തുതികളും, ദേവി സ്തുതികളും ഒരു ഭക്തന് മാറി മാറി പാരായണം ചെയ്യാം.
എല്ലാത്തിനും പുറമെ, വിശ്വവിഖ്യാതമായ ശ്രീ നാരായണീയം, ശ്രീമദ് ഭഗവദ്ഗീത, ശ്രീമദ് ഭാഗവതം ഇവ എല്ലാത്തിൽ നിന്നും പ്രധാനപ്പെട്ട ശ്ലോകങ്ങൾ സൂക്ഷ്മമായി തിരഞ്ഞെടുത്തു ഉൾപ്പെടുത്തിയിരിക്കുന്നത് ഈ ഭക്തി ഗ്രന്ഥത്തിന്റെ മാഹാത്മ്യം വർദ്ധിപ്പിച്ചിരിക്കുന്നു.

ഉപസംഹാരം:

ശ്രീമാൻ ഡോക്ടർ നായർ സാറിന്റെ സാഹിത്യ കൃതികൾ വളരെ ബൃഹത്താണ്. അതിൽ സ്വന്തം കൃതികളും, ഒരു ഭാവനാശാലിയായ അദ്ദേഹം വിരചിച്ച സ്വന്തം കവിതകളും, മലയാളത്തിൽ നിന്നും ഇംഗ്ലീഷ് ലേക്ക് പരിഭാഷ ചെയ്തതു കൂടാതെ മറാഠിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത, ഷിർദി സായി ബാബയെപ്പറ്റിയുള്ള ഒരു കൃതിയും അതോടൊപ്പം മുംബയിലെ എഴുത്തച്ഛനായി സാഹിത്യ ലോകം വാഴ്ത്തിയിരുന്ന മഹാകവി കൃഷ്ണൻ പറപ്പള്ളിയുടെ വിശിഷ്ട വിപുല കൃതിയായ ശാങ്കര സാഗരത്തിന്റെ ഇംഗ്ലീഷ് തർജ്ജമയും മഹാഭാരതത്തിലെ ഭീഷ്മ പിതാമഹൻ ശരശയ്യയിൽ കിടന്നപ്പോൾ ഉണ്ടായ ചിന്താശകലങ്ങളെ ആസ്പദമാക്കി എഴുതിയ സുദീർഘമായ ഒരു സ്വന്തം ഇംഗ്ലീഷ് കവിതയും ശ്രീ നായർ സാറിന്റെ അതുല്യ സാഹിത്യ സംഭാവനകളിൽ ഉൾപ്പെടുന്നു.

സ്വാമി അയ്യപ്പദാസിന്റെ (അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ്) ഹൃദ്യമായ അവതാരികയും, സ്വാമി ഉദിത് ചൈതന്യയുടെ ആശംസാ പത്രവും ഈ ഗ്രന്ഥത്തിന് ഒരു അനുഗ്രഹം തന്നെ. സമയം തെല്ലും പാഴാക്കാതെ നിരന്തരമായി സാഹിത്യ സേവനം ചെയ്യുന്ന ശ്രീമാൻ ഡോക്ടർ നായർ സാറിനെ എത്ര അഭിനന്ദിച്ചാലും പോരാ!

വളരെ പക്വത വന്ന ഒരു സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
അദ്ദേഹത്തിന്റെ ജന്മദേശമായ ഏറ്റുമാനൂരിലെ നന്ദാവനം ഓഡിറ്റോറിയത്തിൽ ഔപചാരികമായി നടത്തിയ ചടങ്ങിൽ വച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായ് തമ്പുരാട്ടി, സ്വാമി ഉദിത് ചൈതന്യയുടെയും സ്വാമി അയ്യപ്പദാസ് ന്റെയും സമക്ഷത്തിൽ പ്രകാശനം ചെയ്ത ഈ മഹദ് ഗ്രന്ഥം,ആത്മീയ ലോകത്തിനു ഒരു മുതൽക്കൂട്ട് മാത്രമല്ല, ഇത് ഭദ്രമായി സൂക്ഷിക്കുന്ന ഭവനങ്ങൾക്ക് മംഗള ദായിയുമാണെന്നു നിസ്സംശയം പറയാം. ഈ ഗ്രന്ഥത്തിനു രൂപം കൊടുക്കാൻ അദ്ദേഹം തീർച്ചയായും ഒട്ടേറെ സമയവും ചിന്തയും നിദ്രാവിഹീനങ്ങളായ രാത്രികളും ചിലവഴിച്ചിരിക്കുമെന്നത് പകൽപോലെ ജ്വലിക്കുന്ന സത്യം!

ഭക്തി, ജ്ഞാന, വൈരാഗ്യാദികൾക്കു വളരെ പ്രാധാന്യം കൊടുക്കുന്ന ഈ കലിയുഗത്തിൽ, യുഗോചിതമായ ഈ ആത്മീയ ഗ്രന്ഥം ഒരു നല്ല ഉദ്യമം തന്നെയെന്നു വിശേഷിപ്പിക്കാം!തികച്ചും അഭിനന്ദനീയം!

ആദരണീയനായ ശ്രീമാൻ ഡോകടർ സി എൻ എൻ നായർ സാറിന് എല്ലാ നന്മകളും ഐശ്വര്യവും ആരോഗ്യവും ദീർഘായുസ്സും ശാന്തസുന്ദരമായ കുടുംബ ജീവിതവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ, യെന്നു പ്രാർത്ഥിക്കാം!ആശംസിക്കാം!

പുസ്‌തകാവലോകന കർമ്മത്തോട് അല്പമെങ്കിലും നീതി പുലർത്തിയെന്ന ചാരിതാർത്ഥ്യത്തോടെ ഈ ലേഖനം ഇവിടെ ഉപസംഹരിക്കുന്നു!

നന്ദി! നമസ്കാരം!

Print Friendly, PDF & Email

Leave a Comment

More News