ന്യൂയോര്‍ക്ക് ഷെൽട്ടറിൽ വെനസ്വേലൻ കുടിയേറ്റക്കാരനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമറയിൽ കുടുങ്ങി

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭവനരഹിതരുടെ ഷെൽട്ടറുകളിലൊന്നിൽ അഭയം തേടിയയാളുടെ മുഖത്ത് അടിക്കുകയും പിടിച്ചു വലിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സെക്യൂരിറ്റി ക്യാമറയില്‍ കുടുങ്ങി.

വെനസ്വേലയിൽ നിന്നുള്ള അഭയാർത്ഥി, ബെഡ്‌ഫോർഡ്-അറ്റ്‌ലാന്റിക് ആര്‍മറി അഭയകേന്ദ്രത്തിൽ ആയിരുന്നപ്പോൾ, സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലെസ് സർവീസസ് ഓഫീസറുമായി തർക്കത്തിലേർപ്പെട്ടപ്പോഴാണ് ഓഫീസര്‍ അയാളെ മര്‍ദ്ദിച്ചത്.

ഉദ്യോഗസ്ഥർ തന്റെ മുഖത്തും ശരീരത്തിലും ബാറ്റൺ ഉപയോഗിച്ച് അടിച്ചതായി 21 കാരനായ മെയ്വർ മാർട്ടിനെസ് എന്ന അഭയാര്‍ത്ഥി പറഞ്ഞു.

അൽപ്പം ഉറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ഷെല്‍ട്ടറിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ പുറകിൽ കുത്താൻ തുടങ്ങിയെന്നും, രാവിലെ 8 മണിക്ക് ചെക്ക്ഔട്ടിനുമുമ്പ് ഷെൽട്ടർ വിടണമെന്ന് പ്രേരിപ്പിക്കുകയും ചെയ്തെന്ന് മാർട്ടിനെസ് പറഞ്ഞു.

പരിക്കേറ്റ മാർട്ടിനെസിനെ ആംബുലൻസിൽ ഒരു ഏരിയാ ആശുപത്രിയിലെത്തിച്ചതായി ആശുപത്രി റിപ്പോർട്ടിൽ പറയുന്നു.

പുറകിൽ കൈകൾ ബന്ധിച്ച് അർദ്ധ ബോധാവസ്ഥയിലായ മാര്‍ട്ടിനെസിനെ ആംബുലൻസിൽ കൊണ്ടുപോകുന്നത് പിന്നീടുള്ള ഒരു വീഡിയോയിൽ കാണാം.

ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ സർവീസസ് (ഡിഎസ്എസ്) പ്രസ്താവനയിൽ അറിയിച്ചു.

“ഞങ്ങളുടെ ക്ലയന്റുകളുടെയും സ്റ്റാഫിന്റെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക എന്നത് എല്ലായ്‌പ്പോഴും ഞങ്ങളുടെ മുൻ‌ഗണനയാണ്. ഞങ്ങളുടെ ക്ലയന്റുകൾക്ക് എതിരായ അക്രമമോ മോശം പെരുമാറ്റമോ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല,” പ്രസ്താവനയിൽ പറയുന്നു.

ഈ സംഭവത്തിന്റെ പ്രാഥമിക അവലോകനത്തിന് ശേഷം, ഞങ്ങൾ പൂർണ്ണമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുമ്പോൾ ഉത്തരവാദിയായ ഡിഎച്ച്എസ്പിഡി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാനുള്ള നടപടികളെടുക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

മാർട്ടിനെസിനെതിരെയുള്ള ശാരീരിക ആക്രമണം, കുടിയേറ്റക്കാരും അഭയാർത്ഥികളും അഭിമുഖീകരിക്കുന്ന അവസ്ഥകളിൽ, പ്രത്യേകിച്ച് യുഎസ്-മെക്സിക്കോ അതിർത്തി കടന്ന് അടുത്തിടെ നഗരത്തിലെത്തിയവർക്കെതിരെ രൂക്ഷമായ വിമർശനത്തിന് കാരണമായി.

റിപ്പബ്ലിക്കൻ ഭരണത്തിലുള്ള ചില സംസ്ഥാനങ്ങളിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള നഗരങ്ങളിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാരെ മാറ്റുന്ന നടപടിക്കെതിരെ പിരിമുറുക്കം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വേനൽക്കാലത്ത് യുഎസ്-മെക്‌സിക്കോ അതിർത്തിയിലെത്തി, ടെക്സസ് അധികൃതര്‍ മാർട്ടിനെസിനെയും മറ്റ് ആയിരക്കണക്കിന് അഭയാർഥികളെയും ന്യൂയോർക്കിലേക്ക് ഒരു ബസിൽ കയറ്റി വിട്ടിരുന്നു.

ന്യൂയോർക്ക് സിറ്റി മതിയായ, അനുയോജ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പാടുപെട്ടു. ഇതിനകം തന്നെ തിങ്ങിനിറഞ്ഞ ഷെൽട്ടർ സംവിധാനത്തെ ആശ്രയിക്കാൻ പലരും നിർബന്ധിതരായി.

പരിമിതമായ ഷെൽട്ടർ ബെഡ്ഡുകൾക്കായി തങ്ങൾ പലപ്പോഴും മണിക്കൂറുകൾ വരെ കാത്തിരിക്കേണ്ടി വരുന്നു എന്ന് ബ്രൂക്ലിൻ ഷെൽട്ടറിലെ നിരവധി അഭയാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News