ഹർത്താലിനിടെ കെഎസ്ആർടിസി ബസ് എറിഞ്ഞു തകർത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറും ചില്ലും തകർക്കുകയും ഡ്രൈവറുടെ കണ്ണിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൂടി പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പുന്തല കക്കട പാങ്ങായി മലയിൽ വീട്ടിൽ റമീസ് റസാഖ് (24) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതി കാർത്തികപ്പള്ളി ചെറുതന കൊറ്റംപള്ളിയിലെ സനൂജിനെ (32) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സനൂജിനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ഇരുവരുമായി സംഭവം നടന്ന കെഎസ്ആർടിസി ബസ്‌ സ്റ്റാന്‍ഡിന് സമീപം മാർക്കറ്റ് ജങ്‌ഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഹർത്താൽ ദിവസം രാവിലെ റമീസ് റസാഖ് മങ്ങാരം പള്ളിയിൽ നിന്ന് സുഹൃത്തായ സനൂജിനെയും കൂട്ടി ഇരുവരും ബൈക്കിൽ പന്തളം മാർക്കറ്റ് ജങ്‌ഷനിൽ എത്തി. തുടർന്ന് ഒന്നാംപ്രതി സനൂജ് കെഎസ്ആർടിസി ബസിനു കല്ലെറിയുകയായിരുന്നു.

റമീസ് റസാഖ് സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെത്തി. തെളിവെടുപ്പ് പൂർത്തിയാക്കി ഇരുവരെയും ഞായറാഴ്‌ച(ഒക്‌ടോബര്‍ രണ്ട്) കോടതിയിൽ ഹാജരാക്കും. കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രനാണ് കല്ലേറിൽ ചില്ല് തകർന്ന് വീണ് കണ്ണിന് പരിക്ക് പറ്റിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News