മകളുടെ കണ്‍സഷന്‍ ടിക്കറ്റ് എടുക്കാന്‍ വന്ന പിതാവിനെ മര്‍ദ്ദിച്ച കെ‌എസ്‌ആര്‍‌ടിസി ജീവനക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മകളുടെ കണ്‍സഷന്‍ ടിക്കറ്റ് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ മകളുടെ മുന്നിലിട്ട് മര്‍ദ്ദിച്ച കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മർദനമേറ്റ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നേരത്തെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരുന്നത്.

ഇന്നലെ കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിൽ വച്ചു ജീവനക്കാർ മർദിച്ചിരുന്നു. പഞ്ചായത്ത് ജീവനക്കാരനായ കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനാണ് മർദനമേറ്റത്.

പ്രേമനന്റെ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. മകളും സുഹൃത്തും പ്രേമനനൊപ്പമുണ്ടായിരുന്നു. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറില്‍ ഇരുന്ന ജീവനക്കാരന്‍ ആവശ്യപ്പെട്ടു. കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേരത്തെ നല്‍കിയതാണെന്ന് പ്രേമനന്‍ പറഞ്ഞു. എന്നാല്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വീണ്ടും നല്‍കാതെ കണ്‍സഷന്‍ തരാന്‍ കഴിയില്ലെന്നായിരുന്നു ജീവനക്കാരുടെ വാദം.

ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെ.എസ്.ആര്‍.ടി.സി ഇങ്ങനെയാകാന്‍ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനന്‍ പറഞ്ഞതോടെ തര്‍ക്കമായി. തുടര്‍ന്ന് ജീവനക്കാരനും സുരക്ഷാ ഉദ്യോഗസ്ഥനും പ്രേമലനെ വലിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള മുറിയിലിട്ട് മര്‍ദിക്കുകയായിരുന്നു. പ്രേമനന്‍ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment