സുപ്രസിദ്ധ തെന്നിന്ത്യൻ ഗായിക സിത്താരയും, ഹരീഷും, ജോബ് കുര്യനും പാടി തിമിർക്കുന്ന ഡി.എം.എ. ഓണാഘോഷം

ഡിട്രോയിറ്റ്: സംഗീതലോകത്തെ സമാനതകളില്ലാത്ത ആലാപന വൈവിധ്യങ്ങളുമായി തെന്നിന്ത്യൻ പ്രേക്ഷകരുടെ ആവേശമായി മാറിയ ചലച്ചിത്ര പിന്നണിഗായിക സിത്താര കൃഷ്ണകുമാറും, ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും സെപ്റ്റംബർ 17 നു ഡിട്രോയിറ്റിൽ.

മിഷിഗൺ മലയാളികളുടെ മെഗാ സംഗമവേദിയായ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ഒരുമയുടെ ഓണം വേദിയിൽ ഒരുക്കുന്ന ഓണസദ്യയ്ക്ക് അകമ്പടിയായി ഹൈ ഓൺ മ്യൂസിക് – ആവണിരാവ് മഹാ സംഗീത വിസ്മയം അരങ്ങേറുന്നു.

കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പഞ്ചവാദ്യങ്ങളും പാശ്ചാത്യ സംഗീതവും സമന്വയിക്കുന്ന അനന്യമായ നാദപ്രപഞ്ചം മനസ്സിനെയും ശരീരത്തെയും ഒരേപോലെ ആനന്ദത്തിൽ ആറാടിക്കുന്നു. സംഗീത രംഗത്തെ ഇവരുടെ നൂതന പരീക്ഷണങ്ങൾ അനുഭൂതികളുടെ പറുദീസയിലേക്കു പ്രേക്ഷക മനസ്സുകളെ എത്തിക്കുന്നു എന്ന നവമാധ്യമ സാക്ഷ്യവുമായാണ് ഇവർ അമേരിക്കയിൽ വിമാനമിറങ്ങുന്നത്.

സെപ്റ്റംബർ 17 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് തുടങ്ങുന്ന ഓണസദ്യയും ഓണാഘോഷങ്ങളും തുടർന്നുള്ള സംഗീത സന്ധ്യയും ബെർമിംഗ്ഹാം സീഹോംസ്‌ ഹൈ സ്കൂൾ ആഡിറ്റോറിയത്തിൽ അണിയിച്ചൊരുക്കുന്നത് ഡി. എം. എ. പ്രസിഡന്റ് ഓസ്ബോൺ ഡേവിഡ്, സെക്രട്ടറി ദിനേശ് ലക്ഷ്മണൻ, ട്രഷറർ ഡയസ് തോമസ് വൈസ് പ്രസിഡന്റ് സുനിൽ പൈൻഗോൾ, ജോ: സെക്രട്ടറി കൃഷ്ണകുമാർ നായർ, ജോ: ട്രഷറർ കൃഷ്ണരാജ് ഉദയാചലം ട്രസ്റ്റി ചെയർമാൻ മോഹൻ പനങ്കാവിൽ വനിതാവേദി പ്രസിഡന്റ് സരിത നായർ എന്നീ ഭാരവാഹികളാണ്. ആഘോഷ കമ്മിറ്റി ചെയറായി രാജേഷ് കുട്ടിയും സഹായികളായി മനോജ് ജയ്ജി, നോബിൾ തോമസ് ബിജു ജോസഫ് തുടങ്ങിയവരും പ്രവർത്തിച്ചു വരുന്നു.

പരീക്ഷിച്ചു വിജയം കണ്ട ഈ നാദബ്രഹ്മ സംഗീത സങ്കേതത്തിലേക്ക് ഭാഷാ വ്യത്യാസമില്ലാതെ എല്ലാ സംഗീത പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Leave a Comment

More News