മുൻ കോൺഗ്രസ് എംഎൽഎ കെ മുഹമ്മദാലി (76) അന്തരിച്ചു

കൊച്ചി: മുൻ കോൺഗ്രസ് നേതാവും ആറ് തവണ ആലുവ എം.എൽ.എയുമായിരുന്ന കെ.മുഹമ്മദാലി (76) ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു.

1980 മുതൽ തുടർച്ചയായി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മുഹമ്മദാലി ആറ് തവണ നിയമസഭയിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ചു. വർഷങ്ങളോളം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിലും (എഐസിസി) കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലും (കെപിസിസി) എക്സിക്യൂട്ടീവിലും അംഗമായിരുന്നു. എന്നാല്‍, കുറച്ചു കാലമായി മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സിൻഡിക്കേറ്റിലും എംജി യൂണിവേഴ്‌സിറ്റി സെനറ്റിലും അംഗമായിരുന്നു

ആലുവ പട്ടരുമഠം ചിത്ര ലെയ്‌നിലെ എ കൊച്ചുണ്ണിയുടെയും നബീസയുടെയും മകൻ മുഹമ്മദലി കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (കെഎസ്‌യു) വഴിയാണ് രാഷ്ട്രീയത്തിലെത്തിയത്. 1966-ൽ കെ.എസ്.യുവിന്റെയും 1968-ൽ യൂത്ത് കോൺഗ്രസിന്റെയും എറണാകുളം ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. 1970-ൽ ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന റാലിയുടെ സംഘാടക സമിതി ജനറൽ സെക്രട്ടറിയായിരുന്നു.

2021ലെ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ അൻവർ സാദത്തിനെതിരെ മരുമകൾ ഷെൽന നിഷാദിനെ എൽഡിഎഫ് സ്ഥാനാർഥിയായി നിർത്തി. എകെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും വിശ്വസ്തനായ മുഹമ്മദലി യുഡിഎഫ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നു. എന്നാൽ, അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിട്ടില്ല.

ഭാര്യ പി.എം.നസീം ബീവിയും രണ്ട് ആൺമക്കളുമുണ്ട്.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചനം രേഖപ്പെടുത്തി. ഒരു നല്ല നിയമസഭാംഗത്തിന് പുറമെ അദ്ദേഹം ഒരു എഴുത്തുകാരനും ജനകീയ നേതാവുമായിരുന്നു എന്നും ഷംസീർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News