കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -17): ജോണ്‍ ഇളമത

സൃഷ്ടിയുടെ വേദന മൈക്കെലാഞ്ജലോയെ മഥിച്ചു. അഗ്നിപര്‍വ്വതങ്ങളില്‍നിന്ന്‌ ഒലിച്ചിറങ്ങുന്ന ലാവപോലെ മനസ്സ്‌ ഉരുകിത്തിളച്ചു. കര്‍ക്കശനായ പോപ്പ്‌ ജൂലിയസ്സിന്റെ കടുംപിടുത്തമാണ്‌ തന്നെ അങ്ങനെ ഒരു വെട്ടിലാക്കിയത്‌. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്‌. ഒരുപക്ഷേ, ശില്പകലയോടൊപ്പം ചിത്രകലയും ഇരട്ടിയായി തന്നെ പ്രതിഭാധനനാക്കില്ലെന്ന്‌ ആരു കണ്ടു! ഏതാണ്ട്‌ നാലഞ്ചു വര്‍ഷം കഠിനാദ്ധ്വാനം വേണ്ടിവരുന്ന ഒരു ദൌത്യമാണ്‌, അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തിട്ടുള്ളത്‌. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം! അയ്യായിരം അടി വീതി വിസ്താരത്തില്‍ നീണ്ടുനിവര്‍ന്ന മുകള്‍ത്തട്ട്‌. മുന്നുറിലേറെ ചിത്രങ്ങള്‍ വരയ്ക്കുവാനുള്ള സാദ്ധ്യത. അവ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയെ അനശ്വരമാക്കും. മനസ്സിലൂടെ ഒരു വലിയ പദ്ധതിയുടെ ചുരുള്‍ നിവര്‍ന്നു. ജനസ്സീസിന്റെ പുസ്തകം മുതല്‍ തുടങ്ങാം. അവ മുന്നു പ്രധാന മേഖലകളില്‍ വിരാജിക്കണം. മാലാഖാവൃന്ദങ്ങളുടെ നടുവിലൂടെ കൊടുങ്കാറ്റുപോലെ യഹോവായുടെ ആഗമനം. വലിയ ചുഴലിക്കാറ്റ്‌!
സൃഷ്ടി അവിടെ തുടങ്ങുന്നു-ഭുമിയുടെ സൃഷ്ടി.

ഉണ്ടാകട്ടെ! എന്ന്‌ അവിടുന്നു കല്‍പിച്ചു. ഭൂമി രൂപരഹിതവും ശുന്യവുമായിരുന്നു. ആഴത്തിനു മുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു. ആദ്യം വെളിച്ചം ഉണ്ടായി. പിന്നീട്‌ ഇരുളും വെളിച്ചവും വേര്‍തിരിഞ്ഞു. തുടര്‍ന്ന്‌ ആകാശവും അന്തരീക്ഷവും കടലില്‍നിന്നു വേര്‍തിരിഞ്ഞു. ഭൂമിയില്‍ കാടും പുഴകളും വയലുകളും ചതുപ്പുനിലങ്ങളും ഉണ്ടായി. കാട്ടില്‍ ഫലവൃക്ഷങ്ങളും പുല്ലും പൂക്കളും കൊണ്ടു നിറഞ്ഞു. ഫലവൃക്ഷങ്ങളില്‍ മുന്തിരിയും ആപ്പിളും ആത്തയും ചാമ്പയും പേരയും വാഴപ്പഴവും മറ്റനേകം പഴങ്ങളും കൊണ്ടു നിറഞ്ഞു. അവയില്‍ പക്ഷിമൃഗാദികള്‍ സ്വൈരവിഹാരം നടത്തി. ക്രൂരമൃഗങ്ങള്‍ തൊട്ട്‌ ശാന്തമൃഗങ്ങള്‍ വരെ. ഇഴജന്തുക്കള്‍ ഇഴഞ്ഞു നടന്നു. പാമ്പും തേളും പഴുതാരയും വരെ. ആകാശത്തില്‍ പക്ഷികള്‍ ശബ്ദമുണ്ടാക്കി പറന്നു നടന്നു. മൃഗങ്ങള്‍ പുല്ലും കിഴങ്ങുകളും കായ്കളും ഇലകളും പഴങ്ങളും തിന്ന്‌ സംതൃപ്തരായി. അവ പരസ്പരം വേട്ടയാടാതെ ചെങ്ങാതിമാരെപ്പോലെ വര്‍ത്തിച്ചു. പുക്കളില്‍ വണ്ടുകളും തേനീച്ചകളും ചിത്രശലഭങ്ങളും കയറിയിറങ്ങി ഉന്മാദനൃത്തമാടി. പുഴയില്‍ നിറയെ ചെറുതും വലുതും മത്സ്യങ്ങളും മറ്റു ജലജന്തുക്കളും നീന്തിതുടിച്ചു. കടല്‍ത്തിരകളില്‍ ആര്‍ത്തട്ടഹസിച്ചു. തിരകള്‍ക്കു താഴെ കടല്‍ജീവികള്‍ നിര്‍ഭയം നീന്തിത്തുടിച്ചു.

