തെരുവുനായ കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണനക്കെടുക്കും

ന്യൂഡൽഹി: കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ അക്രമത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് തേടുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും. ഇത് സംബന്ധിച്ച ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു.

അഭിഭാഷകനായ വി കെ ബിജുവാണ് കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായകളുടെ സ്വന്തം നാടായി മാറിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പേ വിഷബാധ തടയാനുള്ള വാക്സിനേഷന്റെ ലഭ്യതക്കുറവ് കേരളത്തിലും നേരിടുന്നുണ്ട്. പാവപ്പെട്ടവരും കുട്ടികളും തെരുവു നായകളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നു. അതിനാൽ സുപ്രീം കോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അഞ്ചു വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, ചത്ത നായ്ക്കള്‍ എന്നിങ്ങനെ പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളില്‍ 168 എണ്ണവും പോസിറ്റീവ് ആണെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു.

വന്ധ്യംകരണത്തിനൊപ്പം തെരുവുനായ്ക്കൾക്കുള്ള കുത്തിവയ്പ്പ് നിർത്തലാക്കിയതും പേവിഷബാധ വർധിക്കാൻ കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News