ഹിജാബ് വിലക്കിനെതിരെ പ്രതിഷേധിച്ചതിന് ജയിലിലടച്ച പ്രവർത്തകരെ വിട്ടയക്കുക

പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ – ജി.ഐ.ഒ നടത്തിയ ബഹുജന മാർച്ചിൽ പോലീസ് അതിക്രമം നടത്തുകയും സംസ്ഥാന സെക്രട്ടറിമാരടക്കം നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും ജയിലിലടച്ച് പ്രവർത്തകരെ എത്രയും വേഗം വിട്ടയക്കണമെന്നും ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ശാക്കിർ, കാലിക്കറ്റ് പ്രസ്ക്ലബിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി കൊണ്ട് ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങളെ നിഷേധിക്കുന്ന കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് സ്കൂളിന്റെ എയ്ഡഡ് പദവി സർക്കാർ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്കൂൾ പി.ടി.എ പ്രസിഡന്റിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ നടപടി സ്വീകരിക്കാത്തത് അനീതിയാണ്. ഹിജാബ് നിരോധനം കാരണം മുസ്ലിം വിദ്യാർത്ഥിനികൾ ടി.സി വാങ്ങി മറ്റ് സ്ഥാപനങ്ങളിൽ അഡ്മിഷൻ എടുക്കേണ്ട സാഹചര്യമാണുള്ളത്. നികുതിപ്പണം ഉപയോഗിച്ച് സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത നീതിനിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും സർക്കാർ നിസ്സംഗത തുടരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ പോയി ഹിജാബ് നിരോധനത്തിനെതിരെ പ്രസംഗിക്കുകയും കേരളത്തിൽ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഹിജാബ് നിരോധനത്തോട് മൗനം പാലിക്കുകയുമാണ്. ഇത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ വിദ്യാർത്ഥികൾക്ക് നിഷേധിക്കുന്നവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്യുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യുന്ന ഇടത് സർക്കാറിന്റെ നയത്തിനെതിരെ ശക്തമായ സമര പരിപാടികൾക്ക് വരും നാളുകളിൽ രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമി സിറ്റി പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം ശിഹാബുദ്ധീൻ ഇബ്നു ഹംസ, എസ്.ഐ.ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അൻവർ കോട്ടപ്പള്ളി, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ഷാഹുൽ കക്കോടി, ജി.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം ഷംന ചേന്ദമംഗല്ലൂർ തുടങ്ങിയവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News