പറുദീസാ! മനോഹരമായി വരയ്ക്കണം. ആരും കണ്ടാല്‍ കൊതിക്കുന്ന അനുഭുതിയോടെ. സൃഷ്ടിയുടെ അടുത്തത്‌, മനുഷ്യസൃഷ്ടി! -യഹോവാ സ്വന്തം ഛായയില്‍ ആദത്തെ സൃഷ്ടിച്ചു. സ്വന്തം കൈവിരല്‍ത്തുമ്പുകൊണ്ട്‌ അവനെ സ്പര്‍ശിച്ചു. നഗ്നനായ ആദം, നഗ്നത എന്തെന്നറിയാതെ ഉണര്‍ന്നു. ഏദന്‍ തോട്ടത്തിലവന്‍ ഏകനായിരുന്നു. വിഷാദം അവനെ വലയം ചെയ്തു. അത്‌ നന്നല്ല എന്ന്‌ യഹോവ കണ്ടു. അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കട്ടെ. യഹോവാ ആദത്തെ ഉറക്കി, ഗാഢമായ നിദ്ര! അവന്റെ വാരിയെല്ലില്‍നിന്ന്‌ സുന്ദരിയായ ഹവ്വായെ സുഷ്ടിച്ചു. നഗ്നയായ തരുണിയായി ഹവ്വ, ആദം ഉണര്‍ന്നപ്പോള്‍ അവന്റെ മുമ്പില്‍ പ്രത്യക്ഷയായി. അവര്‍ കൈകോര്‍ത്ത്‌ ആടി പാടി പറുദീസയില്‍ ഉല്ലസിച്ചു.
എന്നാല്‍, സാത്താന്‍ അവരുടെ സന്തോഷത്തെ ഉടച്ചു കളഞ്ഞു. സര്‍പ്പമായി ഇഴഞ്ഞുവന്ന്‌, ജീവന്റെ മരത്തില്‍ ചുറ്റിക്കയറി, യഹോവ വിലക്കപ്പെട്ടിരുന്ന പഴം അവര്‍ക്കു കൊടുത്തു. അവരെ പ്രലോഭിപ്പിച്ച്‌ തീറ്റിച്ചു. ഉടന്‍ അവര്‍ നഗ്നത എന്തെന്നറിഞ്ഞു. നഗ്നതയും നാണവും പാപവും പശ്ചാത്തപവും അവരെ വേട്ടയാടി. യഹോവയുടെ കല്പന ലംഘിച്ച അവരെ യഹോവയുടെ സൈന്യാധിപനായ മാലാഖ പറുദീസയില്‍ നിന്നടിച്ചു പുറത്താക്കി.

തുടര്‍ന്ന്‌ യഹോവയുടെ ഘനഗംഭീരമായ ശബ്ദം അവര്‍ കേട്ടു:

നിങ്ങള്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചിരിക്കുന്നു. പറുദീസാ നിങ്ങള്‍ക്കു നഷ്ടമായിരിക്കുന്നു. ഹവ്വാ! നീ വേദനയോടെ പ്രസവിച്ച്‌ പെറ്റു പെരുകും, ആദം! നീ നിന്റെ അദ്ധ്വാനത്തിന്റെ വേര്‍പ്പുതുള്ളികള്‍ ചൊരിഞ്ഞ്‌ നിന്റെ സന്തതികളെ പോറ്റും.

