ട്രൈസ്റ്റേറ്റ് കേരളാ ഫോറം ‘അതിരുകാണാ തിരുവോണ’ത്തിന്റെ ആകര്‍ഷണമായി ‘ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍’

പ്രശസ്ത മലയാളി കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ നേതൃത്വത്തില്‍ അതിഗംഭീരമായ ഓണാഘോഷമാണ് ഇത്തവണ ഫിലാഡല്‍ഫിയയില്‍ അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പതിന്മടങ്ങ് ആഘോഷ പരിപാടികളാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയത്. സംഗീത ജീവിതത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാളത്തിന്റെ പ്രീയ പാട്ടുകാരന്‍ ബിജു നാരായണന്‍ ആസ്വാദകര്‍ക്കായി പാട്ടിന്റെ പാലാഴി തീര്‍ത്തുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്.

മെഗാ തിരുവാതിര, വടംവലി മത്സരം, ചെണ്ടമേളം, ഗാനമേള, തെയ്യം, കഥകളി, ഓട്ടന്‍തുള്ളല്‍, ഫോക്ഡാന്‍സ് തുടങ്ങി നിരവധി ഇനങ്ങളാണ് ‘അതിരുകാണാ തിരുവോണ’മെന്ന പേരില്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. ഓണാശംസ നേരാന്‍ ഇത്തവണ മാവേലി എത്തിയത് ഹെലികോപ്റ്ററില്‍ ആണെന്നതും ആകര്‍ഷകമായിരുന്നു.

അമേരിക്കന്‍ മലയാളികളുടെ ഇടയിലെ ജനപ്രിയ ഓണാഘോഷങ്ങളിലൊന്നായി അറിയപ്പെടുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷത്തിന്റെ ഇത്തവണത്തെ മറ്റൊരു പ്രധാന ആകര്‍ഷണം പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ബെസ്റ്റ് ഡ്രസ്ഡ് കപ്പിള്‍, മലയാളി മങ്ക, മന്നന്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന മത്സരമായിരുന്നു.

പരമ്പരാഗത രീതിയില്‍ ഓണക്കോടി അണിഞ്ഞെത്തിയ ദമ്പതിമാരില്‍ നിന്ന് എല്‍ഷന്‍ പൂവത്തുങ്കല്‍ ഭാര്യ ജിപ്സ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷം രൂപയാണ് വിജയികള്‍ക്ക് നല്‍കിയത്. ത്രേസ്യാമ്മ ജോണ്‍, ശോശാമ്മ ചെറിയാന്‍, ബ്രിഡ്ജറ്റ് വിന്‍സന്റ് എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.

ആളുകളുടെ രൂപമോ, നിറമോ, പൊക്കമോ, വണ്ണമോ ഒന്നും തന്നെ വിധിനിര്‍ണയത്തിന്റെ മാനദണ്ഡമാക്കാതെ തികച്ചും പരമ്പരാഗത രീതിയില്‍ ഓണത്തനിമ വിളിച്ചോതുന്ന വസ്ത്രം ധരിച്ച ദമ്പതികളെ വിജയികളായി തിരഞ്ഞെടുക്കണമെന്ന തീരുമാനമാണ് സംഘാടകര്‍ നടപ്പിലാക്കിയത്. ഓഗസ്‌ററ് 20നു 2 മണി മുതല്‍ അക്കാദമി റോഡിലുള്ള കണ്‍സ്റ്റാറ്റര്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഓണ മഹോത്സവത്തിന് തുടക്കം മുതല്‍ പങ്കെടുത്തവരില്‍ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

അതേസമയം മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഓണാഘോഷം നടക്കുന്ന ദിവസം നാലു മണിക്കുള്ളില്‍ എത്തണമെന്ന നിര്‍ദ്ദേശം പലരും ശ്രദ്ധിക്കാതിരുന്നത് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നതിന് കാരണമായി. പല ദമ്പതികളും നാലു മണിക്ക് ശേഷമാണ് സ്ഥലത്തെത്തിയത്.

ഡെന്നിസ് ജേക്കബ് ജൂബി ജേക്കബ് ദമ്പതികളായിരുന്നു മത്സരം സ്‌പോണ്‍സര്‍ ചെയ്തത്. സമാപന സമ്മേളനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. വൈസ് ചെയര്‍മാന്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ മത്സരത്തിന്റെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News