ഡൽഹി വഖഫ് ബോർഡ് അഴിമതിക്കേസിൽ എഎപി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭാംഗത്തെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷം ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അമാനത്തുള്ള ഖാനെ ഡൽഹി അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം എഎപി എംഎൽഎ അമാനത്തുള്ള ഖാന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും എസിബി നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത ആയുധവും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡൽഹി വഖഫ് ബോർഡിലെ റിക്രൂട്ട്‌മെന്റിലെ ക്രമക്കേടാണ് എസിബി അന്വേഷിക്കുന്നത്.

രണ്ട് വർഷം പഴക്കമുള്ള അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വ്യാഴാഴ്ച ഖാനോട് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത 2020-ലെ കേസുമായി ബന്ധപ്പെട്ട് ഓഖ്‌ല എംഎൽഎയെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പുതിയ വഖഫ് ബോർഡ് ഓഫീസ് പണിതതുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി ഡൽഹി വഖഫ് ബോർഡ് ചെയർമാൻ ഖാൻ ട്വീറ്റ് ചെയ്തിരുന്നു.

ഖാന്റെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും വെള്ളിയാഴ്ച പരിശോധന നടത്തിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു സ്ഥലത്ത് നിന്ന് 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത ആയുധവും ചില വെടിയുണ്ടകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നേരത്തെ, ഖാനെതിരായ കേസിലെ സാക്ഷികളെ “ഭീഷണിപ്പെടുത്തി” അന്വേഷണം തടസ്സപ്പെടുത്തിയതിന് ഖാനെ ഡൽഹി വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസിബി ലഫ്റ്റനന്റ് ഗവർണറുടെ സെക്രട്ടേറിയറ്റിന് കത്തയച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News