ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപി‌എം മുഖപത്രം ദേശാഭിമാനി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. മതനിരപേക്ഷതയുടെ മഹത്തായ അധ്യായങ്ങൾ രചിച്ച കേരളത്തിന്റെ പാരമ്പര്യത്തെ അപമാനിക്കുന്നതാണ് ഗവർണറുടെ നടപടിയെന്നാണ് വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രാധിപരുമായ പുത്തലത്ത് ദിനേശൻ എഴുതിയ ലേഖനത്തിലാണ് ഗവർണര്‍ക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്.

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ സന്ദർശിച്ച ഗവർണറുടെ നടപടിയാണ് വിമർശനത്തിന് ആധാരം. ഹിറ്റ്‌ലറുടെ തത്വശാസ്ത്രവും മുസ്സോളിനിയുടെ സംഘടനാ ശൈലിയും സംയോജിപ്പിച്ചാണ് ആർഎസ്എസ് രൂപീകരിച്ചത്. അതിന്റെ നേതാവിനെ സന്ദർശിക്കാനാണ് ഗവർണർ അവിടെ പോയതെന്നറിയുമ്പോൾ ഗവർണര്‍ എന്തിനാണ് കോലാഹലം സൃഷ്ടിക്കുന്നതെന്ന് വ്യക്തമാണ്.

ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കാൻ ബ്രിട്ടീഷ് ചരിത്രകാരന്മാർ മുന്നോട്ട് വെച്ച വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്ന ചരിത്ര വീക്ഷണമാണ് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അടിത്തറ. മതേതരത്വത്തിന്റെയും സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെയും നാടായ കേരളത്തിന്റെ ഗവർണർ പദവിയിലിരുന്ന് ഇത്തരമൊരു ആശയം മുന്നോട്ട് കൊണ്ടുപോകാൻ ആരു ശ്രമിച്ചാലും അത് തുറന്നുകാട്ടാതിരിക്കാനാവില്ല. സംഘപരിവാറിന്റെ അറവുശാലകളിൽ ഇന്ധനം ഒഴിക്കുന്നവർക്കെതിരെ മതേതര കേരളത്തിന് പ്രതികരിക്കാതിരിക്കാനാവില്ല.

ഇംഗ്ലീഷ് എന്ന വൈദേശിക ഭാഷയിൽ കേരളത്തിന്‍റെ ഗവർണർ മാർക്‌സിസത്തെ വിദേശ ആശയമെന്ന നിലയിൽ മുദ്രകുത്തിയപ്പോൾ കേരള ജനതയാകെ സ്‌തംഭിച്ച് നിന്നുപോയിട്ടുണ്ടാകും. ഇസ്ലാം മതവിശ്വാസികളെ ഉൾപ്പെടെ വൈദേശികർ എന്ന പേരിൽ മുദ്രകുത്തി പൗരത്വനിയമം രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ പ്രഖ്യാപനം എന്നതും ഗൗരവമേറിയതാണ്. തന്‍റെ അറിവിനും ചിന്തയ്‌ക്കും അപ്പുറത്തുള്ള സമ്മർദങ്ങളും അതിന്‍റെ ഭാഗമായുള്ള വേഷംകെട്ടലുകളും വീണ്ടും ആവർത്തിക്കുകയാണെന്നത് വ്യക്തം. മോഹൻഭാഗവതിനെ അങ്ങോട്ടുപോയി ഗവർണർ സന്ദർശിച്ചതോടെ ഇക്കാര്യം പകൽ വെളിച്ചംപോലെ വ്യക്തവുമാണ് എന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭഗവതുമായി സെപ്തംബർ 17ന് കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശ്ശൂരിലെ പ്രാദേശിക ആർഎസ്എസ് നേതാവിന്റെ വീട്ടിൽ വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. സർക്കാരും ഗവർണറും തമ്മിലുള്ള വാക് പോരിനിടെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. അര മണിക്കൂറോളം ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ചെലവഴിച്ച ശേഷം ഗവർണർ മടങ്ങുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Print Friendly, PDF & Email

Leave a Comment

More News