വടക്കഞ്ചേരി ബസ്സപകടം അധികൃതരുടെ അനാസ്ഥ മൂലം; അപകടത്തില്‍ പെട്ടത് കരിമ്പട്ടികയിൽ ഉൾപ്പെട്ട അസുര ബസ്

പാലക്കാട്: എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയിൽ കെഎസ്‌ആർടിസി ബസ്സിലിടിച്ച് മറിഞ്ഞ് 9 പേർ മരിച്ചെന്ന ദാരുണമായ വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. ഇന്നലെ രാത്രി (ഒക്‌ടോബർ 5) 11.30 ഓടെയാണ് കേരളത്തെ നടുക്കിയ അപകടം നടന്നത്. അഞ്ച് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്.

വിദ്യാർഥികളായ എല്‍ന ജോസ് (15), ക്രിസ് വിന്‍റര്‍ ബോൺ തോമസ് (15), ദിയ രാജേഷ് (15), ഇമ്മാനുവൽ (17), അഞ്ജന അജിത് (17), കായിക അദ്ധ്യാപകനായ വിഷ്‌ണു (33) എന്നിവരും, കെഎസ്ആർടിസിയിലെ യാത്രക്കാരായ ദീപു, അനൂപ്, രോഹിത് എന്നിവരുമാണ് അപകടത്തിൽ മരിച്ചത്.

41 വിദ്യാർഥികളും അഞ്ച് അദ്ധ്യാപകരും അടങ്ങുന്ന സംഘമായിരുന്നു ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നത്. അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് മുന്നിലെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെ എസ് ആര്‍ ടി സി കൊട്ടാരക്കര-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റിൽ ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസിൽ ഇടിച്ച ടൂറിസ്റ്റ് ബസ് റോഡരികിലെ ചതുപ്പിലേക്ക് മറിഞ്ഞു. നാട്ടുകാരെത്തിയാണ് ബസ് വെട്ടിപ്പൊളിച്ച് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആ സമയത്ത് പ്രദേശത്ത് ചാറ്റൽമഴ പെയ്തതും അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.

നിരവധി തവണ മോട്ടോർ വാഹന നിയമം ലംഘിച്ചതിന് കരിമ്പട്ടികയിൽ ഉൾപ്പെട്ട അസുര എന്ന ബസാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഒളിവിൽ പോയ ബസ് ഡ്രൈവർ കൊല്ലം സ്വദേശി ജോമോനെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്.

മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനായി അഭിഭാഷകനെ കാണാൻ സുഹൃത്തുക്കളോടൊപ്പം തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ഇയാൾ. അഭിഭാഷകനെ കണ്ട ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇയാൾക്കെതിരെ നിലവിൽ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

വൈകുന്നേരം മൂന്ന് മണിയോടെ അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികളുടെയും അദ്ധ്യാപകന്‍റെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിൽ എത്തിച്ചിരുന്നു. ഹൃദയഭേദകമായ നിമിഷങ്ങൾക്കാണ് ബസേലിയസ് സ്‌കൂൾ സാക്ഷ്യം വഹിച്ചത്. കൂട്ടുകാരുടെയും അദ്ധ്ദ്യാപകന്‍റെയും ചേതനയറ്റ ശരീരങ്ങള്‍ പൊതുദർശനത്തിനായി കൊണ്ടുവന്നപ്പോൾ കണ്ടുനിൽക്കാനാകാതെ ഉറ്റവരും നാട്ടുകാരും പൊട്ടിക്കരഞ്ഞു.

രണ്ട് മണിക്കൂറാണ് വിദ്യാലയത്തിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചത്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, ആന്‍റണി രാജു, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെ നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇന്നലെ വരെ ഓടിക്കളിച്ച വിദ്യാലയ മുറ്റത്ത് നിന്നും വിദ്യാർഥികളുടെ മൃതദേഹങ്ങൾ അഞ്ച് ആംബുലൻസുകളിൽ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി. മതപരമായ ചടങ്ങുകൾക്കുശേഷം വീടുകളിൽ സംസ്‌കാരം നടക്കും.

രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. കൂടാതെ മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.

അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശം ഉന്നയിച്ച കോടതി, അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയത് ആരാണെന്നും ചോദിച്ചു. കോടതി നിരോധിച്ചിട്ടുള്ള ഫ്ലാഷ് ലൈറ്റുകളും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തന്നെയുമല്ല, ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോട് നാളെ കോടതിയിൽ ഹാജരാകാൻ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇന്നു മുതൽ ഒരു വാഹനത്തിലും ഇത്തരം സംവിധാനങ്ങൾ പാടില്ലെന്നും, നിലവിൽ നിരോധിച്ച ഹോണുകളോ ലൈറ്റുകളോ ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Print Friendly, PDF & Email

Leave a Comment

More News