ശശി തരൂര്‍ വിജയിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആസന്നമായിരിക്കുന്ന വാശിയേറിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ചൂടുപിക്കുമ്പോൾ ഇലക്ഷന് മുമ്പുതന്നെ ശശി തരൂർ വിജയിച്ചതായി കണക്കാക്കാം. മത്സരം നടക്കുന്നത് അദ്ധ്യക്ഷ സ്‌ഥാനത്തേക്കാണ്‌. വോട്ടെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെടുവാനുള്ള മത്സരത്തിൽ അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും മറ്റു പല കാര്യങ്ങളിലും തരൂർ വിജയിച്ചു നിൽക്കുകയാണ്.

22 വർഷത്തിന് ശേഷം നടക്കുന്ന എ.ഐ.സി.സി. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി ആയതു മൂലം ഈ മത്സരം വാശിയേറിയ ഒന്നാക്കാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

അധികാരത്തിന്റെ മതിഭ്രമത്തിൽ ദുർമ്മേദസ്സ് ബാധിച്ച കുറേ പുഴുക്കുത്തു നേതാക്കന്മാരുടെ തനിനിറം പൊതുമദ്ധ്യത്തിൽ തുറന്നു കാണിക്കുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഓരോ വർഷവും താഴോട്ട് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പാർട്ടിക്ക് അല്പം ഉണർവേകാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

കോൺഗ്രസ്സിനെ സ്നേഹിക്കുന്നവരുടെ ഇടയിൽ ഒരു തരംഗമായി മാറുവാൻ സാധിച്ചതിൽ ശശി തരൂർ വിജയിച്ചു.

ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഒരു അന്തർദേശീയ ചർച്ചാ വിഷയമാക്കുന്നതിൽ തരൂർ വിജയിച്ചു.

കോൺഗ്രസ്സ് പാർട്ടിയോട് താല്പര്യമുള്ള യുവജനങ്ങൾക്ക്‌ ഊർജ്ജം പകരുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

ജനാധിപത്യപരമാണ് ഈ തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചെങ്കിലും രഹസ്യ ബാലറ്റുകളുടെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുവാനുള്ള നിർദ്ദേശം കൊണ്ടുവരുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

ഗ്രൂപ്പ് അടിസ്‌ഥാനത്തിലും ഗോഡ് ഫാദർ സമ്പ്രദായത്തിലും വോട്ടർ പട്ടികയിൽ കടന്നു കൂടിയ സംഘടനാ വോട്ടർമാർക്ക് അവർ ആർക്കു വോട്ട് ചെയ്തു എന്ന് മുതിർന്ന നേതാക്കന്മാർക്ക് മനസ്സിലാക്കാൻ സാധിക്കാത്തവിധം എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റ് പേപ്പറുകൾ ഷഫിൾ ചെയ്ത് എണ്ണണം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയെക്കൊണ്ട് തീരുമാനം എടുപ്പിക്കുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

വോട്ടർമാരുടെ പട്ടികയിൽ മേൽവിലാസമോ ഫോൺ നമ്പറോ പോലും ഇല്ലാത്ത മൂവായിരത്തിലധികം ആളുകളുടെ പേരുകൾ ഉണ്ട് എന്ന നഗ്ന സത്യം പൊതുജനങ്ങൾക്കും മനസ്സിലാക്കുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

വിശ്വപൗരൻ എന്ന വിശേഷണം ഉള്ള ശശി തരൂരിന്റെ പ്രാഗൽഭ്യത്തെയും സ്വാധീനത്തെയും പ്രവർത്തിപരിചയത്തെയും സാധാരണക്കാർക്ക് പോലും കൂടുതൽ മനസ്സിലാക്കുവാൻ ഇടയാക്കിയതിൽ തരൂർ വിജയിച്ചു.

കോൺഗ്രസ്സ് പാർട്ടിയിൽ മാറ്റം കൊണ്ടുവരണമെന്നും വികേന്ദ്രീകരണം വേണമെന്നും എല്ലാവർക്കും ചിന്തിക്കുവാനുള്ള സാഹചര്യം ഒരുക്കിയതിൽ തരൂർ വിജയിച്ചു.

