പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്

എറണാകുളം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്റെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തിരുവനന്തപുരം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടെ ഉത്തരവ് ശരിവച്ചത്. കീഴ്ക്കോടതി വിധിക്കെതിരെ പ്രതിഭാഗം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ബലാത്സംഗം ചെയ്യുകയും പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നതാണ് 44 കാരനായ പ്രതിയ്‌ക്കെതിരായ കുറ്റം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 377 വകുപ്പുകളും പോക്‌സോ നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തു. ഇരയുടെ പ്രായം തെളിയിക്കുന്ന രേഖകളില്ലാത്തതിനാൽ പോക്‌സോ പ്രകാരമുള്ള പ്രതിയുടെ ശിക്ഷ കോടതി റദ്ദാക്കിയിരുന്നു.

എന്നാൽ, കഴിഞ്ഞ വാദത്തിനിടെ നമ്മുടേത് പോലുള്ള യാഥാസ്ഥിതവും പാരമ്പര്യങ്ങളിൽ വിശ്വസിക്കുന്നതും നിരവധി നിയന്ത്രണങ്ങൾ നിറഞ്ഞതുമായ സമൂഹത്തിൽ അപമാനം, ബഹിഷ്‌കരണം, നാണക്കേട് എന്നിവയൊക്കെ ഭയന്ന് ആരും താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് തെറ്റായ ആരോപണം ഉന്നയിക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. ബ്രിട്ടനിലും ഇന്ത്യയിലും പ്രതിപാദിച്ചിരിക്കുന്ന നിയമം ഒന്നു തന്നെയാണെന്ന് തോന്നാമെങ്കിലും രണ്ട് രാജ്യങ്ങളിലെയും സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യസ്‌തത കാരണം ചട്ടങ്ങളിലും അവ നടപ്പാക്കുന്നതിലും വ്യത്യാസമുണ്ട്. ഇന്ത്യയിൽ കൂട്ടുപ്രതിയുടെ മൊഴിയേക്കാൾ ഇരയുടെ മൊഴിക്ക് കൂടുതൽ പ്രാധാന്യം നൽകും. ഇരയുടെ മൊഴിയെ ആശ്രയിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ മൊഴിക്ക് സാധുത നൽകുന്ന തെളിവുകളെ കോടതിക്ക് ആശ്രയിക്കാമെന്ന് ഇന്ത്യയിലും ബ്രിട്ടനിലും നിലവിലുള്ള നിയമങ്ങളെ പരാമർശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.

കീഴ്‌ക്കോടതി വിധിച്ച ശിക്ഷയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി വ്യക്തമാക്കി. കേസിൽ സമർപ്പിച്ച എല്ലാ തെളിവുകളും പ്രതി കുറ്റം ചെയ്തതായി സംശയാതീതമായി തെളിയിക്കുന്നതായും കോടതി വിലയിരുത്തി.

Print Friendly, PDF & Email

Leave a Comment

More News