മലയാളിയുടെ ലിംഗ സമത്വം (കവിത): സതീഷ് കളത്തിൽ

‘മണ്ണാൻ മജിസ്‌ട്രേറ്റായാലും’
മലർക്കുട ചൂടേണ്ടതില്ലെന്നു
മനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കും
മലയാളിക്കും വേണം ലിംഗസമത്വം…!

മുലമാറാപ്പ്:

മറയില്ലാത്ത അടിയാത്തികളുടെ
മുഴുത്ത മാറിൽ കോർത്തുക്കിടന്ന
മടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്ത
മുരടൻ കണ്ണുകളെ കൊത്തിയിട്ട
മലയാളി വീരാംഗനകൾ കൽക്കുളത്ത്
മേൽശീല പരതിയിന്നു നടക്കുമ്പോൾ
‘മുലമാറാപ്പ്’ പുതിയ ആകാശം തേടുന്നു;
മുരടൻ തമ്പ്രാക്കൾ പൊട്ടിച്ചിരിക്കുന്നു..!

അതിജീവിത വേഷങ്ങൾ:

അഞ്ചാംപുരയിലെ കതകിനു മറവിലെ
അടുക്കളദോഷക്കാരികളിൽ ചിലർ
അരങ്ങ് തകർത്താട്ടം തുടരുന്നു;
ആ ‘സാധന’ മിന്ന് അതിജീവിതയാകുന്നു.
അറുപത്തഞ്ചിലൊരു നറുക്കാകാതിരിക്കാൻ
അഷ്ടമൂർത്തിയും അച്ചുതനും ശാമു രാമുവും
അരചനും ശുചീന്ദ്രത്ത് കൈമുക്കാനെത്തുന്നു;
അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിയ
ആട്ടക്കാരികൾ സാവിത്രീ വേഷമാടുന്നു;
അഭിനവ ജാതവേദന്മാർ തില്ലാന പാടുന്നു..!
——————————————-
* കൽക്കുളം= കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ സമരമായി കണക്കാക്കുന്ന ചാന്നാർ ലഹള നടന്ന സ്ഥലം.
* മുലമാറാപ്പ്= മാറുമറയ്ക്കൽ സമരം.
* അഞ്ചാംപുര= സ്മാർത്തവിചാരക്കാലത്ത് വ്യഭിചാരദോഷം ആരോപിക്കപ്പെടുന്ന ബ്രാഹ്മണ സ്തീകളെ
വിചാരണ സമയത്ത് പാർപ്പിച്ചിരുന്ന ഗൃഹം.
* അടുക്കളദോഷക്കാരി= സ്വഭാവദോഷം ആരോപിക്കപ്പെട്ടവൾ
* സാധനം= സ്മാർത്തവിചാരത്തിന് വിധേയമാകുന്ന സ്ത്രീയുടെ വിചാരണക്കാലത്തെ വിളിപ്പേര്.
* അതിജീവിത= ഇക്കാലത്ത്, ലൈംഗിക പീഡന പരാതികളിൽ ഇരയായ സ്ത്രീയെ സൂചിപ്പിക്കാൻ മാധ്യമങ്ങൾ ഉപയോഗിക്കുന്ന പേര്.
* അറുപത്തഞ്ച്= കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരത്തിൽ, അവർ അറുപത്തഞ്ച് പുരുഷന്മാരുടെ പേരുകൾ പറഞ്ഞതിലേക്കുള്ള സൂചന.
* അഷ്ടമൂർത്തി/ അച്ചുതൻ/ ശാമു രാമു= കുറിയേടത്ത് താത്രി കേസിൽ ഉൾപ്പെട്ടവരിൽ മൂന്നുപേർ. അഷ്ടമൂർത്തി, താത്രിയുടെ അച്ഛനും അച്ചുതൻ, ബന്ധത്തിലുള്ളതും ശാമു രാമു, പ്രായപൂർത്തിയാകാത്ത ആളും ആയിരുന്നുവെന്നു പറയപ്പെടുന്നു.
* അരചൻ= രാജാവ്/ കുറിയേടത്ത് താത്രി കേസിൽ രാജാവോ രാജാവിൻറെ അടുത്ത ബന്ധുവോ ഉൾപ്പെട്ടിട്ടുണ്ടെന്ന കിംവദന്തിയിലേക്കുള്ള സൂചന.
* കൈമുക്കുക= ജാതിഭ്രഷ്ട് കേസുകളിൽ നമ്പൂതിരി പുരുഷന്മാരുടെ സത്യാസന്ധത തെളിയിക്കുവാൻ ശുചീന്ദ്രം ക്ഷേത്രത്തിലെ തിളച്ച നെയ് പാത്രത്തിൽ കൈമുക്കി ലോഹ വിഗ്രഹം എടുക്കുന്ന തെളിവെടുപ്പു രീതി.
* സാവിത്രി= ഉത്തമയായ സ്ത്രീ/ കുറിയേടത്ത് താത്രിയുടെ യഥാർത്ഥ പേര്.
* ജാതവേദൻ= താത്രി കേസിലെ സ്മാർത്തൻ

Print Friendly, PDF & Email

Leave a Comment

More News