ഇതു മനോഹരമായി ബസിലിക്കയുടെ മദ്ധ്യത്തില്‍ വരച്ചിടുമ്പോള്‍ സൃഷ്ടി അവസാനിക്കും. പിന്നെ നോഹ്‌, നോഹിന്റെ ബലി, മഹാമാരി, ജല പ്രളയം, ഡേവിഡും ഗോലിയാത്തും ചുറ്റിലും പന്ത്രണ്ട് അപ്പസ്തോലന്മാര്‍, പ്രവാചകന്മാര്‍, വിശുദ്ധന്മാര്‍ അങ്ങനെ വരച്ചിട്ടാല്‍ അതെത്ര മനോഹരമായിരിക്കും. എന്തായാലും ഫര്‍സ്‌കോ അല്ലെങ്കില്‍ ബസിലിക്കയുടെ മുകള്‍ത്തട്ടിലെ ചുവരൊന്നു പോയി കാണട്ടെ. റാഫേലിന്റെ ചാര്‍ച്ചക്കാരനായ ഡൊണാറ്റാ ബ്രാം‌മാന്‍‌റ്റെ എന്ന വാസ്തുശില്പി മുകള്‍തട്ട്‌ ഒരുക്കിയിട്ടുണ്ടെന്നാണല്ലോ പോപ്പ്‌ ജൂലിയസ്‌ പറഞ്ഞിട്ടുള്ളത്‌. എങ്കിലും ഒന്നു കണ്ടു കാണാതെ ഒരു സമാധാനവുമില്ല.

ബസിലിക്കയുടെ മുകള്‍ത്തട്ടു കണ്ടു. ബ്രാം‌മാന്‍‌റ്റെ കഴിവതും ഭംഗിയായി മിനുസപ്പെടുത്തിയിരിക്കുന്നു. എങ്ങനെ പണി തുടങ്ങണം? മരക്കാലുകള്‍ നാട്ടി പടങ്ങുകെട്ടി മുകളില്‍ കൈയെത്തും പാകത്തില്‍. എന്നാല്‍, എത്രനേരം മുകളിലേക്ക്‌ നോക്കി ചിത്ര രചന നടത്താനാവും? പിടലി കഴയ്ക്കും, വേദനിക്കും. ങാ, മറ്റൊരു മാര്‍ഗ്ഗം ഇടയ്ക്കിടെ കയറുകൊണ്ട്‌ തൂക്കുകട്ടില്‍ കെട്ടി മുകളിലേക്ക്‌ മലര്‍ന്നുകിടന്നും ചിത്രരചന ആകാം. എന്നാല്‍, അതും അത്ര സുരക്ഷിതമല്ല. ചായപ്പാത്രം അബദ്ധത്തില്‍ കൈ തട്ടി മറിഞ്ഞാലുള്ള അവസ്ഥ ദയനീയം തന്നെ. വായിലും മുക്കിലും ചായം വീണാല്‍ കഴുകി കളയാം. കണ്ണാണ്‌ സൂക്ഷിക്കേണ്ടത്‌. കണ്ണില്‍ വീണാല്‍ കാഴ്ചതന്നെ നഷ്ടപ്പെട്ടേക്കാം.

വിശ്വസ്തരായ മുന്നു വിദഗ്ദ്ധരെ മൈക്കിള്‍ തിരഞ്ഞെടുത്തു. ഉര്‍ബിനോ, റാഫലോ, ജിയോവാനി. അവരും ചിത്രരചനയില്‍ പാടവമുള്ള യുവാക്കള്‍ തന്നെ. ഉര്‍ബിനോ ചിത്രപശ്ചാത്തലം വരയ്ക്കാന്‍ മിടുക്കന്‍. റാഫലോ പ്രകാശവും നിഴലും വരയ്ക്കാന്‍ സമര്‍ത്ഥന്‍. ജിയോവാനിയാകട്ടെ ചിത്രങ്ങളെ തൂത്തുതുടച്ച്‌ അറ്റകുറ്റങ്ങള്‍ പൂര്‍ത്തിയാക്കാനും വിദഗ്ദ്ധന്‍.