സാധാരണ ജനങ്ങളുടെ മനസ്സിനുള്ളിൽ സ്ഥാനം പിടിക്കുവാൻ സാധിച്ചതിൽ തരൂർ വിജയിച്ചു.

ഹൈക്കമാൻഡിന്റെ ആജ്ഞാനുവർത്തികളും പെട്ടിതാങ്ങികളുമായ തലമൂത്ത നേതാക്കളുടെ മനസ്സിൽ അൽപ്പം ഭയം ഉടലെടുപ്പിക്കുവാൻ സാധിച്ചതിൽ ശശി തരൂർ വിജയിച്ചു.

അങ്ങനെ തൊണ്ണൂറു ശതമാനം കാര്യങ്ങളിലും ശശി തരൂർ വിജയിച്ചു നിൽക്കുകയാണ്.

ഇനി തരൂരിന് വോട്ടു ചെയ്യണോ വേണ്ടയോ എന്ന് ചഞ്ചലപ്പെട്ടു നിൽക്കുന്നവരും വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുള്ളവരുമായ കോൺഗ്രസ്സ് പ്രവർത്തകരേ, നിങ്ങൾ ധൈര്യമായി 17 ന് തരൂരിന് നിങ്ങളുടെ മനഃസ്സാക്ഷി വോട്ടു രേഖപ്പെടുത്തിയാൽ അന്ത്യശ്വാസം വലിക്കുന്ന ഈ പാർട്ടിയെ മരണക്കിടക്കയിൽ നിന്നും എഴുന്നേൽപ്പിക്കാം.

നിങ്ങൾ ആർക്ക് വോട്ട് ചെയ്തു എന്ന് ആർക്കും മനസ്സിലാകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഭയപ്പെടാതെ ധൈര്യമായി ശശി തരൂരിന് വോട്ടു രേഖപ്പെടുത്തിയാൽ മാത്രം മതി, തരൂരിന് നൂറു ശതമാനം വിജയം സുനിശ്ചിതം.

Print Friendly, PDF & Email

2 Thoughts to “ശശി തരൂര്‍ വിജയിച്ചു”

  1. ജെറിന്‍ ജോസഫ്

    അന്ത്യശ്വാസം വലിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരു 80 വയസ്സുകാരന്‍ എങ്ങനെ രക്ഷിക്കുമെന്ന് ആലോചിച്ചിട്ടു യാതൊരു എത്തും പിടിയും കിട്ടുന്നില്ല. കോണ്‍ഗ്രസുകാര്‍ (നേതൃത്വം) മരമണ്ടന്മാരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഖാര്‍ഗെയെ പിന്താങ്ങുന്നതിലൂടെ. പ്രായമാണ് കോണ്‍ഗ്രസ് പ്രസിഡന്റാകാനുള്ള മാനദണ്ഡമെങ്കില്‍ ഖാര്‍ഗേയ്ക്ക് വോട്ടു ചെയ്യണം. അതല്ല, കോണ്‍ഗ്രസിന് ഊര്‍ജ്ജവും ഊഷ്മാവും കൊടുത്ത് രക്ഷപ്പെടുത്താനാണെങ്കില്‍ ശശി തരൂര്‍ തന്നെ ഉത്തമന്‍.

  2. റോയ് ഫിലിപ്പ്

    ശശി തരൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെത്തിയാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നില പരുങ്ങലിലാകുമെന്ന തിരിച്ചറിവാണ് അവര്‍ അദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണം. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന ശൈലിയാണല്ലോ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടേത്…. തീര്‍ച്ചയായും അവരെയൊക്കെ ശശി തരൂര്‍ ഒരു മൂലയ്ക്കിരുത്തുമെന്നതില്‍ സംശയമില്ല…. ശശി തരൂര്‍ കി ജയ്…..

Leave a Comment

More News