കടക്കെണിയിലായ ഓട്ടോറിക്ഷാ ഡ്രൈവറെ ഭാഗ്യദേവത കടാക്ഷിച്ചു; സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 25 കോടി രൂപ അനൂപിന്

തിരുവനന്തപുരം: വിധി എപ്പോഴാണ് മാറിമറിയുന്നതെന്ന് ആർക്കും അറിയില്ല. എന്നാല്‍, ഒരു ഓട്ടോ ഡ്രൈവറുടെ വിധി ഒറ്റരാത്രികൊണ്ടാണ് മാറിമറിഞ്ഞത്. കടക്കെണിയില്‍ പെട്ട് ബുദ്ധിമുട്ടിലായ ഓട്ടോ ഡ്രൈവര്‍ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് മലേഷ്യയിൽ പോയി ഷെഫായി ജോലി ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്.

യാത്രാ ചെലവുകള്‍ക്കും മറ്റും ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. അപ്പോഴാണ് ഭാഗ്യദേവത അനൂപിനെ കടാക്ഷിച്ചത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിനെ കോടീശ്വരനാക്കിയത്.

ഒന്നാം സമ്മാനം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ലോട്ടറി ടിക്കറ്റ് എടുത്തത്. ഓട്ടോ ഡ്രൈവറാണ് താനെന്നും ധാരാളം കടങ്ങളും ലോണുകളും ഉണ്ടെന്നും ഇവയെല്ലാം വീട്ടണമെന്നും അനൂപ് പറഞ്ഞു. ലോട്ടറി എടുക്കാൻ 50 രൂപ കുറവുണ്ടായിരുന്നു. മകന്‍റെ കുടുക്ക പൊട്ടിച്ചാണ് ലോട്ടറി എടുത്തത്. ഭാര്യയാണ് ലോട്ടറി എടുക്കാൻ പ്രേരിപ്പിച്ചത്. ഓണം ബമ്പർ അടിച്ച സാഹചര്യത്തിൽ വിദേശത്തേക്ക് പോകുന്നില്ല. ഭാര്യ ആറ് മാസം ഗർഭിണി കൂടിയാണ് എന്നതാണ് മറ്റൊരു സന്തോഷമെന്നും അനൂപ് പറഞ്ഞു.

അനൂപ് ശനിയാഴ്ച തന്നെ ടിജെ 750605 എന്ന നമ്പരിലുള്ള ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നു. നേരത്തെ വാങ്ങിയ ടിക്കറ്റ് അയാൾക്ക് ഇഷ്ടപ്പെട്ടില്ല. അതിന് ശേഷം മറ്റൊരു ടിക്കറ്റ് എടുത്തത് ജീവിതത്തിന്റെ വഴിത്തിരിവായി. വായ്പ അനുവദിച്ച വിവരം ബാങ്കുകാർ വിളിച്ച് അറിയിച്ചെങ്കിലും ഞാൻ നിരസിച്ചുവെന്നും അനൂപ് പറഞ്ഞു.

കഴിഞ്ഞ 22 വർഷമായി താൻ ലോട്ടറി ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഇതുവരെ സമ്മാനമൊന്നും നേടാനായിട്ടില്ലെന്നാണ് അനൂപ് പറയുന്നത്. ഇത്രയും പണം കൊണ്ട് എന്ത് ചെയ്യുമെന്ന് അനൂപിനോട് ചോദിച്ചപ്പോൾ, ആദ്യം എന്റെ കുടുംബത്തിന് ഒരു വീട് ഉണ്ടാക്കി കൊടുക്കണം, എന്നിട്ട് കടം വീട്ടണം. ചില ബന്ധുക്കളെ സഹായിക്കാനുണ്ടെന്നും നാട്ടില്‍ തന്നെ ഹോട്ടൽ മേഖലയിൽ ജോലി ചെയ്യാനാണ് ആലോചിക്കുന്നതെന്നും അനൂപ് പറഞ്ഞു.

“ഞാൻ ഇനിയും ലോട്ടറി ടിക്കറ്റ് വാങ്ങും. കഴിഞ്ഞ വർഷവും 12 കോടി രൂപയുടെ ഓണം ബമ്പർ സമ്മാനം ഒരു ഓട്ടോ റിക്ഷാ ഡ്രൈവർക്കാണ് ലഭിച്ചത് യാദൃശ്ചികം മാത്രം. ഭാഗ്യ നറുക്കെടുപ്പിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിജയിയെ പ്രഖ്യാപിച്ചത്. രണ്ടാമത്തെ വിജയിക്ക് 5 കോടി നൽകും. ഒരു കോടി രൂപ വീതമുള്ള 10 സമ്മാനങ്ങളുമുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

One Thought to “കടക്കെണിയിലായ ഓട്ടോറിക്ഷാ ഡ്രൈവറെ ഭാഗ്യദേവത കടാക്ഷിച്ചു; സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ 25 കോടി രൂപ അനൂപിന്”

  1. സതീഷ് എം.എ.

    കടക്കെണിയിലായി നാടു വിടാന്‍ തീരുമാനിച്ച അനൂപിന് 25 കോടി ഭാഗ്യക്കുറി അടിച്ചത് നല്ല കാര്യം. പക്ഷെ, താങ്കള്‍ സൂക്ഷിച്ചില്ലെങ്കില്‍ സംസ്ഥാന നികുതി വകുപ്പിന്റെ ‘കുരുക്കില്‍’ പെട്ട് ആജീവനാന്ത കടക്കാരനാകും. ഇതിനു മുന്‍പ് സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി അടിച്ചവരുടെ അനുഭവങ്ങള്‍ യൂട്യൂബില്‍ കിടപ്പുണ്ട്. അതൊന്ന് ഇടക്കിടെ കാണുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ താങ്കള്‍ അനുഭവിച്ചതിന്റെ ഇരട്ടി കഷ്ടപ്പാട് പിന്നീട് അനുഭവിക്കേണ്ടി വരും.

Leave a Comment

Related News