പടങ്ങുകെട്ടി മുകളില്‍ കൈ എത്തി വരയ്ക്കത്തക്കവിധം ആദ്യം ചുവര്‍ കുമ്മായം പൂശി മിനുക്കി. പിന്നീട്‌ മുകള്‍ത്തട്ട്‌ അളന്നുതിരിച്ച്‌ വരയ്ക്കേണ്ട ചിത്രങ്ങളുടെ രൂപരേഖ പെന്‍സില്‍കൊണ്ട്‌ മൈക്കിള്‍ തയ്യാറാക്കാന്‍ ആരംഭിച്ചു. അള്‍ത്താര മൂന്നായി തിരിച്ചു. ആദ്യത്തെ മുന്ന്‌ ചിത്രങ്ങള്‍. ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടി. തുടര്‍ന്ന്‌ ആദമിന്റെയും ഹവ്വായുടെയും സൃഷ്ടി. അവരെ പറുദീസയില്‍നിന്ന്‌ മാലാഖ നിഷ്കാസനം ചെയ്യുന്നത്‌. മൂന്നാമത്‌ നോഹും സന്തതികളും പേമാരിയും ജലപ്രളയവും.

ആദത്തിന്റെ സൃഷ്ടി അതിമനോഹരവും ഹൃദയത്തില്‍ തട്ടുംവിധവും രൂപരേഖ ഒരുക്കി മൈക്കിള്‍ ആത്മഗതം നടത്തി:

ഓ, ചായങ്ങളില്‍ ഈ രൂപരേഖ അതീവനയനസുഖം തരികതന്നെ ചെയ്യും. സൃഷ്ടിയുടെ ആരും കാണാത്ത ആരും വരച്ചിട്ടില്ലാത്ത അപൂര്‍വ്വ സൌന്ദര്യം! മേഘങ്ങളില്‍ മാലാഖവൃന്ദങ്ങളോടെ കൊടുങ്കാറ്റായി പറന്നുവരുന്ന യഹോവ! യഹോവയുടെ നീണ്ട മുടിയും താടിയും കൊടുങ്കാറ്റില്‍ പറക്കുന്നു. നീട്ടിപ്പിടിച്ച യഹോവയുടെ കരങ്ങളെ, നഗ്നനായ ആദത്തിന്റെ നീട്ടിയ കരങ്ങളെ സ്പര്‍ശിക്കാനുള്ള സൃഷ്ടിയുടെ ആവേശത്തിന്റെ ഒഴുക്ക്‌. മുട്ടി മുട്ടി ഇല്ല എന്ന നിലയില്‍. അത്‌ സൃഷ്ടിയെ അതിമനോഹരമാക്കട്ടെ. പിന്നീട്‌ വീഞ്ഞു കുടിച്ചു മത്തനായ നോഹ്‌ വിവസ്ത്രനായി ഗാഡനിദ്രയിലിരിക്കുന്നു. അടുത്ത്‌ പുത്രനായ ഹാം പിതാവിന്റെ നഗ്നത കണ്ട്‌ പരിഹസിക്കുന്നു. എന്നാലോ മറ്റു രണ്ടു പുത്രന്മാരായ ഷേമും യാഫത്തും പിതാവിനെ നഗ്നത കാണാത്തവിധം തലതിരിഞ്ഞ്‌ നിന്ന്‌ പിതാവിന്റെ നഗ്നത മറയ്ക്കുന്നു. തുടര്‍ന്ന്‌ പേമാരി, ജലപ്രളയം!

