വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ച് സീ കേരളം

‘നെയ്‌തെടുക്കാം പുതിയൊരു ഓണ വിസ്മയം’ എന്നതാണ് സീ കേരളം ഈ ഓണത്തിന് മുന്നോട്ടു വയ്ക്കുന്ന പ്രമേയം.

കൊച്ചി: ആലപ്പുഴയിലെ പുന്നപ്രയിലുള്ള ശാന്തിഭവൻ സർവോദയ പങ്കുവയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റിലെ നിരാലംബരായ അന്തേവാസികളോടൊപ്പം ഓണമാഘോഷിച്ച് സീ കേരളം. ജീവിതത്തിൽ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാൻ സാധിക്കാതെ പോയവർക്കൊപ്പമായിരുന്നു കേരളത്തിലെ പ്രമുഖ വിനോദ ചാനലായ സീ കേരളത്തിന്റെ ഇത്തവണത്തെ ഓണാഘോഷം. അതോടൊപ്പം, സീ കേരളം ടീം വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണക്കോടികളും വിതരണം ചെയ്തു.

പ്രമുഖ അഭിനേതാക്കളായ പൊന്നമ്മ ബാബു, ആദിനാട് ശശി എന്നിവർ സീ കേരളം ചാനലിനു വേണ്ടി ഓണക്കോടികൾ വിതരണം ചെയ്തു. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് രണ്ട് അഭിനേതാക്കളും. പ്രിയതാരങ്ങളെ അടുത്തു കാണുവാൻ പറ്റിയതിലുള്ള സന്തോഷത്തിലായിരുന്നു ഓരോരുത്തരും. ഇതിനുപുറമേ സീ കേരളം ടീമിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങൾ ചടങ്ങിന് മിഴിവേകി.

‘നെയ്‌തെടുക്കാം പുതിയൊരു ഓണ വിസ്മയം’ എന്നതാണ് സീ കേരളം ഈ ഓണത്തിന് മുന്നോട്ട് വയ്ക്കുന്ന പ്രമേയം. ഓണത്തെ പറ്റി ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പൂക്കളങ്ങളും മാവേലിയും സദ്യവട്ടങ്ങളും ഓണക്കോടിയുമൊക്കെയാണ്. ഇവയെല്ലാം ചേരുമ്പോൾ ഓണം അതിന്റെ തനതായ ആഘോഷത്തിമിർപ്പിലെത്തും. അതിനോടൊപ്പം നമ്മുടെ ചുറ്റുമുള്ള ചിലരുടെയെങ്കിലും ജീവിതത്തിൽ ആഘോഷത്തിന്റെ വിസ്മയം നിറയ്ക്കുവാൻ സാധിക്കുമ്പോൾ മാത്രമേ ഓണാഘോഷം സമ്പൂർണ്ണമാകു. അതിനാൽ ഈ വർഷത്തെ ഓണം സീ കേരളം ആഘോഷിക്കുന്നത് അവരോടൊപ്പമാണ്. ആഘോഷങ്ങളും ആരവങ്ങളും പലപ്പോഴും നിഷേധിക്കപ്പെടുന്നവർ, ഉറ്റവരില്ലാതെ വൃദ്ധസദനത്തിൽ കഴിയുന്ന ഒരു കൂട്ടം അമ്മമാർക്കും അച്ഛന്മാർക്കും ഒപ്പം. നമുക്കു ചുറ്റുമുള്ളവരുടെ മനസ്സ് നിറയുമ്പോഴല്ലേ ഓരോ ആഘോഷവും യഥാർത്ഥത്തിൽ ആഘോഷമാക്കുന്നത്, സീ കേരളം ഉദ്യോഗസ്ഥർ പറഞ്ഞു.

വികാരനിർഭരമായ ഓണാഘോഷ ചടങ്ങിൽ പ്രിയ താരങ്ങളും അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചപ്പോൾ സീ കേരളത്തിന്റെ ഓണാഘോഷം മറ്റുള്ളവരിൽ നിന്നും തീർത്തും വ്യത്യസ്തമായി. സീ കേരളം സമൂഹത്തിനുവേണ്ടി ചെയ്യുന്ന നിരവധി കാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നുമാത്രമായിരുന്നു ശാന്തിഭവൻ സർവോദയ പങ്കുവയ്ക്കൽ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പമുള്ള ഈ ഓണാഘോഷം.

Print Friendly, PDF & Email

Leave a Comment

More News