കോടതി വ്യവഹാരത്തിലൂടെ ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കരുത്: അഡ്വ. വിസി സെബാസ്റ്റ്യൻ

കോട്ടയം: കോടതിവിധി നേടിയെടുത്ത് ചിരട്ടപ്പാൽ ഇറക്കുമതിക്ക് ബ്ലോക്ക് കമ്പനികൾ നടത്തുന്ന ശ്രമം കേന്ദ്രസർക്കാരിൻറെ ഒത്താശയോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും റബർ ബോർഡ് ഇക്കാര്യത്തിൽ നിഷ്ക്രിയവും നിശബ്ദവുമായ സമീപനം സ്വീകരിച്ചിരിക്കുന്നത് കർഷക ദ്രോഹമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ: വി സി സെബാസ്റ്റ്യൻ പറഞ്ഞു.

റബ്ബർ ആക്ട് എട്ടാം വകുപ്പ് 3 എ പ്രകാരമാണ് ബ്ലോക്ക് റബർ കമ്പനികൾ കോടതിവിധിക്കായി ശ്രമിക്കുന്നത്. ഈ മാസം ഇരുപത്തിയാറാം തീയതി കേസ് വീണ്ടും പരിഗണനയ്ക്കെടുക്കുന്നു. റബർ വ്യവസായത്തിന്റെ വളർച്ചയ്ക്കായി റബർ ഇറക്കുമതി കയറ്റുമതി സംബന്ധിച്ച് കേന്ദ്രസർക്കാരിനോട് ഉപദേശം നൽകേണ്ട റബർ ബോർഡ് ഉത്തരവാദിത്വം നിർവഹിക്കണം എന്നാണ് ഇക്കൂട്ടർ കോടതിയിൽ ആവശ്യപ്പെടുന്നത് ഈ വകുപ്പ് പ്രകാരമുള്ള വിധി നേടിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ പിന്നിൽ റബ്ബർ ബോർഡിനെ സഹായിക്കുക എന്നതാണ്. കോടതിവിധി അനുകൂലമായി വന്നാൽ അതിന്റെ മറവിൽ ചിരട്ടപ്പാലിന്റെ ഇറക്കുമതിക്ക് കേന്ദ്രസർക്കാരിന്റെ മുമ്പിൽ റബ്ബർ ബോർഡിന് മുൻകാലങ്ങളിൽ തയ്യാറാക്കി സമർപ്പിച്ച് തള്ളിക്കളഞ്ഞ പദ്ധതി വീണ്ടും പൊടിതട്ടിയെടുത്ത് വ്യവസായികളെ സംരക്ഷിക്കാം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന് മുമ്പിൽ കോടതിവിധി ബോധ്യപ്പെടുത്തുവാനും റബർ ബോർഡിന് സാധിക്കും റബർബോർഡും വ്യവസായികളും തമ്മിൽ നടത്തുന്ന ഒത്തുകളി മാത്രമാണ് ഇത്തരം കോടതി വ്യവഹാരങ്ങൾ എന്നുള്ളത് കർഷകർ തിരിച്ചറിയണം. വില തകർച്ച നേരിടുന്ന റബർ വിപണിക്ക് ഇത്തരം നീക്കങ്ങൾ വീണ്ടും വൻ പ്രഹരമാകും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞതും വിലക്കുറവുള്ളതുമായ അസംസ്കൃത റബ്ബറും ചിരട്ടപ്പാലും കോമ്പൗണ്ട് റബ്ബറും 10% ചുങ്കം കൊടുത്ത് ഇറക്കുമതിക്കും ഇടയാകും. റബർ ബോർഡ് കർഷക വിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്നും, കേന്ദ്രസർക്കാർ, കർഷക രക്ഷയ്ക്കായി ഇത്തരം വ്യവഹാരങ്ങളെ തള്ളിക്കളയണമെന്നും വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു

Print Friendly, PDF & Email

Leave a Comment

More News