അങ്ങനെ രൂപരേഖകള്‍ തയ്യാറാക്കി. ഇനി ചായം തേച്ചുപിടിപ്പിച്ച്‌ മിനുക്കി ചിത്രങ്ങള്‍ വരയ്ക്കണം. മിശ്രിതം ഉണങ്ങും മുമ്പ്‌ ചിത്രരചന ആരംഭിച്ചു. ഉത്സാഹത്തോടെ ശ്രമകരമായ ജോലി. മുകളിലേക്ക്‌ സദാ മുഖമുയര്‍ത്തി നില്‍ക്കുക വല്ലാത്തൊരനുഭവം തന്നെ. എന്നാല്‍, ചിത്രം നന്നാകുകയും വേണം. സമയമെടുത്തു വരയ്ക്കുമ്പോള്‍ മിശ്രിതം ഉണങ്ങി കട്ട പിടിക്കുന്നു. അത്‌ പിന്നെ ഇരട്ടിപ്പണി തന്നെ. തുത്തുതുടച്ച്‌ മിനുക്കി പണി പുനരാരംഭിക്കണം. സമയം പിന്നെയും എടുക്കും. വേണ്ടത്ര ക്ഷമ വേണം. പിടലി കഴച്ചു, നട്ടെല്ല്‌ വേദനിച്ചു. ഒരേ നില്പിലുള്ള പണിയില്‍ പെരുവിരല്‍ മുതല്‍ തരിച്ചു കയറി. അപ്പോള്‍ മൈക്കെലാഞ്ജലോ മനസ്സില്‍ ജൂലിയസ്‌ പാപ്പയെ ശപിച്ചു:

അറുപതു കഴിഞ്ഞ പരട്ട കിളവന്‍! അങ്ങേരുടെ ഒരാഗ്രഹം! സ്വന്തം അങ്കിള്‍ പോപ്പ്‌ സിക്റ്റുസ്‌ നാലാമാനാണ്‌ സെന്റ്‌ പീറ്റേര്‍സ്‌ ബസിലിക്ക പണിയിച്ചത്‌. പണി തീര്‍ന്നപ്പോള്‍ സിക്റ്റുസ്‌ ലോപിച്ച്‌ സെസ്സ്റ്റീന്‍ ചാപ്പല്‍ എന്നദ്ദേഹം നാമകരണം ചെയ്തു. സ്വന്തം കുടുംബ മഹത്വത്തിനു വേണ്ടി. അന്ന്‌ ചെറുപ്പമായിരുന്ന ഡോണാറ്റോ ബ്രാം‌മാന്‍‌റ്റേ എന്ന വാസ്തു ശില്പി ആണ്‌ അത്‌ രൂപകല്‍പന ചെയ്തത്‌. ഇന്നും ബ്രാം‌മാന്‍‌റ്റേ അറുപതു കഴിഞ്ഞ്‌ വൃദ്ധനായിട്ടും ജൂലിയസ്‌ അദ്ദേഹത്തെ തന്നെയാണ്‌ വത്തിക്കാനിലെ പ്രധാന ആര്‍ക്കിടെക്ടായി നിയമിച്ചിട്ടുള്ളത്‌. നല്ല കാര്യം തന്നെ. എന്നാല്‍, കാലാകാലങ്ങളില്‍ വരുന്ന പോപ്പുമാര്‍ക്ക്‌ അവരുടെ മഹത്വം വിളംബരം ചെയ്യണം. അതിന്‌ എന്നെപ്പോലുള്ള ശില്പികളുടെ നടുവൊടിക്കുന്നതെന്തിന്‌? ഒന്നാം തരം ചിത്രകാരന്മാര്‍ വേറെ ഉണ്ട്‌. റാഫേല്‍, ലിയനാര്‍ഡോ ഡാവിന്‍ചി, റ്റിറ്റന്‍, പിയറ്റ്ദ്രോ പെര്‍ഗുനോ തുടങ്ങിയവര്‍. അപ്പോള്‍ അതുപോരാ അങ്ങേര്‍ക്ക്‌, എന്റെ നടുവും പെടലിയും തന്നെ ഒടിക്കണം. അഹംഭാവിയായ കെളവന്‍ പോപ്പ്‌!

അങ്ങേരുടെ മുമ്പിലോട്ട്‌ ഓടിച്ചെന്ന്‌ പറഞ്ഞാലോ, എനിക്കീ പണി പറ്റില്ല. താന്‍ വേറെ വല്ലോരേം അന്വേഷിക്കണമെന്ന്‌. ശരിയാ, ഇപ്പം തന്നെ പറയണം. പറഞ്ഞില്ലേ, ഈ പണി പൂര്‍ത്തിയാക്കാനാകാതെ നാണക്കേടാകും. പിന്നെ റോമില്‍ നില്‍ക്കാനാവില്ല. എങ്ങോട്ടെങ്കിലും ഒളിച്ചോടേണ്ടിവരും.

