ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വെച്ചു; പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവിനെതിരെ പ്രതികാര നടപടിയുമായി മെഡിക്കല്‍ കോളേജ്

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രികയുടെ ആകൃതിയിലുള്ള ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികാര നടപടിയുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. ഡോക്ടർമാരുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തിയതിന് യുവതിയുടെ ഭർത്താവിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകി. തെറ്റ് പറ്റിയെന്ന് ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോയിലാണ് നടപടി.

അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രികയുടെ രൂപത്തിലുള്ള ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയത് മറ്റേതെങ്കിലും ആശുപത്രിയില്‍ സംഭവിച്ചതാകാം എന്നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതരുടെ പ്രാഥമിക വിശദീകരണം. ഈ വാദം പൊളിച്ചെഴുതുന്ന വീഡിയോ പിന്നീട് പുറത്തുവന്നതോടെ ആശുപത്രി അധികൃതർ പ്രതിരോധത്തിലായി. ഇതിനിടെയിലാണ് യുവതിയുടെ ഭർത്താവ് അഷ്‌റഫിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്.

ഇന്ന് വൈകിട്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി അഷ്‌റഫ് പറഞ്ഞു. അനുമതിയില്ലാതെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് കാട്ടി മെഡിക്കൽ കോളജ് മദർ ആൻഡ് ചൈൽഡ് കെയർ സെന്ററിലെ ഡോക്ടർമാർ സൂപ്രണ്ടിന് പരാതി നൽകുകയും സൂപ്രണ്ട് ആ പരാതി പോലീസിന് കൈമാറുകയുമായിരുന്നു.

അനുവാദമില്ലാതെ വനിത ഡോക്‌ടര്‍മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനാല്‍ പരാതി നല്‍കുകയായിരുന്നവെന്ന വിശദീകരണമാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കുന്നത്. യുവതി നല്‍കിയ പരാതിയില്‍ ആരോഗ്യ വകുപ്പിന്‍റെ അന്വേഷണം തുടരുകയാണ്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. എന്ത് സംഭവിച്ചാലും പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യുവതിയുടേയും കുടുംബത്തിന്‍റെയും തീരുമാനം.

മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്‌സാണ് ഈ യുവതിയുടെ വയറ്റിൽ കുടുങ്ങിയ ഉപകരണം. അഞ്ച് വർഷമാണ് യുവതി മൂത്ര സഞ്ചിയിൽ തറച്ച് നിന്ന മെഡിക്കൽ ഉപകരണവുമായി വേദന തിന്നത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് മൂത്രസഞ്ചിയിൽ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നിൽക്കുന്നത് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.

Leave a Comment

More News