ബ്രഷും ചായവും വലിച്ചെറിഞ്ഞ്‌ പോപ്പിന്റെ മുമ്പേലേക്കോടി. വെള്ളി സിംഹാസനത്തില്‍ പോപ്പ്‌ എഴുന്നള്ളിയിരിക്കുന്നു. ചുറ്റിലും കര്‍ദിനാളന്മാര്‍, ബിഷപ്പുമാര്‍, ഉന്നത പുരോഹിതര്‍, ഓച്ഛാനിച്ചു നില്‍ക്കുന്ന പ്രഭു പ്രമാണികള്‍! എന്തൊക്കെയോ നിര്‍മ്മാണങ്ങളെപ്പറ്റിയുള്ള തിരക്കിട്ട ആലോചനയിലാണ്‌. രംഗം കണ്ടപ്പോഴേ മൈക്കെലാഞ്ജലോയുടെ ആവേശം തണുത്തു. കൊടുങ്കാറ്റു പോലെ വന്നതാണ്‌.

മൈക്കെലാഞ്ജലോയുടെ മുഖം വായിച്ചിട്ടെന്നപോലെ വായ്‌ അടപ്പിക്കാന്‍ പോപ്പ്‌ ജൂലിയസ്‌ തിരുമനസ്സ്‌ ഒരു തന്ത്രമെടുത്തു. അടുത്തു നിന്ന പ്രൈവറ്റ്‌ സെക്രട്ടറിയായ കര്‍ദിനാളിനോട്‌ പറഞ്ഞു:

ഇതാണ്‌ അതിപ്രശസ്തനായ യുവശില്‍പി മൈക്കെലാഞ്ജലോ. വേണമെങ്കില്‍ സെസ്റ്റീന്‍ ചാപ്പലില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ എത്രയോ അതിപ്രശസ്തരായ ചിത്രകാരന്മാര്‍ നമുക്കുണ്ട്‌. പക്ഷേ, അവരെ ഒന്നും ഞാന്‍ ക്ഷണിച്ചില്ല. അവരുടെ ചിത്രങ്ങള്‍ വെറും ചിത്രങ്ങളാണ്‌. എന്നാല്‍, സംപൂര്‍ണ്ണമായ ജീവനുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ കെല്പുള്ള ഒരേ ഒരു പ്രതിഭയെ മാത്രമേ ദൈവം നമുക്ക്‌ തന്നിട്ടുള്ളൂ. അത്‌ മൈക്കെലാഞ്ജലോ മാത്രമാണ്‌.

മൈക്കിള്‍ ശബ്ദമിടറി പറഞ്ഞു:

പിതാവേ, എനിക്കീ ജോലി വയ്യ. ഞാനൊരു ശില്പിയാണ്‌. ഒരു ചിത്രകാരനല്ല!

അത്‌ സ്വയം തീരുമാനിക്കുന്നതുതന്നെ അബദ്ധം. മറ്റുള്ളവര്‍ക്കല്ലേ അപരനെപ്പറ്റി വിധിയെഴുതാനാകൂ? തീര്‍ച്ചയായും ഈ പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ ശില്പകലയോടൊപ്പം ചിത്രരചനയുടെ മറ്റൊരു പൊന്‍തൂവല്‍ കൂടി നിന്റെ തൊപ്പിയെ അലങ്കരിക്കും. അതുകൊണ്ട്‌ ഒന്നും പറയേണ്ട, ഏര്‍പ്പെട്ടിട്ടുള്ള ജോലി ആത്മാര്‍ത്ഥമായി വേഗം ചെയ്തു തീര്‍ക്കുക.

മൈക്കെലാഞ്ജലോ നിരാശനായി മടങ്ങി. കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട്‌ തുപ്പാനും വയ്യ. പോപ്പു പറയുന്നത്‌ ശരിയായിരിക്കാം. പ്രശസ്തിയുടെ മറ്റൊരു പൊന്‍തുവല്‍കൂടി. ശരിയാണ്‌. ചിത്രരചനയില്‍ തന്നേക്കാള്‍ പത്തു വയസ്സിന്‌ മൂപ്പെത്തിയ ലിയനാര്‍ഡോ ഡാവിന്‍ചി തന്നെയാണ്‌ അജയ്യനായി തലയുയര്‍ത്തി നില്‍ക്കുന്നത്‌. മോണോലിസയും ഒടുവിലത്തെ അത്താഴവും വരച്ച്‌ ചിത്രരചനയുടെ കൊടുമുടി കീഴടക്കി വിജയശ്രീലാളിതനായി വിരാജിക്കുന്നു. ആ അഹങ്കാരം ഡാവിന്‍ചിയുടെ വാക്കിലും, പെരുമാറ്റത്തിലും എവിടെയും ദൃശ്യമാണ്‌. ചിലപ്പോഴൊക്കെ പ്രശസ്തരുടെ സദസ്സില്‍ കണ്ടുമുട്ടുമ്പോള്‍ ഡാവിന്‍ചിയുടെ ഒരുതരം തരംതാണ വര്‍ത്തമാനങ്ങള്‍ ചിലപ്പോഴൊക്കെ തന്നെ ചൊടിപ്പിച്ചിട്ടുണ്ട്‌.

ഒരിക്കല്‍ റോമില്‍ കൂടിയ ചിത്രകാരന്മാരുടെയും ശില്‍പ്പികളുടെയും വേദിയില്‍ അദ്ദേഹം പരസ്യമായി ഒരു വാദമുന്നയിച്ചു. ചിത്രകലയോ, ശില്പകലയോ മെച്ചപ്പെട്ടതെന്ന്‌! എന്നിട്ട്‌ അദ്ദേഹം വെല്ലുവിളിച്ചു. ഇന്ന്‌ ലോകത്ത്‌ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരന്‍ താനെന്ന്‌. അതിന്നുദാഹരണമായി നിരത്തിയത്‌ മോണോലിസായും അവസാനത്തെ അത്താഴവുമാണ്‌. ശരിയായിരിക്കാം. മോണോലിസയുടെ അത്യപൂര്‍വ്വമായ മന്ദഹാസം ആരെയും കോള്‍മയിര്‍കൊള്ളിക്കാം. ഒടുവിലത്തെ അത്താഴത്തിലെ യേശുവും പ്രന്തണ്ടു ശിഷ്യന്മാരും അതിന്റെ വരയിലും ഭാവപകര്‍ച്ചയിലും ശ്രേഷ്ഠംതന്നെ! എന്നാലൊടുവില്‍ അത്യുന്നതനായ ആ കലാകാരന്‍ ഒരു യുവശിലപിയുടെ ചോദ്യത്തെ തരംതാഴ്ത്തി കളഞ്ഞു.

ചോദ്യമിതായിരുന്നു:

ചിത്രരചനയേക്കാള്‍ ശില്പരചനയല്ലേ ഇന്ന്‌ പുതിയ യുഗത്തില്‍ ഏറെ മനുഷ്യര്‍ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതും അല്ലേ?

ലിയനാര്‍ഡോ ഡാവിന്‍ചി പൊട്ടിച്ചിരിച്ചിട്ട്‌ പരിഹാസരൂപത്തില്‍ പറഞ്ഞു;

ഏതു കല്ലുവെട്ടുകാരനും ഏറെ പരിശീലനം കൊണ്ട്‌ ഒരു ശില്പിയാകാം. എന്നാല്‍, ഒരുവന്‍ ചിത്രകാരനാകുന്നത്‌ അവന്റെ മനസ്സില്‍ ദൈവം ജനിക്കുന്നതുകൊണ്ടാണ്‌.

ആ പരിഹാസം ഉള്ളില്‍ തറച്ചു മൈക്കെലാഞ്ജലോ, മനസ്സില്‍ അന്നു വരച്ചിട്ടതാണ്‌ അഹങ്കാരിയായ ഡാവിന്‍ചിയുടെ ഒന്നാം സ്ഥാനത്തുനിന്നുള്ള വീഴ്ച സമീപഭാവിയില്‍ത്തന്നെയെന്ന്‌!

(തുടരും….. )

Print Friendly, PDF & Email

Leave a Comment

More News